അന്ധവിശ്വാസങ്ങളുടെ ഉറവിടവും കേന്ദ്രവുമായാണ് ആഫ്രിക്ക അറിയപ്പെടുന്നത്. അവരുടെയിടയില്‍ നിലനില്‍ക്കുന്ന ചില പ്രാകൃത സംസ്‌കാരങ്ങള്‍ ഏവരിലും ഞെട്ടലും അത്ഭുതവും ഉളവാക്കുന്നതാണ്. അന്ധവിശ്വാസങ്ങളുടെ കേന്ദ്രമായ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലെ പ്രാകൃത സംസ്‌ക്കാരങ്ങള്‍ വിചിത്രമാണ്. മരിച്ചുപോയ കഴിഞ്ഞതലമുറയിലെ ആളുകളുടെ ആത്മാക്കള്‍ മക്കളെയും മരുമക്കളെയും കാണാന്‍ വരാറുണ്ട് എന്ന വിശ്വാസം പുലര്‍ത്തുന്ന ബെനിനിലെ ഗ്രാമീണര്‍ക്കിടയില്‍ എഗണ്‍ഗണ്‍ എന്ന സമൂഹത്തെ ജീവിച്ചിരിക്കുന്ന പ്രേതങ്ങളായിട്ടാണ് ആള്‍ക്കാര്‍ കരുതിവരുന്നത്. അപ്പനമ്മമാരുടെ ആത്മാക്കള്‍ ഇവരിലൂടെ സംസാരിക്കാറുണ്ടെന്നും ഇവര്‍ തൊട്ടാല്‍ തൊടുന്നവര്‍ മരിക്കുമെന്നും ഗ്രാമീണര്‍ വിശ്വസിക്കുന്നു. എഗുണ്‍ഗണ്‍ ബെനിനിലെ രഹസ്യ സമൂഹമാണിവര്‍.
ആളെ മനസ്സിലാക്കാതിരിക്കാന്‍ അനേകം വര്‍ണ്ണങ്ങളിലൂള്ള വലിയ കുപ്പായം അണിഞ്ഞും മുഖവും കൈവിരലുകളും പുര്‍ണ്ണമായും മൂടുന്ന വിധത്തില്‍ കയ്യുറയും ധരിച്ചാണ് ഇവര്‍ നാട്ടുകാര്‍ക്കിടയിലേക്ക് എത്തുക. അതുകൊണ്ട് തന്നെ ഇവരുടെ ശാപമേല്‍ക്കാതിരിക്കാനും ഇവരുടെ സ്പര്‍ശനമേല്‍ക്കാതിരിക്കാനും ഗ്രാമീണരും ഇവര്‍ക്കൊപ്പമുള്ള സംരക്ഷകരും കരുതല്‍ എടുക്കും. ആചാരങ്ങളുടെ ഭാഗമായി മരിച്ചവര്‍ക്കുള്ള ആഘോഷങ്ങള്‍ക്ക് പുറമേ ഗ്രാമത്തിലുള്ളവര്‍ തമ്മില്‍ തര്‍ക്കവും കലഹവും മുറുകുമ്പോഴും ഇവര്‍ ഗ്രാമത്തിലെത്തും. ചെണ്ടമേളത്തോടെയായിരിക്കും ഇവര്‍ നാട്ടിലേക്ക് വരിക. വാദ്യം മുറുകുമ്പോള്‍ ഇവര്‍ ഉറഞ്ഞുതുള്ളും. വളരെ ഉച്ചസ്ഥായിയിലും വിചിത്ര ശബ്ദത്തിലും ഗ്രാമീണര്‍ക്ക് മനസ്സിലാകാത്ത ഭാഷയിലും ഇവര്‍ സംസാരിച്ചു തുടങ്ങും. തങ്ങളുടെ പൂര്‍വ്വികരുടെ ആത്മാവ് ഇവരിലൂടെ വരുമെന്ന് വിശ്വസിക്കുന്ന ഗ്രാമീണര്‍ ഇവര്‍ കല്‍പ്പിക്കുന്ന തീര്‍പ്പ് അംഗീകരിക്കുകയും ചെയ്യും. ബെനിനിലെ യോറുബ ഗോത്ര വര്‍ഗ്ഗക്കാരാണ് ഈ വിശ്വാസം പുലര്‍ത്തുക.
മരിച്ചുപോയ മാതാപിതാക്കള്‍ക്ക് വേണ്ടി എഗുണ്‍ഗണ്‍ ആള്‍ക്കാരെ വിളിച്ച് ആഘോഷം നടത്താറുണ്ട്. മഴയില്ലാത്ത നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്താണ് ഇവരുടെ ആഘോഷം പ്രധാനമായും നടക്കുക. പുതിയ തലമുറയില്‍ ഗോത്ര പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും മഴയും വേനലും പോലെ പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിടുന്ന പ്രതിസന്ധികള്‍ വരുമ്പോഴും ഇവര്‍ നാട്ടിലെത്തും. എന്തു കാര്യത്തിലും അവസാന വാക്ക് ഇവരുടേതായിരിക്കും. ദൈവത്തില്‍ നിന്നുള്ള ഉപദേശമായിട്ടാണ് ഇതിനെ ഇവര്‍ കാണുക. തൊടുന്നത് അപകടമായതിനാല്‍ ഇവര്‍ക്കൊപ്പം ആള്‍ക്കാരെ വിരട്ടിയോടിക്കാന്‍ നീളമുള്ള ഒരു വടി ഏന്തിയ ഒരു സഹായി കൂടി ഉണ്ടാകും. കഴിഞ്ഞ തലമുറ നിലനിര്‍ത്തിയ മൂല്യങ്ങളെല്ലാം തുടരുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇവരുടെ വരവിന്റെ ലക്ഷ്യം. ആഘോഷങ്ങളിലും മറ്റ് പ്രധാന ചടങ്ങുകളിലുമെല്ലാം ഇവര്‍ സജീവസാന്നിധ്യമാണ്. പരമ്പരാഗത ആഘോഷങ്ങള്‍ക്കായി എഗുണ്‍ഗണ്‍ എത്തുമ്പോള്‍ തന്നെ ഗ്രാമീണര്‍ പാട്ടുപാടുകയും നൃത്തം ചെയ്യുകയുമൊക്കെ ചെയ്യാറുണ്ട്. വലിയ വിശ്വാസത്തോടെയാണ് ഇന്നാട്ടിലെ ജനങ്ങള്‍ ഈ ഗണത്തെ കണ്ടുവരുന്നത്. ആഫ്രിക്കയിലെ അനേക അന്ധവിശ്വാസങ്ങളില്‍ ഒന്നാണ് ഇതെന്നത് മറ്റൊരു പ്രത്യേകത.