കാൺപുർ: അവസാന ഓവർവരെ ആവേശകരമായ മത്സരത്തിൽ ഗുജറാത്ത് ലയൺസിനെ ഡൽഹി ഡെയർഡെവിൾസ് പരാജയപ്പെടുത്തി. ശ്രേയസ് അയ്യരുടെ (96) ഉജ്വല ബാറ്റിംഗാണ് ഡൽഹിക്ക് രണ്ടു വിക്കറ്റ് ജയമൊരുക്കിയത്. അയ്യരുടെ ബലത്തിൽ ഗുജറാത്തിന്റെ 196 റൺസ് വിജയലക്ഷ്യം ഡൽഹി രണ്ടു പന്തുകൾ ബാക്കിനിൽക്കെ മറികടന്നു.
അവസാന ഓവറിൽ ഡൽഹിക്ക് ജയിക്കാൻ ഒമ്പതു റൺസ് വേണ്ടപ്പോൾ ശ്രേയസ് അയ്യരുടെ വിക്കറ്റ് വീഴ്ത്തി മലയാളി താരം ബേസിൽ തമ്പി ഗുജറാത്തിന് പ്രതീക്ഷ നൽകിയതാണ്. എന്നാൽ ഒമ്പതാമനായെത്തിയ അമിത് മിശ്ര ഗുജറാത്ത് പ്രതീക്ഷകളെ തല്ലിക്കെടുത്തി ഡൽഹിയെ വിജയത്തിലെത്തിച്ചു. ബേസിലിനെ തുടർച്ചയായി രണ്ടുതവണ ബൗണ്ടറിയിലേക്ക് പായിച്ചാണ് മിശ്ര ഡൽഹിയുടെ വിജയമൊരുക്കിയത്.
വിക്കറ്റുകൾ നിലംപൊത്തുമൊമ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന് പൊരുതിയ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ യഥാർഥ ഹീറോ. സഞ്ജു സാംസണനും (10) ഋഷഭ് പന്തും (4) വേഗം മടങ്ങിയപ്പോൾ കരുൺ നായരും (30) അയ്യരുമാണ് പോരാട്ടത്തിനു തുടക്കമിട്ടത്. കരുൺ പുറത്തായ ശേഷം ഒരറ്റത്ത് തുടർച്ചയായി വിക്കറ്റ് കൊഴിയുകയായിരുന്നു. എന്നാൽ അസാമാന്യ പോരാട്ട വീര്യം പ്രകടിപ്പിച്ച ശ്രേയസ് ക്രീസിൽ നിലയുറപ്പിച്ചു.
57 പന്ത് നേരിട്ട ശ്രേയസ് രണ്ടു തവണമാത്രമാണ് പന്തിനെ വേലിക്കെട്ടിനു പുറത്തേക്ക് പറത്തിയത്. എന്നാൽ ശ്രേയസിന്റെ ബാറ്റിൽനിന്നും 15 ബൗണ്ടറികൾ പിറന്നു. അവസാന ഓവറുകളിൽ പാറ്റ് കുമ്മിൻസ് (24) നടത്തിയ ചെറുവെടിക്കെട്ടും ഡൽഹി വിജയത്തിൽ നിർണായകമായി.
കുമ്മിൻസ് 19 ാം ഓവറിൽ പുറത്താകുമ്പോൾ ഡൽഹി ഏതാണ്ടി വിജയം ഉറപ്പിച്ചിരുന്നു. അവസാന ഓവറിൽ ബേസിൽ തമ്പി ശ്രേയസിനെ പുറത്താക്കിയതോടെ മത്സരം മുറുകി. എന്നാൽ അമിത് മിശ്രയുടെ ബാറ്റ് ഗുജറാത്തിനെ നിശബ്ദമാക്കി.
നേരത്തെ ആരോൺ ഫിഞ്ചിന്റെയും (69) ദിനേഷ് കാർത്തിക്കിന്റെയും മികച്ച കൂട്ടുകെട്ടാണ് ഗുജറാത്തിന് വലിയ സ്കോർ നൽകിയത്. ഓപ്പണർ സ്മിത്തിനെയും (8) മൂന്നാമനായെത്തിയ ക്യാപ്റ്റൻ റെയ്നയേയും (6) നഷ്ടപ്പെട്ടിട്ടും ഓപ്പണർ ഇഷാൻ കിഷനും (34) ഫിഞ്ചും കാർത്തിക്കും ഗുജറാത്തിന് മികച്ച സ്കോർ നൽകുകയായിരുന്നു.