ആലപ്പുഴ: നഗരത്തിൽ ജനറൽ ആശുപത്രി ജംഗഷന് കിഴക്കുവശത്തുള്ള വീട്ടിലെ മോഷണശ്രമവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. ആലപ്പുഴ നഗരസഭ മുല്ലാത്ത് വളപ്പ് വാർഡ് സ്വദേശി രാഹുൽ, താനാകുളങ്ങര സ്വദേശി രതീഷ് എന്നിവരെയാണ് സൗത്ത് എസ്ഐ എം.കെ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
എ.എൻ.പുരം വാർഡ് ശ്രീകരം മഠത്തിൽ വെങ്കിടേഷിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് മോഷണശ്രമം നടന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഗൃഹനാഥൻ ബഹളമുണ്ടാക്കിയതോടെ പ്രഭാത സവാരിക്കിറങ്ങിയവരും വീട്ടുകാരുമെത്തുകയും മോഷണം നടത്താനെത്തിയ രണ്ടംഗസംഘം തടയാനെത്തിയവരെ ആക്രമിച്ച് രക്ഷപ്പെടുകയുമായിരുന്നു.
ഇവരെത്തിയ പൾസർ ബൈക്ക് മോഷണശ്രമം നടന്ന വീടിന് സമീപത്ത് ഉപേക്ഷിച്ചായിരുന്നു സംഘത്തിന്റെ രക്ഷപ്പെടൽ. ഇന്നലെ രാവിലെയോടെ ബൈക്ക് കാണാനില്ലെന്ന പരാതിയുമായി യുവാക്കളിലൊരാൾ സൗത്ത് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ സംശയം തോന്നിയ പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ ശ്രമത്തിന്റെ ചുരുളഴിഞ്ഞത്.
തന്റെ ഇരുചക്രവാഹനം മോഷണം പോയിയെന്ന പരാതിയുമായി എത്തിയ ഇയാളിൽ ഉറക്കച്ചടവ് പ്രകടമായിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിയരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരാളിനെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും ഇന്ന് കോടതിയിൽ ഹാജരാക്കും.