തൃശൂർ: ഒരാൾക്ക് റോഡിൽ സൈക്കിൾ ഓടിക്കാൻ എത്ര വയസാകണം? പപ്പു സീബ്രയുടെ ആദ്യചോദ്യത്തിന് ഉത്തരങ്ങളനവധി വന്നെങ്കിലും മൂന്നു വയസ് എന്ന കൃത്യമായ ഉത്തരം ആർക്കും അറിയില്ലായിരുന്നു. അറിഞ്ഞിരിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ച് പപ്പു സീബ്രയ്ക്ക് പിന്നെയും ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. കൃത്യമായി ഉത്തരം പറയുന്നവർക്കു കൈനിറയെ സമ്മാനങ്ങൾ.
ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയിൽനിന്നും ജനങ്ങളെ ബോധവത്കരിച്ച് ട്രാഫിക് സംസ്കാരമുള്ളവരാക്കുക എന്ന ലക്ഷ്യവുമായാണ് കേരള പോലീസ് “പപ്പുവിന്റെ പ്രയാണം’ എന്ന നൂതനപരിപാടി മുന്നോട്ടു കൊണ്ടു വന്നിരിക്കുന്നത്. ലോകത്താദ്യമായാണ് ട്രാഫിക് ബോധവത്കരണത്തിനായി ഇത്തരമൊരു പരിപാടി ആരംഭിക്കുന്നത്.
തിരുവനന്തപുരം എഎസ്ഐ ചന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ഒരു മാസം കൊണ്ട് കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് നേരിട്ടു സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും റോഡ് നിയമങ്ങളെക്കുറിച്ച് പറഞ്ഞുമനസിലാക്കുകയും ചെയ്യുന്നതാണ് സംഘത്തിന്റെ രീതി.
ഏപ്രിൽ 15ന് തിരുവനന്തപുരത്ത് ഫ്ളാഗ് ഓഫ് ചെയ്ത “പപ്പുവിന്റെ പ്രയാണം’ ഇന്നലെ തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തി. കേരളത്തിലെ ബസ് സ്റ്റാൻഡുകളാണ് പപ്പുവും സംഘവും ബോധവത്കരണത്തിനായി തെരഞ്ഞെടുക്കുന്നത്. പെട്ടെന്ന് ജനശ്രദ്ധയാകർഷിക്കാനും വിവിധ മേഖലകളിലെ ജനങ്ങളുമായി സംസാരിക്കാനും വേണ്ടിയാണ് ബസ് സ്റ്റാൻഡുകൾ തെരഞ്ഞെടുക്കുന്നത്.
പപ്പു സീബ്രയുടെ ചിത്രങ്ങളും റോഡ് നിയമങ്ങളും ആലേഖനം ചെയ്ത മിനി വാനിലാണ് പപ്പുവിന്റെയും സംഘത്തിന്റെയും യാത്ര. ട്രാഫിക് ബോധവത്കരത്തിനായി വ്യത്യസ്തമായ ഈ ആശയം മുന്നോട്ടുകൊണ്ടുവന്നത് എഡിജിപി ഡോ. ബി. സന്ധ്യയാണ്.
വരകളിലൂടെയും വർണങ്ങളിലൂടെയും ജനശ്രദ്ധയാകർഷിക്കുംവിധം ഈ പരിപാടിക്ക് ജീവൻ പകർന്നു നല്കിയത് തൃശൂർ സ്വദേശി ആർട്ടിസ്റ്റ് എൻ. നന്ദൻപിള്ളയാണ്. എഎസ്ഐ ചന്ദ്രകുമാറിനോടൊപ്പം ഷറഫ്, ജയകുമാർ, ഷംനാദ്, പ്രിൻസ്, പപ്പുവായി വേഷമിടുന്ന സൈജു എന്നിവരും സംഘത്തിലുൾപ്പെടുന്നു. ജൂണ് പതിനേഴിനു തിരുവനന്തപുരത്തു പപ്പു സീബ്ര പ്രയാണമവസാനിപ്പിക്കും.
ട്രാഫിക് ബോധവത്കരണത്തിൽ കേരളത്തിന്റെ മാതൃക സ്വീകരിക്കാനും കണ്ടു പഠിക്കാനുമായി ചെന്നൈയിൽനിന്നും വിദ്യാഭ്യാസ വകുപ്പ് അയച്ച അഞ്ചംഗ സംഘം കേരളത്തിലെത്തിയിരുന്നു എന്നതു നമുക്കഭിമാനിക്കാവുന്ന കാര്യമാണ്. “പപ്പുവിന്റെ പ്രയാണത്തി’നു പുറമെ ബോധവത്കരണ നാടകങ്ങൾ, ലഘുലേഖ വിതരണം, മാജിക് ഷോ തുടങ്ങി വ്യത്യസ്തമായ പരിപാടികൾക്കും ചന്ദ്രകുമാർ നേതൃത്വം വഹിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നടന്ന നാഷണൽ ഗെയിംസിൽ ഇദ്ദേഹം അവതരിപ്പിച്ച അമ്മു വേഴാന്പൽ എന്ന നാടകം ലിംക ബുക്കിൽ ഇടം നേടിയിരുന്നു.
മൂന്നുവർഷം മുന്പുവരെ കേരളത്തിൽ ഏറ്റവുമധികം ട്രാഫിക് അപകടങ്ങൾ നടന്നിരുന്നത് തൃശൂരാണ്. ഇന്നു തൃശൂർ മൂന്നാം സ്ഥാനത്താണ്. തൃശൂരിലെ ട്രാഫിക് ബോധവത്കരണത്തിന് പ്രാധാന്യം നൽകി എസ്ഐ ഒ.എ. ബാബു നടത്തിയ പ്രവർത്തനങ്ങൾ റോഡപകടങ്ങൾ കുറയുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്.