നടി മഞ്ജിമ മോഹൻ ട്വിറ്ററിൽ കുറിച്ച വാക്കുകയാണിപ്പോൾ തെന്നിന്ത്യൻ സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയം. യാതൊരു പ്രകോപനവും ഇല്ലാതെ മഞ്ജിമ ഇങ്ങനെ കുറിപ്പെഴുതുമോ… തന്റെ ട്വിറ്ററിൽ എഴുതിയ വാക്കുകൾ കാണുന്പോൾ എന്തോ ദുരനുഭവം നടിക്കുണ്ടായിട്ടുണ്ട് എന്ന് ആരും ചിന്തിച്ചുപോകും. മഞ്ജിമ മോഹന്റെ ട്വീറ്റ് ഇങ്ങനെയാണ്, നായികമാരുടെ നഗ്നത കാണാനാണ് ആളുകൾ തിയറ്ററിൽ വരുന്നത് എന്ന് സർ നിങ്ങൾ കരുതുന്നുണ്ടോ. വസ്ത്രം കുറഞ്ഞത് കാണാനല്ല, നല്ല സിനിമകൾ കാണാനാണ് ആളുകൾ വരുന്നത്.
ഏതോ സിനിമയിൽ അഭിനയിക്കാൻ സംവിധായകൻ മഞ്ജിമയോട് ഗ്ലാമറാകാൻ ആവശ്യപ്പെട്ടിരിക്കാം… ചെയ്യില്ല എന്ന് പറഞ്ഞതിനെ തുടർന്ന് സിനിമയിൽ നിന്ന് ഒഴിവാക്കിയിരിക്കാം. അതിന്റെ പ്രതികരണമാവാം ഈ ട്വീറ്റ് എന്നാണ് പലരും പറയുന്നത്. എന്തായാലും മഞ്ജിമയുടെ ട്വീറ്റിന് നല്ല നല്ല പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. പറഞ്ഞത് വളരെ ശരിയാണ്, കഥാപാത്രങ്ങളുടെ പ്രാധാന്യാവും ആഴവുമാണ് പ്രേക്ഷകർ അളക്കുന്നത്. അഭിനയമാണ് കാര്യം എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങൾ.
മഞ്ജിമയെ നേരത്തെ ചില സംവിധായകർ അവഗണിച്ചതായും മറ്റും വാർത്തകളുണ്ടായിരുന്നു. അമിതമായ തടിയാണ് മഞ്ജിമയ്ക്ക് എന്നും നായികയാക്കാൻ പറ്റില്ല എന്നും ഒരു സംവിധായകൻ മുഖത്ത് നോക്കി പറഞ്ഞു എന്നും വാർത്ത വന്നിരുന്നു. വിക്രം പ്രഭുവിനൊപ്പം അഭിയിച്ച ശത്രിയൻ എന്ന തമിഴ് ചിത്രമാണ് ഉടൻ റിലീസിന് തയാറെടുക്കുന്ന മഞ്ജിമ മോഹൻ ചിത്രം. എസ് ആർ പ്രഭാകരനാണ് സംവിധായകൻ. ഗൗരവ് നാരായണന്റെ ഇപ്പടൈ വെല്ലും എന്ന ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഉദയനിധി സ്റ്റാലിനാണ് നായകൻ.