കോതമംഗലം: സീനിയർ സിവിൽ പോലീസ് ഓഫീസർമാരുടെ നിയമനത്തിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദമാക്കി ഉയർത്തണമെന്ന് കേരള പോലിസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. പോലീസിന്റെ അംഗസംഖ്യ ജനസംഖ്യാ ആനുപാതികമായി വർധിപ്പിക്കാനും എട്ടു മണിക്കൂർ ജോലി സന്പ്രദായം നടപ്പിലാക്കുന്നതിനും നടപടി വേണം.
സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നേരിട്ടുള്ള നിയമനം നിർത്തലാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് നല്ല സേവനം ലഭ്യമാക്കാൻ പോലീസ് സ്റ്റേഷനുകളിൽ അന്വേഷണവും ക്രമസമാധാന പാലനവും രണ്ടായി വിഭജിക്കണം, കുറ്റാന്വേഷണത്തിലെ പ്രാകൃത രീതികൾ നിർത്തലാക്കി ശാസ്ത്രീയ രീതികൾ അവലംബിക്കണം. സർക്കിൾ അടിസ്ഥാനത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പോലീസ് ആംബുലൻസ് സർവീസ് ആരംഭിക്കണം.
സൈക്കോളജിസ്റ്റ്, ക്രിമിനോളജിസ്റ്റ് തുടങ്ങിയവരെ ഉൾപ്പെടുത്തി സബ് ഡിവിഷൻ തലത്തിൽ കൗണ്‍സലിംഗ് സെന്റർ ആരംഭിക്കണം. കേസന്വേഷണത്തിന് മാർഗനിർദ്ദേശം നൽകാൻ ജില്ല കേന്ദ്രീകരിച്ച് ലീഗൽ ഉപദേഷ്ടാവിനെ നിയമിക്കണം തുടങ്ങി മുപ്പതോളം അവശ്യങ്ങൾ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോടാവശ്യപ്പെട്ടു.കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് കബീർ അധ്യക്ഷനായി. സിനിമാ ആർട്ടിസ്റ്റ് സൈജു കുറുപ്പ്, നഗരസഭ ചെയർപേഴ്സണ്‍ മഞ്ജു സിജു, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. വേണു, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ. നായർ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് കബീർ, പ്രസന്ന മുരളീധരൻ, കെ.പി. പ്രവീണ്‍, സി.ആർ. ബിജു, ജെ.ഷാജി മോൻ, ടി.എസ്. ഇന്ദുചൂടൻ, അബ്ദുൾ സലാം, ഇ.ആർ. സുരേഷ് കുമാർ, നിഷാദ് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയവരെയും ബാഡ്ജ് ഓഫ് ഓണർ ലഭിച്ചവരെയും വേദിയിൽ ആദരിച്ചു.