കോട്ടയം: ജനമൈത്രി പോലീസ് എന്നു പറഞ്ഞാൽ ഇതാണ്. ഹർത്താൽ ദിനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കാൻ ബുദ്ധിമുട്ടിയ സ്കൂൾ അധ്യാപികയ്ക്കു കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ ഐപിഎസ് ട്രെയ്നി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രക്ഷകരായി.
കോട്ടയം കഞ്ഞിക്കുഴി വടാമറ്റം ലൈനിൽ പെക്കന്താനം പി.പി. മാത്യു- മഞ്ജു ജോയി ദന്പതികളുടെ ഇളയമകൻ ഏഴ് വയസുള്ള ജോയി മാത്യുവിനു കഴിഞ്ഞ ചൊവ്വാഴ്ചയാണു വീടിന്റെ മുറ്റത്ത് വീണു കൈയ്ക്ക് പരിക്കേറ്റത്.
ഉടനെ ജോയി മാത്യുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം ഇന്നലെ പരിക്കേറ്റ കൈയ്ക്ക് പ്ലാസ്റ്ററിടാൻ ആശുപത്രിയിൽ എത്തണമെന്ന് ഡോക്്ടർമാർ നിർദേശിക്കുകയും ചെയ്തു.
ഡോക്ടറുടെ നിർദേശാനുസരണം ഇന്നലെ ആശുപത്രിയിൽ പോകാനിരിക്കെയാണ് ബിജെപി കോട്ടയം ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തത്. മൗണ്ട് കാർമ്മൽ സ്കൂളിലെ പ്ലസ്ടു അധ്യാപികയായ മഞ്ജുവിന്റെ ഭർത്താവ് പി.പി. മാത്യു സ്ഥലത്തില്ലാതിരുന്നതിനാൽ മഞ്ജു പോലീസിന്റെ സഹായം തേടുകയായിരുന്നു.
തുടർന്ന് മഞ്ജു പിങ്ക് പോലീസിൽ വിവരം അറിയിച്ചു. എന്നാൽ പിങ്ക് പോലീസിന്റെ എറണാകുളത്തെ ഓഫീസിലാണ് കോൾ എത്തിയത്. അവരുടെ നിർദേശപ്രകാരം തൊട്ടടുത്തുള്ള ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വ്യാഴാഴ്ച വൈകുന്നേരം വിവരം അറിയിച്ചു. മഞ്ജുവിൽനിന്നു വിശദമായി കാര്യങ്ങളറിഞ്ഞ പോലീസ് ഉദ്യോഗസ്ഥർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകേണ്ട സമയത്തിന് അരമണിക്കൂർ മുന്പ് പോലീസ് സ്റ്റഷനിൽ ബന്ധപ്പെടാൻ നിർദേശം നൽകി.
പോലീസിന്റെ നിർദേശം അനുസരിച്ച് ഇന്നലെ രാവിലെ 6.45ന് മഞ്ജു ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. നിമിഷങ്ങൾക്കകം ഐപിഎസ് ട്രെയ്നി ചൈത്ര തെരേസാ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി കൈയ്ക്കു പരിക്കേറ്റ ജോയി മാത്യുവിനെ പോലീസിന്റെ ഒൗദ്യോഗിക വാഹനത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയും വേണ്ട സഹായം നൽകുകയും ചെയ്തു.
തുടർന്നു മെഡിക്കൽ കോളജിൽ ഓട്ടോറിക്ഷാ സർവീസ് ലഭ്യമായിരുന്നതിനാൽ ചൈത്രയുൾപ്പെടെയുള്ള പോലീസ് സംഘത്തിനു നന്ദി പറഞ്ഞു മഞ്ജു മടക്കിയയയ്ക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിനിയായ ചൈത്ര 2014 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ്.