ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ച യുവതി രാജ്യതലസ്ഥാനത്തു വെടിയേറ്റു കൊല്ലപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ കിർകി എക്സ്റ്റൻഷനിലായിരുന്നു സംഭവം. യുവതിയെ വെടിവയ്ക്കുന്ന യുവാവിനെ മറ്റു മൂന്നുപേർകൂടി സഹായിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതി മനോജും സംഘവും യുവതിയുടെ വീട്ടിലെത്തി വെടിയുതിർക്കുകയായിരുന്നു. യുവതിയുടെ സഹോദരൻ കാണ്‍കെയായിരുന്നു വെടിയുതിർത്തത്. നെഞ്ചിൽ വെടിയേറ്റ യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായിട്ടുണ്ട്. മുഖ്യപ്രതി മനോജ് കുറച്ചു മാസങ്ങൾക്കുമുന്‍പ് യുവതിയെ വിവാഹം ആലോചിച്ചിരുന്നെന്നും അത് നിരസിച്ചതാണ് കൊലപാതകത്തിനു കാരണമെന്നും യുവതിയുടെ ബന്ധുക്കൾ പോലീസിന് മൊഴി നൽകി.