നായികയെ പരിചയപ്പെടുത്താനായി ഒരു ടീസർ… ആ ടീസറിന് കിട്ടിയ സ്വീകാര്യത…സിനിമാ പ്രേമികളുടെ നാവിൻതുന്പിലൂടെ ഈ നായിക സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. ആസ്വാദകരുടെ മനസിൽ വർഷങ്ങൾക്കു മുന്നേ ഇടംപിടിച്ച ക്ലാരയെപ്പോലെ ഇപ്പോൾ മാലിനിയും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നു. തൂവാനത്തുന്പികളിൽ മഴയ്ക്കൊപ്പം എത്തുന്ന ക്ലാരയെ ഏവരും ഇഷ്ടപ്പെട്ടപോലെ പാട്ടിനൊപ്പം ഒഴുകിയെത്തിയ മാലിനിയെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
ചിത്രം ഇറങ്ങും മുൻപേ മിന്നായം പോലെ മാലിനി ടീസറിന്റെ രൂപത്തിലാണ് പ്രേക്ഷകഹൃദയങ്ങളിൽ കയറിക്കൂടിയത്. രാമന്റെ ഏദൻതോട്ടത്തിലെ നായികയെ പരിചയപ്പെടുത്താൻ സംവിധായകൻ കാട്ടിയ നുണുക്കു വിദ്യ എല്ലാവർക്കും നന്നേ ബോധിച്ചു. കുഞ്ഞുകുഞ്ഞു ഫിലോസഫികൾ പറഞ്ഞ് ഇളംചിരിയോടെ മാലിനി പ്രേക്ഷകർക്കിടയിലേക്ക് പൂർണമായി ഇറങ്ങിച്ചെല്ലാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ജീവിതത്തിലും സിനിമയിലും ടേണിംഗ് പോയിന്റുകൾ ഉണ്ടാവാം. അത്തരമൊരു പോയിന്റിന്റെ വക്കിലാണ് അനു സിത്താര ഇപ്പോൾ. രാമന്റെ ഏദൻതോട്ടം തിയറ്ററിൽ എത്തുന്നതിന് മുന്നേ മാലിനിക്ക് കിട്ടിയ സ്വീകാര്യതയെക്കുറിച്ച് അനു സിത്താര വാചാലയാകുന്നു.
ഫീൽ ഗുഡ് സർപ്രൈസ്
രാമന്റെ ഏദൻതോട്ടം ഷൂട്ടെല്ലാം കഴിഞ്ഞ് കൽപ്പറ്റയിലുള്ള വീട്ടിലിരിക്കുന്ന സമയം രഞ്ജിത് സാർ(രഞ്ജിത് ശങ്കർ) ഫോണ് വിളിച്ച് ഒരു കാര്യം പറഞ്ഞു. അനു, താമസിക്കാതെ തന്നെ ഒരു സർപ്രൈസ് അനുവിനെ തേടിയെത്തുമെന്ന്. സാർ ചുമ്മാ പറ്റിക്കാൻ പറഞ്ഞതായിരിക്കാം എന്നാണ് ഞാൻ കരുതിയത്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. മാലിനിക്കായി ഒരു ടീസർ… അതു കണ്ടപ്പോൾ എന്താണ് പറയേണ്ടതെന്നോ ചെയ്യേണ്ടതെന്നോ അറിയാതെ ആയി. ഒരു ഫീൽ ഗുഡ് സർപ്രൈസ് തന്നെയായിരുന്നു അത്. ആദ്യമായിട്ടായിരിക്കാം നായികയെ പരിചയപ്പെടുത്താൻ മാത്രം ഒരു ടീസർ റിലീസ് ചെയ്യുന്നത്.
തുരുതുരാ ഫോണ് കോളുകൾ
ടീസർ ഇറങ്ങിയതോടെ ഫോണ്കോളുകൾ ഒരുപാട് വന്നു. അനു നിന്റെ ചെറിയ ചെറിയ എക്സപ്രഷൻസിന് പോലും നല്ല പെർഫെക്ഷനാണ്… നീ ഒരുപാട് മാറിയിരിക്കുന്നു… പക്വത വന്നതുപോലെ… ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും ഇത് തീർത്തും ഡിഫറന്റാണല്ലോ… അഭിപ്രായങ്ങളുടെ ഒരു ഒഴുക്ക് തന്നെയായിരുന്നു. ഫേസ്ബുക്ക് പേജിലും ഇതുപോലെ ഒരുപാട് മെസേജുകൾ വന്നു. എന്റെ ഏതു സിനിമ ഇറങ്ങിയാലും സ്ഥിരമായി വിലയിരുത്തുന്ന ചിലരുണ്ട്. അവർക്കാണ് മാലിനിയെ ശരിക്കും ഇഷ്ടപ്പെട്ടതെന്ന് തോന്നുന്നു. ചിത്രം ഇറങ്ങുംമുന്നേ മാലിനി എന്നെ ഏറെ സന്തോഷിപ്പിച്ചു. രാമന്റെ ഏദൻതോട്ടം ഇറങ്ങിക്കഴിയുന്പോഴും മാലിനിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്ക് മാറ്റം ഉണ്ടാകില്ലായെന്നു തന്നെയാണ് എന്റെ വിശ്വാസം.
ഒന്നു പോയാൽ മറ്റൊന്ന്
പ്രേതം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും മുന്പ് രഞ്ജിത് സാർ സെൽഫി വീഡിയോ അയക്കാൻ പറഞ്ഞിരുന്നു.അങ്ങനെയാണ് രഞ്ജിത് ശങ്കർ സാറുമായുള്ള പരിചയം. അന്നു പക്ഷേ എനിക്ക് അവസരം കിട്ടിയില്ല. അന്ന് വിഷമം ഒന്നും തോന്നിയില്ലായെങ്കിലും മാലിനി എന്നെ തേടിയെത്തിയപ്പോൾ കൂടുതൽ ഹാപ്പിയായി. തേടിയെത്തേണ്ടത് എന്തായാലും അത് അതിന്റേതായ സമയത്ത് തേടിയെത്തുകതന്നെ ചെയ്യുമെന്ന് അന്ന് എനിക്ക് മനസിലായി.
മാലിനിയിലേക്കുള്ള വഴി
ഒരു ഫോണ് കോൾ വന്നതിന്റെ പിന്നാലെ വയനാട്ടിൽ നിന്നും എറണാകുളത്ത് എത്തിയപ്പോഴാണ് മാലിനിയിലേക്കുള്ള വഴി തുറന്നുകിട്ടിയത്. രഞ്ജിത് സാർ കഥ കേൾക്കാൻ വരാമോ എന്നു ചോദിച്ചു. ഞാൻ എറണാകുളത്തേക്ക് ചെന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട ചില സീൻസ് എന്നെക്കൊണ്ടു ചെയ്യിച്ചു. അപ്പോൾ തന്നെ മാലിനിയാകാൻ റെഡിയായിക്കോളാൻ പറഞ്ഞു. സാർ ശരിക്കും നോ പറയാൻ ഉദ്ദേശിച്ചാണ് എന്നെ കാണാൻ വന്നതെന്ന് ഈയടുത്ത് ഒരു ഇന്റർവ്യൂവിൽ വായിച്ചു. ഇതൊന്നും എനിക്കറിയില്ലായിരുന്നല്ലോ.
നോയിൽ നിന്നും യെസിലേക്ക്
ആ നോയെക്കുറിച്ചല്ല, യെസിനെക്കുറിച്ച് പറയാനാണ് എനിക്കിഷ്ടം. കാരണം സാറിന്റെ അന്നത്തെ പെരുമാറ്റം കണ്ടപ്പോൾ എനിക്ക് നോ പറയാൻ വന്നതാണെന്നുള്ള തോന്നൽ ഉണ്ടായില്ല. പിന്നെ മാലിനിയാകാൻ അനു ഓക്കെയാണെന്ന് പറഞ്ഞപ്പോഴും സാർ ഹാപ്പിയായിരുന്നു. ആ സന്തോഷവും യെസ് മൂളലുമാണ് മാലിനിയാകാൻ പറ്റുമെന്നുള്ള കോണ്ഫിഡൻസ് എനിക്ക് നല്കിയത്.
മാലിനി പാവമാണ്
കോതമംഗലത്തെ ഒരു ഗ്രാമത്തിൽ വളർന്ന മാലിനി ഇപ്പോൾ താമസിക്കുന്നത് മെട്രോ സിറ്റിയിലാണ്. ഒരു പാവം കുട്ടി. ഡാൻസ് സ്കൂൾ നടത്തി കുഞ്ഞുകുഞ്ഞു സന്തോഷങ്ങളുമായി ചെറിയ ചുറ്റുപാടുകളിൽ ഒതുങ്ങി ജീവിക്കുന്ന ഒരാൾ. ബാക്കി തിയറ്ററിൽ മാലിനി എത്തുന്പോൾ കൂടുതൽ വ്യക്തതമായിക്കോളും. ഇതുവരെ എന്നെ തേടിയെത്തിയ വേഷങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തയാണ് മാലിനി.
അനുവിലെ മാലിനി
അനുവും മാലിനിയും തമ്മിൽ ഉള്ള ഒരു സാമ്യം രണ്ടുപേർക്കും ഡാൻസ് അറിയാം എന്നുള്ളതാണ്. ഇതുപോലെ ഡാൻസ് റിലേറ്റഡായി വരുന്ന ഒരു വേഷം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് മാലിനി എന്നെ തേടിയെത്തുന്നത്. മാലിനിയാകാൻ പ്രയാസപ്പെടേണ്ടി ഒന്നും വന്നില്ല. രഞ്ജിത് സാറിന് മാലിനിയെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതിന് അനുസരിച്ച് ഞാൻ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാം ഓക്കെയായിട്ടുണ്ടെന്നാണ് വിശ്വാസം.
ഓക്കെ പലവിധം
രഞ്ജിത് സാറിന്റെ ഓക്കെ പറയൽ കേൾക്കുന്പോൾ കൃത്യമായി അറിയാൻ പറ്റും സാറിന് ഞാൻ ചെയ്തത് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന്. ശരിയായില്ലായെങ്കിലുള്ള ഓക്കെയും ശരിയാകുന്പോഴുള്ള ഓക്കെയും പറയുന്ന രീതിവെച്ച് ഞാൻ മനസിലാക്കിയെടുക്കാൻ ശ്രമിക്കും. ചിലപ്പോൾ പറയും അത് കറക്ടായിട്ടില്ല ഒന്നും കൂടി ചെയ്യാമെന്ന്. ഓരോ സീനിനെ കുറിച്ചും ക്ലിയറായി എനിക്ക് പറഞ്ഞ് മനസിലാക്കി തന്നിരുന്നു. അതുകൊണ്ട് മാലിനിയിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ പറ്റി. അതിന് നന്ദി പറയേണ്ടത് രഞ്ജിത് സാറിനോടാണ്.
രാമനും ഏദൻ തോട്ടവും
ചാക്കോച്ചായനെ എനിക്ക് ഒട്ടും പരിചയമില്ല. സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. പിന്നെ ഒരു പരിപാടിയിൽ വച്ചും കണ്ടിട്ടുണ്ട്. പക്ഷേ നേരിട്ട് സംസാരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ നല്ല ടെൻഷൻ ഉണ്ടായിരുന്നു. ആദ്യ ഷോട്ട് ചാക്കോച്ചായന് ഒപ്പമായിരുന്നു. ആ ഷോട്ട് കഴിഞ്ഞതോടെ ടെൻഷനൊക്കെ പന്പകടന്നു. ആക്ച്വലി ചാക്കോച്ചായൻ ഭയങ്കര പാവമാണ്. അഭിനയവുമായി ബന്ധപ്പെട്ടും ടെക്നിക്കൽ സൈഡിനെക്കുറിച്ചുമെല്ലാം ചാക്കോച്ചായൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞുതന്നു.
ചാക്കോച്ചായനൊപ്പം അഭിനയിക്കാൻ വളരെ കംഫർട്ടിബിളായിരുന്നു. അതിന്റെ കെമിസ്ട്രി ചിത്രം ഇറങ്ങുന്പോൾ മനസിലാകും. രാമന്റെ സ്വഭാവവും രീതികളുമെല്ലാം വളരെ വ്യത്യാസമാണ്. പ്രകൃതിയെ ഇഷ്ടപ്പെടുന്ന, കൃഷി ചെയ്യാൻ ഇഷ്ടമുള്ള ഒരാൾ. ഇപ്പോൾ ഇത്രയൊക്കയെ പറയാൻ പറ്റു. കൂടുതൽ പറഞ്ഞാൽ ശരിയാവില്ല.
ഫിലോസഫി
മാലിനിയുടെ ഫിലോസഫികളെ കുറിച്ച് പറഞ്ഞാൽ ചിലപ്പോൾ കഥ തന്നെ ഞാൻ പറഞ്ഞുപോകും. മാലിനിയുടെ ചിന്തകൾ ചിത്രത്തോട് അത്രത്തോളം ചേർന്നുനിൽക്കുന്ന ഒന്നാണ്. ആ ഫിലോസഫികളെല്ലാം ചിത്രം ഇറങ്ങുംവരെ സസ്പെൻസായി തന്നെ നിൽക്കട്ടെ. ടീസറിൽ പറയുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ജീവിതത്തോട് ചേർന്നു നിൽക്കുന്നവയാണ്. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ ചിത്രം പറയാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രമെ ഇപ്പോൾ പറയാൻ പറ്റു.
കുഞ്ഞുനാൾ മുതലുള്ള ആഗ്രഹം
മമ്മൂക്കയെ കാണണമെന്നുള്ളത് കുഞ്ഞുനാൾ മുതലുള്ള ആഗ്രഹമായിരുന്നു. കഴിഞ്ഞ വർഷം അത് സാധിച്ചു. ചെന്നൈയിൽ വച്ച് മമ്മൂക്കയെ കണ്ടു സംസാരിച്ചു. അത് വലിയ ഒരു എക്സ്പീരിയൻസായിരുന്നു. 2013 മുതൽ സിനിമയിലുണ്ടെങ്കിലും ഈ ഒരു ആഗ്രഹം സഫലമാകാൻ കഴിഞ്ഞ വർഷം വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയിൽ എത്തിപ്പെട്ടില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ ആഗ്രഹം നടക്കണമെന്നില്ലല്ലോ.
അനുവിന്റെ ലോകം
വലിയ വലിയ സ്വപ്നങ്ങൾ ഒന്നും എനിക്കില്ല, എന്റെ നാട്, എന്റെ വീട്, വീട്ടുകാർ, ഭർത്താവ് ഇവർക്കൊപ്പം സന്തോഷത്തോടെ ജീവിച്ചു പോകണമെന്നാണ് ആഗ്രഹം. അതിനിടയിൽ അഭിനയ പ്രാധാന്യമുള്ള റോളുകൾ വന്നാൽ ചെയ്യണം. സിനിമ ഇല്ലാത്തപ്പോൾ ഡാൻസുമായി കൂട്ടുകൂടും. അമ്മ രേണുക ഒരു ഡാൻസ് സ്കൂൾ നടത്തുന്നുണ്ട്. രണ്ടര വയസുമുതൽ ഞാൻ നൃത്തം പഠിക്കുന്നുണ്ട്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. അമ്മ ഇല്ലാത്തപ്പോൾ ഞാനാണ് ഡാൻസ് സ്കൂളിന്റെ ചുമതലക്കാരി. കുട്ടികളോടൊപ്പം കൂടി അവരെ ഡാൻസ് പഠിപ്പിക്കുന്നതും ഒപ്പം നൃത്തപരിശീലനം തുടരുന്നതും പോസിറ്റീവ് എനർജി നല്കുന്ന കാര്യങ്ങളാണ്. ഭർത്താവ് വിഷ്ണു ചേട്ടനും അച്ഛനും അമ്മയും അനിയത്തിയുമെല്ലാം എപ്പോഴും കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അവർക്കൊപ്പം ഹാപ്പിയായിട്ട് ഇങ്ങനെ അങ്ങ് പോകണം.
മാനുവിന്റെ ആഗ്രഹം
കുഞ്ഞുനാൾ മുതലെ നൃത്തവും നാടകവുമെല്ലാം വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. അച്ഛനെ മാനുവെന്നാണ് (സലാം) ഞാൻ വിളിക്കുന്നത്. മാനു എന്നെ വിളിക്കുന്നത് ചിങ്ങിണിയെന്നും. അച്ഛൻ നാടകങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ഇപ്പോൾ പക്ഷേ ജോലിത്തിരക്ക് കാരണം നാടകാഭിനയം നടക്കാറില്ല. മാനുവിന്റെ വലിയ ആഗ്രഹമായിരുന്നു സിനിമയിൽ അഭിനയിക്കുകയെന്നത്. എനിക്ക് വരുന്ന കഥകൾ കേൾക്കുന്പോൾ മാനു ചോദിക്കും എനിക്ക് പറ്റിയ റോൾ വല്ലതും ഉണ്ടോ… ഞാൻ നന്നായി അഭിനയിക്കും കേട്ടോ എന്നെല്ലാം… ഈ പറച്ചിൽ ആദ്യമെല്ലാം ഒരു തമാശയായി മാത്രം ഒതുങ്ങിനിന്നു. ഒരു അവസരം കിട്ടിയപ്പോൾ മാനുവിന് വേണ്ടി ഒരു റോൾ കാണുമോയെന്ന് പ്രജീഷേട്ടനോട് (സംവിധായകൻ) ചോദിച്ചു. ചെറുതെങ്കിലും ഒരു വേഷം മാനുവിന് ക്യാപ്റ്റനിലുണ്ട്. ഞാനും മാനുവും ഒരുമിച്ച് വരുന്ന രംഗം ബിഗ്സ്ക്രീനിൽ കാണാൻ കൊതിച്ചിരിക്കുകയാണ് ഇപ്പോൾ.
ക്യാപ്റ്റനിൽ അനിത
ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രത്തെയാണ് ക്യാപ്റ്റനിൽ ചെയ്യുന്നത്. വി.പി സത്യന്റെ ഭാര്യ അനിത സത്യനായാണ് ചിത്രത്തിലെത്തുന്നത്. അനിത ചേച്ചിയെ നേരിട്ടു പോയി കണ്ടു. കുറേ നേരം സംസാരിച്ച് ചേച്ചിയുടെ രീതികളും കാര്യങ്ങളുമെല്ലാം മനസിലാക്കാൻ ശ്രമിച്ചു. ഈ നായികാ വേഷവും നല്ലവണ്ണം ചെയ്യാൻ പറ്റുമെന്നു തന്നെയാണ് വിശ്വാസം. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നേയുള്ളു.
അച്ചായൻസും രാമന്റെ ഏദൻതോട്ടവും ഒരുമിച്ച്
ഈ രണ്ട് ചിത്രങ്ങളും ഒരുമിച്ച് എത്തുന്നതിന്റെ ത്രില്ലിലാണ് ഇപ്പോൾ. മാലിനിയിൽ നിന്നും തീർത്തും വ്യത്യസ്തയാണ് അച്ചായൻസിലെ പ്രയാഗ. ഹാപ്പിയായി അടിച്ച് പൊളിച്ച് നടക്കുന്നയാളാണ് പ്രയാഗ. പ്രേക്ഷകർ ഈ രണ്ട് സിനിമകളും സ്വീകരിക്കും എന്നു തന്നെയാണ് വിശ്വസിക്കുന്നത്.
വി.ശ്രീകാന്ത്