ആലപ്പുഴ: യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികൾ ഒളിവിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ സാജൻ, നന്ദു എന്നിവരെയാണ് സംഭവം നടന്ന് ദിവസങ്ങൾ പിന്നിടുന്പോഴും പോലീസിന് പിടികൂടാൻ കഴിയാത്തത്. കഴിഞ്ഞ 10ന് രാത്രിയായിരുന്നു ആര്യാട് അയ്യങ്കാളി ജംഗ്ഷന് സമീപത്തെ വാടക വീട്ടിൽ നിന്നും പൂങ്കാവ് പനങ്ങാട്ടിൽ സോണിയെ അഞ്ചംഗം സംഘം വിളിച്ചിറക്കി സമീപത്തെ വീടിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.
കൃത്യം നടത്തിയത് അഞ്ചംഗ സംഘമാണെങ്കിലും പ്രതിപട്ടികയിൽ കൂടുതൽ പേരുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതികൾക്ക് കൃത്യം നടത്താൻ സഹായം നൽകിയവരും ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യമൊരുക്കുന്നവരുമടക്കം കേസിൽ പ്രതികളാകുമെന്നതിനാൽ കൂടുതൽ പേർ പ്രതിപട്ടികയിൽ വരുക. ഒളിവിൽ കഴിയുന്ന പ്രതികളുടെ മൊബൈൽ നന്പരുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഫോണുകൾ സ്വിച്ച് ഓഫ് ആയതിനാൽ കാര്യമായി മുന്നോട്ടുപോയിട്ടില്ല. സംഭവദിവസം രാത്രി ചേർത്തല ഭാഗത്ത് ഇവരുടെ മൊബൈൽ ഫോണ് സിഗ്്നലുകൾ കണ്ടെത്തിയിരുന്നുവെങ്കിലും പിന്നീട് മൊബൈൽ ഫോണ് സിഗ്നലുകൾ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. പ്രതികൾ സംസ്ഥാനം വിട്ടിട്ടില്ലെന്നും ഉടൻ തന്നെ ഇവരെ പിടികൂടാനാകുമെന്നും നോർത്ത് സിഐ ജി. സന്തോഷ്കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത മൂന്നുമുതൽ അഞ്ചുവരെയുള്ള പ്രതികളായ പാതിരപ്പള്ളി അയ്യങ്കാളി കവലയ്ക്ക് സമീപം വെളുത്തേടത്ത് ഷാരോണ്, പൂങ്കാവ് തോട്ടക്കാട്ട് ബിപിൻ, ആലപ്പുഴ കാളാത്ത് വള്ളികാട് മുത്ത് എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും നോർത്ത് സിഐ ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.