കെ.ഭരത്
കോഴിക്കോട്: എല്ലാ ഘട്ടത്തിലും ജനങ്ങളോടൊപ്പം എന്ന് മുദ്രാവാക്യമുയർത്തുന്ന എസ്ബിഐ വീണ്ടും ഉപയോക്താക്കളെ പിഴിയുന്നു. എസ്ബിഐയിലെ അക്കൗണ്ട് പിൻവലിക്കുന്നവരിൽ നിന്ന് 575 രൂപയാണ് ബാങ്ക് പിഴയീടാക്കുന്നത്. എസ്ബിടി എസ്ബിഐ ലയനത്തെ തുടർന്ന് എടിഎം ഉപയോഗത്തിന് ചാർജ് ഈടാക്കി വിവാദ ഉത്തരവുകളിറക്കിയ എസ്ബിഐ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുകയാണ്. ഒരേ ബാങ്കിൽ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ (ഡീ ഡ്യൂപ്ലികേഷൻ) ഉള്ള വ്യക്തികളെ നേരിൽ കണ്ട് ഒരു അക്കൗണ്ട് ആക്കണമെന്ന് എസ്ബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതിനുവേണ്ടി പരസ്യത്തിനുൾപെടെ കോടികളാണ് ബാങ്ക് ചിലവഴിച്ചിരുന്നത്. ഇത്തരത്തിൽ രണ്ട് അക്കൗണ്ട് ഉള്ളവരുടെ വീട്ടിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തിയും എസ്എംഎസ് വഴിയും ഡീ ഡ്യൂപ്ലികേഷൻ ഒഴിവാക്കണമെന്ന് അറിയിച്ചിരുന്നു. ഡീ ഡ്യൂപ്ലികേഷൻ വരുന്നതിലൂടെ ബാങ്കിന് വരുന്ന നഷ്ടം പരിഹരിക്കാനാണ് ഈ നടപടി. എന്നാൽ എസ്ബിഐ എസിബിടി ലയനത്തിലൂടെ രണ്ട് ബാങ്കിലും അക്കൗണ്ട് ഉള്ള ജനങ്ങൾ ഏതെങ്കിലും ഒരു അക്കൗണ്ട് പിൻവലിക്കാൻ എത്തുന്പോൾ ഇവരിൽ നിന്നും ബാങ്ക് പിഴയിടാക്കുകയാണ്.ലയനത്തിന് ശേഷം സാധാരണക്കാരനെ ബാങ്കിൽ നിന്ന് അകറ്റുന്ന പ്രവണതകളാണ് എസ്ബിഐ പുലർത്തുന്നതെന്ന ആക്ഷേപമാണ് ഉപയോക്താക്കൾ ഉയർത്തുന്നത്.
ഗ്രാമപ്രദേശങ്ങളിൽ ആയിരം രൂപയും മറ്റിടങ്ങളിൽ അതിൽ കൂടുതലും മിനിമം ബാലൻസ് ഉണ്ടാകണമെന്നാണ് പുതിയ നിയമം. കേരളത്തെ സംബന്ധിച്ച് ഇതുവലിയ തിരിച്ചടിയാണ്. കേരളത്തിൽ 10 ശതമാനം മാത്രമേ റൂറൽ ഏരിയ ഉള്ളൂ. ബാക്കിവരുന്ന 90 ശതമാനം സ്ഥലങ്ങളിലേയും സാധാരണക്കാർ ബാങ്കിലെ പണം പിൻവലിക്കാനാവാതെ ബുദ്ധിമുട്ടും. എടിഎം വഴി പണം പിൻവലിക്കുന്പോൾ ഉണ്ടാവുന്ന ചാർജ് ബാങ്ക് പിൻവലിച്ചെങ്കിലും ജനങ്ങളിലെ ഭീതി ഇപ്പോഴും തുടരുകയാണ്. ബാങ്കുകളിലെത്തുന്ന ആളുകളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കുക എന്ന ലക്ഷ്യംവച്ചാണ് ബാങ്ക് എടിഎം ചാർജ് സംവിധാനം കൊണ്ടുവന്നത്.
ബാങ്കിലെ ജീവനക്കാർക്ക് കൊടുക്കേണ്ടിവരുന്ന തുകയുടെ പത്തിൽ ഒന്ന് കൊണ്ട് എടിഎം പ്രവർത്തിപ്പിക്കാമെന്നായിരുന്നു ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത്. എറ്റവും കുറഞ്ഞത് മൂന്ന് തവണത്തെ എടിഎം പണമിടപാടിന് പണം ഈടാക്കേണ്ടതില്ല എന്നതാണ് റിസർബാങ്ക് അറിയിപ്പ്. എസ്ബിഐയുടെ ജനദ്രോഹ നിലപാടുകളെ സ്വകാര്യബാങ്കുകൾ നല്ലരീതിയിൽ വിനിയോഗിക്കുന്നുണ്ട്. ആകർഷണമായ പരസ്യങ്ങളിലൂടെ ബാങ്കുകളിലെ അക്കൗണ്ടുകൾ വർധിപ്പിക്കാനുള്ള നടപടികൾ മറ്റ് ബാങ്കുകൾ ആരംഭിച്ചു കഴിഞ്ഞു.