ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഉദ്വേഗം നിലനിർത്തി സ്റ്റൈൽ മന്നൻ രജനികാന്ത്. എട്ട് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരാധകരുമായി നടത്തിയ കൂടികാഴ്ചയിലും രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഉത്തരം നൽകാതെ രജനി ഒഴിഞ്ഞുമാറി. രാഷ്ട്രിയത്തിൽ പ്രവേശിക്കാൻ തീരുമാനിച്ചാൽ അഴിമതിക്കാരെ അടുപ്പിക്കില്ലെന്നും അവരെ അകറ്റിനിർത്തുമെന്നും രജനികാന്ത് പറഞ്ഞു.
നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയെയും താൻ പിന്തുണയ്ക്കുന്നില്ല. 21 വർഷങ്ങൾക്കുമുമ്പ് ആകസ്മികമായി ഒരു രാഷ്ട്രീയ സഖ്യത്തിന് പിന്തുണ പ്രഖ്യാപിക്കേണ്ടിവന്നു. ആ സഖ്യം വിജയിക്കുകയും ചെയ്തു. പിന്നീട് ഓരോ തെരഞ്ഞെടുപ്പിലും തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുകയാണ്. അതിനാലാണ് ഓരോ തവണയും ആർക്കും പിന്തുണയില്ലെന്ന് അറിയിക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരു നടനാണ്. ദൈവഹിതവും അതാണ്. ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ലെന്നും രജനി പറഞ്ഞു.