വടകര: പട്ടണത്തിന് മുഴുവൻ ജലം നൽകാൻ പ്രാപ്തമായ കോട്ടക്കുളത്തിന്റെ നവീകരണത്തിനു തുടക്കമായി.
ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ പ്രവർത്തകരും സദുദ്യമത്തിനു രംഗത്തിറങ്ങി. പതിറ്റാണ്ടുകൾക്ക് മുൻപേ കടത്തനാട് രാജാവ് നിർമ്മിച്ച ഈ കുളം അൻപത് സെന്റിലേറെ വിസ്തൃതി ഉള്ളതാണ്. കാലക്രമത്തിൽ കുളം ഉപയോഗശൂന്യമായി. നാലുഭാഗവും കൈയ്യേറ്റങ്ങൾ നടന്നിട്ടും ഇപ്പോഴും കുളത്തിന് നാല്പതു സെന്റിലേറെ വിസ്തൃതിയുണ്ട്.
ഇത്തവ ണയും കടുത്ത വേനലിൽ ചുറ്റുമുള്ള എല്ലാ കുളങ്ങളും വറ്റിയപ്പോഴും കോട്ടക്കുളം മാത്രം വറ്റിയില്ല. തുടർന്നാണ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കാൻ തീരുമാനിച്ചത്. രണ്ടു തവണ യോഗം ചേർന്ന് നവീകരണങ്ങൾക്കുള്ള ഒരുക്കങ്ങൾ നടത്തി. തുടർന്ന് കഴിഞ്ഞ ദിവസം വടകര കോട്ടപ്പറന്പിൽ സംരക്ഷണവലയം തീർത്തു. ഇന്നലെ രാവിലെ ഏഴിന് പരിസ്ഥിതി പ്രവർത്തകരും സന്നദ്ധസേവകരും കുളത്തിലേക്ക് മാർച്ച് ചെയ്യ്ത് നവീകരണത്തിനു തുടക്കം കുറിക്കുകയായിരുന്നു.
ചുറ്റുമുള്ള മരങ്ങളിൽ ഏതാനും ചിലത് മുറിച്ചുമാറ്റി കുളത്തിലേക്ക് വഴിയൊരുക്കുകയാണ് ആദ്യം ചെയ്തത്. ജെസിബി ഉപയോഗിച്ച് വൃത്തിയാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഡിവൈഎസ്പി കെ. സുദർശൻ നേരിട്ടെത്തി നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പോലീസ് സേനാംഗങ്ങൾക്ക് ആവേശം പകർന്നു. മുൻസിപ്പാലിറ്റിയിലെ ജീവനക്കാരും സജീവമായി സഹകരിച്ചു. മുൻസിപ്പൽ ചെയർമാൻ കെ. ശ്രീധരന്റെ അധ്യക്ഷതയിൽ സി.കെ. നാണു എംഎൽഎ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ് കെ.പി. ബിന്ദു, വൈസ് ചെയർപേഴ്സണ് കെ.പി. ബിന്ദു, കൗണ്സിലർമാരായ പി. അശോകൻ, പി. ബിജു, എ. പ്രേമകുമാരി, കർമസമിതി ചെയർമാൻ പി. ബാലൻ, മണലിൽ മോഹനൻ, പി.പി. രഞ്ജിനി, എടയത്ത് ശ്രീധരൻ, കെ.വി. വത്സലൻ, കെ.സി. പവിത്രൻ, പി.പി. ശൈലജ, കെ.പി. പ്രദീപ്കുമാർ, സന്ദീപ് ലാൽ, വടയക്കണ്ടി നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.
മൂന്ന് വർഷക്കാലം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിലൂടെ അഞ്ച് കോടിയിലേറെ ചെലവഴിച്ച് നവീകരിച്ചെടുക്കുന്ന കുളം വടകരയിലെ മുഴുവൻ കുടിവെള്ള പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി എംഎൽഎ, എംപി ഫണ്ടുകൾ കേന്ദ്രത്തിന്റെ സരോവരം പ്രോജക്ട്, വനംവകുപ്പിന്റെ സഹകരണം എന്നിവ തേടാനാണ് ഉദ്ദേശിക്കുന്നത്. –