കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വാർഷിക അറ്റാദായം 17.78 ശതമാനം വർധിച്ചതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി. മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ വർഷം 333.27 കോടി രൂപയായിരുന്ന അറ്റാദായം 392.50 കോടി രൂപയായാണ് വർധിച്ചത്. മാർച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ അറ്റാദായം, തൊട്ടു മുൻ വർഷത്തെ അതേ കാലയളവിലെ 72.97 കോടി രൂപയിൽ നിന്ന് 3.52 ശതമാനം വളർച്ചയുമായി 75.54 കോടിലെത്തി. 40 ശതമാനം ലാഭവിഹിതം ഓഹരി ഉടമകൾക്ക് നല്കും. ബാങ്കിലെ എൻആർഐ നിക്ഷേപങ്ങളിൽ 17.60 ശതമാനം വർധന ഉണ്ടായപ്പോൾ വാർഷിക പ്രവർത്തന ലാഭം 38.14 ശതമാനം വർധിച്ചു.
വരവുചെലവ് അനുപാതം 56:70ൽനിന്ന് 49:20 ആയി കുറഞ്ഞു. അറ്റപലിശ വരുമാനത്തിൽ 10.98 ശതമാനവും ബാങ്കിംഗ് ഇതര വരുമാനങ്ങളിൽ 38.29 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തിയിലും അറ്റ നിഷ്ക്രിയ ആസ്തിയിലും കുറവുണ്ടായി. 3.77ൽനിന്ന് 2.45 ശതമാനമായാണ് നിഷ്ക്രിയ ആസ്തി കുറഞ്ഞത്. അറ്റ നിഷ്ക്രിയ ആസ്തി 2.89 ശതമാനത്തിൽനിന്ന് 1.45 ശതമാനമായും കുറഞ്ഞു. വായ്പകൾ 12.68 ശതമാനവും നിക്ഷേപങ്ങൾ 18.66 ശതമാനം വർധിച്ചു. കറന്റ്, സേവിംഗ്സ് അക്കൗണ്ടുകളിൽ (കാസ) 26.39 ശതമാനമാണ് വർധന.
മൊത്തം ബിസിനസിൽ 16.10 ശതമാനം വർധനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 97,506 കോടി രൂപയായിരുന്ന ബിസിനസ് ഈ വർഷം 15,695 കോടി രൂപ വർധിച്ച് 1,13,201 കോടിയായി ഉയർന്നു. റീട്ടെയിൽ വായ്പാ രംഗത്തും കാസയിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനം കൈക്കൊണ്ടതാണ് വെല്ലുവിളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിനെ സഹായിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് പാർട് ടൈം ചെയർമാൻ സലിം ഗംഗാധരനും പങ്കെടുത്തു.