മുംബൈ: ഒറ്റ ജയത്തോടെ ഫൈനലിലെത്താനായി മുംബൈയും പൂനയും ഇന്നിറങ്ങും. ഐപിഎല്‍ പത്താം സീസണിന്റെ ആദ്യ ക്വാളിഫയിംഗ് മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സും രണ്ടാംസ്ഥാനക്കാരായ റൈസിംഗ് പൂന സൂപ്പര്‍ജയന്റും വാങ്കഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. ജയിക്കുന്നവര്‍ നേരിട്ട് 21ന് നടക്കുന്ന ഫൈനലിനു യോഗ്യത നേടും. പരാജയപ്പെടുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ടാകും. എന്നാല്‍ ആ അവസരം ഉപയോഗിക്കാതെ ആദ്യമേ ഫൈനലിലെത്താനാണ് ഇരുടീമും ഇറങ്ങുക. അതുകൊണ്ട് മത്സരം കൂടുതല്‍ വാശിയേറിയതാകും. മുംബൈയ്ക്കാണെങ്കില് പകരംവീട്ടേണ്ടതായുണ്ട്. ഈ സീസണില്‍ മുംബൈയെ രണ്ടു തവണ തോല്‍പ്പിച്ച ടീമാണ് സൂപ്പര്‍ജയന്റ്.
അവസാന ലീഗ് മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായാണ് ഇരുടീമും യോഗ്യത നേടിയത്. മുംബൈ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും മികച്ച ബൗളിംഗിലൂടെ കിംഗ്സ് ഇലവന് പഞ്ചാബിനെ തകര്‍ത്താണ് പൂനയും രണ്ടാം സ്ഥാനത്തെത്തിയത്. മുംബൈയുടെ ബെഞ്ച് നിരയുടെ കരുത്താണ് കോല്ക്കത്തയ്ക്കെതിരേയുള്ള മത്സരത്തിലൂടെ പുറത്തുവന്നത്. പൂനയാണെങ്കില് നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെ ചെറിയ സ്കോറില്‍ ഒതുക്കി വിജയം നേടി.
ഈ സീസണില്‍ മുംബൈയുടെ ബാറ്റിംഗ് നിര ഫോമിലാണെന്നത് ടീമിന് ആശ്വാസം നല്കുന്നു. ലെന്‍ഡില്‍ സിമണ്‍സ്, കെയ്റോണ്‍ പോളാര്‍ഡ്, പാര്‍ഥിവ് പട്ടേല്‍, നായകന് രോഹിത് ശര്‍മ, നിതീഷ് റാണ എന്നിവര്‍ ഏതു ബൗളിംഗിനെയും തകര്‍ക്കാന്‍ പ്രാപ്തരാണ്. പിന്നെ പാണ്ഡ്യ സഹോദരന്മാര്, കൃനാലും ഹാര്‍ദികും ആവശ്യ സമയത്ത് പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പ്രകടിപ്പിക്കുന്നു. കോല്‍ക്കത്തയ്ക്കെതിരേ ഫോമില്‍ കളിച്ച അമ്പാടി റായുഡു ഇന്ന് ഫോമിലല്ലാത്ത നിതീഷ് റാണയ്ക്കു പകരം ഇറങ്ങാന്‍ സാധ്യതയുണ്ട്. പഞ്ചാബിനെതിരേ ഹോം ഗ്രൗണ്ടില്‍ 200 ലേറെ റണ്‍സാണ് മുംബൈ ബൗളര്‍മാര്‍ വഴങ്ങിയത്. അതുകൊണ്ട് ലസിത് മലിംഗ, മിച്ചല്‍ മക്ക്ലേനഗന് എന്നിവര്‍ ഫോമിലെത്തേണ്ടത് മുംബൈയ്ക്ക് അത്യാവശ്യമാണ്.
പൂനയാണെങ്കില് പഞ്ചാബിനെ ഒമ്പത് വിക്കറ്റ് കീഴടക്കി ആത്മവിശ്വാസം തിരിച്ചു പിടിച്ചു. പേസര്‍മാരായ ജയദേവ് ഉനദ്കട്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഡാനിയല്‍ ക്രിസ്റ്റിന് എന്നിവര്‍ ആവശ്യസമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ആദം സാംപയും ഫോമിലായാല്‍ മുംബൈക്ക് റണ്ണൊഴുക്കാന്‍ ബുദ്ധിമുട്ടാകും. ബാറ്റിംഗില്‍ രാഹുല്‍ ത്രിപാദി ഫോമിലാണ്. എന്നാല്‍ അജിങ്ക്യ രഹാനെയ്ക്ക് ഇതുവരെ വന്‍ സ്കോര്‍ നേടാനായിട്ടില്ല. ബെന്‍ സ്റ്റോക്സ് ദേശീയ ടീമിനൊപ്പം ചേരാനായി ഇംഗ്ലണ്ടിലേക്കു തിരിച്ചുപോയതോടെ ഓള്‍റൗണ്ടറുടെ കുറവുണ്ട്. എന്നാല്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഫോമിലാണ് പ്രതീക്ഷകള്‍.