പാലോട്∙ പെരിങ്ങമ്മല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഒൻപത് പേരിൽ നിന്നും വീസയ്ക്കായി മൂന്നരലക്ഷം രൂപ വാങ്ങിയ ശേഷം മുങ്ങിയ വാളിക്കോട് സ്വദേശി സലിമിനെ പരാതിക്കാർ പിടിക്കൂടി പോലീസിനു കൈമാറി. പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് പലരിൽ നിന്നും പണം വാങ്ങിയ ശേഷം ഇയാൾ മുങ്ങിയത്. ഈമാസം ആദ്യം ദുബായിലേക്കുള്ള വീസ നൽകാമെന്നാണ് പറഞ്ഞിരുന്നത്. ഇന്നലെ ഓട്ടോയിൽ വരവെ നെടുമങ്ങാട് വച്ചാണ് ഇയാളെ പരാതിക്കാർ പിടികൂടിയത്.
ഇയാൾക്ക് സമാനമായ കേസ് വിതുര സ്റ്റേഷനിലും ഉണ്ടെന്നും തമിഴ് നാട്ടിലെ ഒരു ഏജന്റുമായി ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.