പ്രത്യേക ലേഖകൻ
തൃശൂർ: കാത്തലിക് സിറിയൻ ബാങ്കിൽനിന്ന് വിവാദ വിദേശ ഇന്ത്യൻ വ്യവസായി സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ പക്കൽ ശേഷിക്കുന്ന അഞ്ചു ശതമാനം ഓഹരിയും വിൽക്കാൻ ധാരണയായി. മുംബൈയിലെ നിക്ഷേപകരായ ഇനാം സെക്യൂരിറ്റീസാണ് ഓഹരികൾ വാങ്ങുന്നത്. ഇനാം സെക്യൂരിറ്റീസിന്റെ മേധാവിയും പ്രമുഖ നിക്ഷേപ വിദഗ്ധനുമായ വല്ലഭ് ബൻസാലിയുമായി ചൗള ഗ്രൂപ്പ് ഇതു സംബന്ധിച്ച കരാറായി.
പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 160 രൂപയ്ക്കാണു വിൽക്കുന്നത്. കരാർ നടപ്പാക്കുന്നതോടെ ബാങ്കിന്റെ നാമമാത്രമായ ഓഹരികൾ മാത്രമേ ഇനി ചൗളയുടെ കൈയിൽ ശേഷിക്കൂ.
1993- 94 വർഷങ്ങളിൽ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ ചൗളയുടെ നിയന്ത്രണത്തിലായിരുന്നു. ബാങ്കിന്റെ നിയന്ത്രണം ചൗളയുടെ കൈയിലായി. വിദേശ ഇന്ത്യൻ വ്യവസായി ബാങ്കിനെ കൈക്കലാക്കുന്നുവെന്നാ രോപിച്ച് ബാങ്കിന്റെ ആസ്ഥാനമായ തൃശൂരിൽ പ്രക്ഷോഭങ്ങൾവരെ നടന്നു. പത്തു വർഷം മുമ്പ് ചൗളയുടെ ഓഹരി 24.5 ശതമാനമായി കുറച്ചു.
ബാങ്കിന്റെ ഓഹരികളിൽ പത്തു ശതമാനത്തിലധികം ഒരാളുടെയോ ഒരു സ്ഥാപനത്തിന്റെ യോ നിയന്ത്രണത്തിലാകരുതെന്നു ചൂണ്ടിക്കാട്ടി 2010-ൽ റിസർവ് ബാങ്ക് ചൗളയ്ക്കു നോട്ടീസയച്ചു. ഇതനുസരിച്ചു ചൗള 14.5 ശതമാനം ഓഹരികൾ നേരത്തേ വിറ്റിരുന്നു. ഇപ്പോൾ ചൗളയുടെ കൈയിൽ ശേഷിച്ച അഞ്ചു ശതമാനം ഓഹരികളാണു വിൽക്കുന്നത്. അഞ്ചു ശതമാനത്തിൽ കുറവുള്ള ഓഹരി വിൽക്കാൻ റിസർവ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചാൽ മതിയാകും.
ചൗള പരാജയം സമ്മതിച്ചു മടങ്ങുകയാണെങ്കിലും കാത്തലിക് സിറിയൻ ബാങ്കിൽ ആയിരം കോടി രൂപയുടെ വൻ നിക്ഷേപം അടുത്ത മാസം എത്തും.
ബാങ്കിന്റെ 51 ശതമാനം ഓഹരികൾ വാങ്ങാൻ വിദേശ ധനകാര്യ സ്ഥാപനമായ ഫെയർഫാക്സിനു റിസർവ് ബാങ്ക് ഇക്കഴിഞ്ഞ ഡിസംബറിൽ അനുമതി നൽകിയിരുന്നു. കാനഡയിലെ കോടീശ്വരനും നിക്ഷേപ വിദഗ്ധനുമായ പ്രേം വാട്സയുടെ ഉടമസ്ഥതയിലുള്ള നിക്ഷേപ സ്ഥാപനമാണു ഫെയർഫാക്സ്.
51 ശതമാനം വരെ നിക്ഷേപിക്കാമെങ്കിലും വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ട്. 12 വർഷത്തിനകം ബാങ്കിൽ ഫെയർഫാക്സിന്റെ ഓഹരി 15 ശതമാനമായി കുറയ്ക്കണമെന്ന വ്യവസ്ഥയോടെയാണു റിസർവ് ബാങ്കിന്റെ അനുമതി.
നിക്ഷേപത്തിനു മുന്നോടിയായി ബാങ്കിന്റെ ആസ്തി സംബന്ധിച്ച കണക്കെടുപ്പു പൂർത്തിയായി വരികയാണ്. കണക്കു കൈമാറുന്നതോടെ നിക്ഷേപം എത്തുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികാരികൾ.
ലുലു ഗ്രൂപ്പ് സാരഥി എം.എ. യൂസഫലിക്കു കാത്തലിക് സിറിയൻ ബാങ്കിന്റെ 4.98 ശതമാനം ഓഹരികളുണ്ട്. 4.61 ശതമാനം ഓഹരികൾ ഫെഡറൽ ബാങ്കിന്റെ കൈയിലുണ്ട്.