തലയോലപ്പറന്പ്: നഴ്സിംഗ് സ്കൂളിലെ വിദ്യാർഥിനി ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പോലീസിന്റെ അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ തലയോലപ്പറന്പ് പോലീസിൽ പരാതി നൽകി. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം ആരംഭിച്ചത്. തലയോലപ്പറന്പ് ജൂണിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിംഗ് രണ്ടാംവർഷ എഎൻഎം വിദ്യാർഥിനി തൊടുപുഴ കുറിഞ്ഞി പുളിമൂട്ടിൽ ഷാജിയുടെ മകൾ ശ്രീക്കുട്ടി ഷാജി (20)യെയാണ് ഇന്നലെ രാവിലെ
7.30ഓടെയാണ് നഴ്സിംഗ്് സ്കൂളിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.
നഴ്സിംഗ് സ്കൂളിനു മുകളിലത്തെ നിലയിലുള്ള ഹോസ്റ്റലിലെ കുളിമുറിയിൽ കുളിക്കാൻ കയറിയ ശ്രീക്കുട്ടി ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേയ്ക്ക് വരാത്തതിനെ തുടർന്ന് സഹപാഠികൾ കുളിമുറിയുടെ വാതിൽ തള്ളി തുറന്നുനോക്കിയപ്പോൾ ബാത്ത്റൂമിലെ ഷവറിൽ ഷാളിൽ തൂങ്ങിയനിലയിൽ ശ്രീക്കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ വിദ്യാർഥികളും മറ്റ് സ്കൂൾ അധികൃതരും വൈക്കം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാസങ്ങൾക്ക് മുന്‍പ് സ്കൂളിൽ ഭക്ഷണത്തിൽ മായം കലർത്തിയതായി ബന്ധപ്പെട്ട സംഭവം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീകുട്ടിയെ സ്കൂൾ അധികൃതർ വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നുള്ള സംഭവവികാസങ്ങളാണോ മരണത്തിലേയ്ക്ക് എത്തിച്ചതെന്നാണ് ബന്ധുക്കളുടെ സംശയം.
ഈ സംഭവം നടന്നതിനു ശേഷം വിളിച്ചുചേർത്ത് പിടിഎ യോഗത്തിൽ പ്രശ്നം ചർച്ചചെയ്തവസാനിപ്പിച്ചതാണെന്നും തുടർന്നുള്ള ദിവസങ്ങളിൽ ശ്രീകുട്ടി സന്തോഷവതിയായിരുന്നെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. ശ്രീകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ശ്രീകുട്ടിയുടെ മുറിയിൽ നിന്നും കണ്ടെടുത്ത മൊബൈൽഫോണ്‍ സൈബർസെല്ലിനു കൈമാറിയെന്നും തലയോലപ്പറന്പ് പോലീസ് പറഞ്ഞു. ശ്രീകുട്ടിയുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ കോട്ടയം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് നഴ്സിംഗ് സ്കൂളിലേയ്ക്ക് മാർച്ച്നടത്തും.