കിഴക്കന്പലം: കിഴക്കന്പലത്തെ ജനത്തിരക്കേറിയ മാർക്കറ്റ് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ സ്ത്രീകളടക്കമുള്ള യാത്രക്കാർ കടത്തിണ്ണകളെ ശരണം പ്രാപിക്കുന്നു.
പട്ടിമറ്റം, പെരുന്പാവൂർ, മുവാറ്റുപുഴ, കോലഞ്ചേരി, ആലുവ, എറണാകുളം, തൃപ്പൂണിത്തുറ തുടങ്ങിയ സ്ഥലങ്ങളിലേക്കു പോകേണ്ട യാത്രക്കാരാണ് വെയിറ്റിംഗ് ഷെഡില്ലാത്തതിനാൽ മഴയിലും വെയിലിലും കടത്തിണ്ണകളിൽ അഭയം തേടുന്നത്.
യാത്രക്കാർ കടകൾക്കു മുന്നിലും മാർക്കറ്റിലേക്കു പ്രവേശിക്കുന്ന വഴികളിലും കൂട്ടംകൂടി നിൽക്കുന്നതിനാൽ ഇവിടേക്കെത്തുന്നവരും ബുദ്ധിമുട്ടുകയാണ്.
കെഎസ്ഇബി ഓഫീസിന്റെ മുന്നിലെ ബസ് സ്റ്റോപ്പിൽ അനധികൃതമായി വാഹനങ്ങൾ പാർക്കു ചെയ്യുന്നതും ബസ് കാത്തുനില്‍ക്കുന്നവരെ ദുരിതത്തിലാക്കുന്നുണ്ട്. ബസ് സ്റ്റോപ്പായി പത്യേകം ഒരിടമില്ലാത്തതിനാൽ ബസ് നിർത്തുന്നത് പലപ്പോഴും ഈ വാഹനങ്ങളുടെ സമീപത്തായിരിക്കും.
വർഷങ്ങൾക്കുമുന്‍പ് കെഎസ്ഇബി ഓഫീസിന്റെ മുന്നിൽ വെയിറ്റിംഗ് ഷെഡ് ഉണ്ടായിരുന്നതായും കാലക്രമേണ ഇത് ഇല്ലാതായതായും നാട്ടുകാർ പറയുന്നു. കിഴക്കന്പലം ടൗണ്‍ പ്രദേശത്ത് ആകെയുള്ള ബസ് കാത്തിരുപ്പു കേന്ദ്രം ബസ്സ്റ്റാൻഡിനു മുന്നിലുള്ള വെയിറ്റിംഗ് ഷെഡ് മാത്രമാണ്.
എന്നാൽ ബസ്സ്റ്റാൻഡും ഇപ്പോൾ ടൂവീലറുകളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ കൈയേറിയിരിക്കുകയാണ്. ഇക്കാരണത്താൽ ഇവിടെയെത്തുന്ന ബസുകളും സ്റ്റാൻഡിൽ കയറ്റാനാകാത്ത സ്ഥിതിയാണുള്ളതെന്ന് ബസ് ജീവനക്കാരും പറയുന്നു.
കിഴക്കന്പലത്തെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കാൻ പഞ്ചായത്തധികൃതർ അടിയന്തിരമായി ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.