സ്വന്തം ലേഖകൻ
തൃശൂർ: പോലീസ് അക്കാദമി കാന്പസിലുള്ള ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കുമെന്നു സംസ്ഥാന പോലീസ് മേധാവി നൽകിയ സത്യവാങ്മൂലവും തുടർന്നു ഹൈക്കോടതി നൽകിയ ഉത്തരവും ആറു മാസമായിട്ടും നടപ്പാക്കുന്നില്ല. ഒരു വർഷത്തിനകം ഷൂട്ടിംഗ് ക്ലബ് രൂപീകരിച്ച് ഷൂട്ടിംഗ് റേഞ്ച് സംരക്ഷണ പദ്ധതി നടപ്പാക്കണമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ നവംബർ ഒന്പതിനു വിധി പ്രസ്താവിച്ചത്.
പൊതുപ്രവർത്തകനായ ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കാൻ ഉത്തരവിട്ടത്. ദേശീയ ഗെയിംസിനുവേണ്ടിയാണ് എട്ടുകോടി രൂപ ചെലവിട്ട് ലോകോത്തര നിലവാരമുള്ള ഷൂട്ടിംഗ് നിർമിച്ചത്. നശിച്ചുകൊണ്ടിരിക്കുന്ന ഷൂ്ട്ടിംഗ് റേഞ്ചിലെ ഉപകരണങ്ങൾ കളക്ടറുടെ പക്കൽനിന്ന് ഏറ്റെടുക്കാനോ ഷൂട്ടിംഗ് താരങ്ങൾക്കു പ്രയോജനകരമായ വിധത്തിൽ ഷൂട്ടിംഗ് ക്ലബിന്റെ പ്രവർത്തനം ആരംഭിക്കാനോ ഇതുവരേയും നടപടിയുണ്ടായിട്ടില്ല. ഇക്കാര്യങ്ങൾ തങ്ങൾ ചെയ്യുമെന്നു പോലീസ് മേധാവി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
ഷൂട്ടിംഗ് റേഞ്ച് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി എഡിജിപി ക്രൈം ചെയർമാനായി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പണികൾക്കായി 19.85 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ജനുവരി 24 നു കായിക വകുപ്പിലേക്ക് അയച്ചിട്ടുണ്ട്. ഷൂട്ടിംഗ് ക്ലബ് രൂപീകരിക്കാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കാമെന്നാണു ഡിജിപി അധ്യക്ഷനായുള്ള കേരള പോലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫയർ സൊസൈറ്റി ജനുവരി 17 നു ചേർന്ന യോഗം തീരുമാനിച്ചത്.
കേരള പോലീസിന്റെ ഷൂട്ടിംഗ് ടീം രൂപീകരിക്കാനും പരിശീലനത്തിനും മത്സരത്തിനും ആവശ്യമായ റൈഫിളുകൾ വാങ്ങാനും സൊസൈറ്റിയുടെ സെക്രട്ടറി ഐജി മനോജ് ഏബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. വിവരാവകാശ രേഖയായി പോലീസ് ആസ്ഥാനത്തുനിന്ന് ഷാജി ജെ. കോടങ്കണ്ടത്തിനെ അറിയിച്ചതാണ് ഇക്കാര്യം.
ഷൂട്ടിംഗ് ക്ലബ് രൂപീകരിക്കാനും ഷൂട്ടിംഗ് റേഞ്ച് നല്ല നിലയിൽ നടത്തിക്കൊണ്ടുപോകാനും പോലീസിന്റെ ഭാഗത്തുനിന്നു തുടർനടപടികൾ ഉണ്ടായിട്ടില്ല.