സ്വന്തം ലേഖകൻ
കൊച്ചി: കൗമാര കായിക മാമാങ്കമായ ഫിഫ അണ്ടർ-17 ലോകകപ്പിന് ഒരുങ്ങുന്ന കൊച്ചിയിലെ, പ്രധാന വേദികളുടെയും പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളുടെ കാര്യത്തിൽ സംഘാടകർ മൗനം തുടരുന്നു. പ്രധാനവേദിയായ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ പണികൾ അവസാന ഘട്ടത്തിലാണെങ്കിലും പരിശീലന മൈതാനങ്ങളുടെ അവസ്ഥ പരിതാപകരമായി തന്നെ തുടരുകയാണ്. അതിനിടെ ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി ഇന്നു കൊച്ചിയിലെത്തും.
കലൂർ സ്റ്റേഡിയത്തിൽ കസേരകൾ ഘടിപ്പിക്കുന്ന പണി ഇന്നലെ പൂർത്തിയായി. എയർകണ്ടീഷനിംഗും പെയിന്റിംഗും പൂർത്തിയായിട്ടുണ്ട്. അഗ്നിശമന സംവിധാനം പൂർത്തിയായി വരുന്നതേയുള്ളൂ. മാലിന്യപ്രശ്നങ്ങളും മറ്റും പരിഹരിക്കാതെ കിടക്കുന്നു. പരിശീലന മൈതാനങ്ങളുടെ കാര്യത്തിൽ ഒരുപാട് കാര്യങ്ങൾ ബാക്കിയുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ വേദികളെല്ലാം ഭംഗിയായി ഒരുങ്ങിയപ്പോഴാണു കൊച്ചിക്കിപ്പോഴും തണുപ്പൻ മട്ട്.
ലോകകപ്പിനു പ്രധാനവേദിയാകുന്ന ജവഹർലാൽ നെഹ്റു സ്റ്റേഡിയമായിരുന്നു 2016ലെ ഐഎസ്എൽ മത്സരങ്ങൾക്കും വേദിയായത്. രണ്ടുമാസം നീണ്ട ഐഎസ്എൽ മത്സരങ്ങൾക്കുശേഷമാണ് ഒരുക്കങ്ങൾ ആരംഭിച്ചതു തന്നെ. അതേസമയം മറ്റൊരു വേദിയായ കോൽക്കത്തയിലെ സാൾട്ട് ലേക്ക് മൈതാനം ഐഎസ്എൽ മത്സരങ്ങൾക്കു വിട്ടുനല്‍കാതെയാണ് ഒരുക്കങ്ങൾ നടത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള ഫുട്ബോൾ അസോസിയേഷനെ സംഘാടകർ പഴി പറയുന്നു.
ഫിഫ സംഘത്തിന്റെ ഇന്നത്തെ സന്ദർശനം കൊച്ചിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പരമാവധി മുഖം മിനുക്കി വേദിയെ അവതരിപ്പിക്കാനാണു ശ്രമം. ഒരുക്കങ്ങളുടെ ശതമാനക്കണക്ക് പറഞ്ഞായിരിക്കും സംഘാടകർ പിടിച്ചുനില്ക്കാൻ ശ്രമിക്കുക. പരിശീലന മൈതാനങ്ങളിലെ പുല്ലു പോലും ശരിയായ ദിശയിൽ വളർച്ച കൈവരിക്കാത്ത സാഹചര്യത്തിൽ സംഘാടകരുടെ വാദങ്ങൾ ഫിഫ ഏതുരീതിയിലാകും എടുക്കുകയെന്നതു കണ്ടറിയണം.
പ്രധാനവേദിയുടെയും പരിശീലന മൈതാനങ്ങളുടെയും ഒരുക്കങ്ങളുടെ നിലവിലുള്ള സ്ഥിതി ചുവടെ.
കലൂർ രാജ്യാന്തര സ്റ്റേഡിയം
ഗാലറിയുടെ രണ്ടാം തട്ടിൽ പുതിയ കസേരകൾ വച്ചുപിടിപ്പിക്കുന്ന ജോലി ഏതാണ്ടു പൂർത്തിയായി. സ്റ്റേഡിയത്തിലെ പൊതുശുചിമുറികൾ നന്നായി നവീകരിച്ചു. ഇവിടത്തെ പുൽപ്രതലം നല്ല നിലവാരം പുലർത്തുന്നുണ്ട്. ഡ്രസിംഗ് റൂമും കോണ്‍ഫറൻസ് ഹാളും ഉൾപ്പെടെ 27 മുറികളിൽ നവീകരണം നടക്കുന്നു. സീലിംഗ് പലയിടത്തും പൂർത്തിയാകാനുണ്ട്. ഇവ ഇന്നു രാവിലെ തന്നെ പൂർത്തീകരിക്കാനാണു സംഘാടകരുടെ ശ്രമം.
സ്റ്റേഡിയത്തിനു സമീപം മാലിന്യങ്ങൾ കുന്നുകൂടിയ നിലയിലാണ്. തെരുവുനായ ശല്യം രൂക്ഷം. ഒരുക്കങ്ങളുടെ അവസാനഘട്ടത്തെക്കുറിച്ചു മാധ്യമ പ്രവർത്തകർക്കു വിവരം നല്‍കരുതെന്നും പുറത്തുനിന്ന് ആരെയും സ്റ്റേഡിയത്തിനകത്ത് പ്രവേശിപ്പിക്കരുതെന്നും ജിസിഡിഎ, സുരക്ഷ ജീവനക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
മഹാരാജാസ് കോളജ് ഗ്രൗണ്ട്
പുൽപ്രതലം കാര്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. ഇതു ഫിഫ സംഘത്തെ തൃപ്തരാക്കിയേക്കും. ഫിഫയുടെ ടർഫ് കണ്‍സൾട്ടന്റ്, ഡീൻ ഗില്ലസ്പി നേരത്തെ മൈതാനങ്ങൾ സന്ദർശിച്ച അവസരത്തിൽ, പുൽപ്രതലങ്ങളുടെ കാര്യത്തിൽ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പവലിയൻ നേരത്തെയുള്ളതിനാൽ പുതിയ നിർമാണം ആവശ്യമായി വന്നില്ല. പുതിയ ഫ്ളഡ് ലിറ്റിന്റെ പണിയും പുരോഗമിക്കുന്നുണ്ട്.
പനന്പിള്ളി നഗർ സ്കൂൾ ഗ്രൗണ്ട്
മൈതാനത്തു പാകിയ പുല്ല് വളരുന്നുണ്ട്. കെട്ടിടത്തിന്റെ പണി ഇഴച്ചിലിൽ തന്നെ. ഇതിന് ഇനിയും സമയമെടുക്കുമെന്നാണു ജോലിക്കാർ പറയുന്നത്. മറ്റു നിർമാണ പ്രവർത്തനങ്ങൾ പരമാവധി വേഗത്തിൽ മുന്നോട്ടു പോകുന്നുണ്ട്. ഇത് ഫിഫ സംഘത്തിനു മുന്നിൽ മൈതാനത്തിനു ഗുണകരമായ ഘടകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഫോർട്ടുകൊച്ചി വെളി മൈതാനം
ഡ്രസിംഗ് റൂം, ശുചിമുറി എന്നിവ അടക്കമുള്ള കെട്ടിടത്തിന്റെ പണി പാതിവഴിയിലായിട്ടേയുള്ളൂ. സംഘാടകർ തുടക്കം മുതൽ തന്നെ അലംഭാവം കാട്ടിയതും ഫോർട്ടുകൊച്ചിയിലെ രണ്ടു മൈതാനങ്ങളുടെ കാര്യത്തിലാണ്. വെളി മൈതാനം പലഭാഗത്തും പുല്ല് പിടിക്കാത്ത അവസ്ഥയിലാണ്. പിടിച്ചതുതന്നെ മികച്ചവളർച്ച കൈവരിച്ചിട്ടുമില്ല. സ്പ്രിംഗ്ലർ ഉപയോഗിച്ചുള്ള വെള്ളം തളിക്കൽ കാര്യമായി പുരോഗമിക്കുന്നുണ്ടെങ്കിലും ഡ്രൈയിനേജിന്റെ പണി പോലും നടക്കുന്നതേയുള്ളൂവെന്നതു മൈതാനത്തിന്റെ ദുരവസ്ഥ വ്യക്തമാക്കുന്നു.
ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ട്
പൈതൃക മേഖലയിലായതിനാൽ ഇവിടെ കെട്ടിടങ്ങൾ പണിയുന്നില്ല. താത്കാലികമായാണ് ഇവ ഒരുക്കുക. അത്തരം ഒരുക്കങ്ങളൊന്നും തുടങ്ങിയിട്ടില്ല. പുൽപ്രതലത്തിന്റെ കാര്യത്തിൽ ഇവിടെയാണ് ഏറ്റവും പരിതാപകരമായ അവസ്ഥയുള്ളത്. അവസാനം പുല്ല് പിടിപ്പിച്ച മൈതാനമാണിത്. ഇത് ആവശ്യത്തിനു വളർച്ച കൈവരിച്ചിട്ടില്ല. ചുറ്റുമതിലില്ലാത്തതിനാൽ പരിസരത്തെ വളർത്തുമൃഗങ്ങളുടെ വിഹാര കേന്ദ്രമാണ് ഇവിടം. ആടുകൾ കളിക്കളത്തിൽ കയറി പുല്ലു തിന്നുണ്ടെന്നു പരിസരവാസികൾ പറയുന്നു. വേലിയുടെ പണി ഉടൻ ആരംഭിക്കുമെന്നാണു സംഘാടകരുടെ ഭാഷ്യം.