മങ്കൊന്പ്: കടുത്ത വേനലിൽ നാടാകെ ഒരിറ്റു ശുദ്ധജലത്തിനായി പരക്കം പായുന്പോൾ കുട്ടനാട്ടിലെ പ്രധാന പാതയായ ആലപ്പുഴ-ചങ്ങനാശേരി റോഡിൽ വെള്ളപ്പൊക്കം. എസി റോഡിൽ നെടുമുടി നസ്രത്ത് ജംഗ്ഷനു കിഴക്കുവശത്താണ് റോഡ് വെള്ളത്തിനടിയിലായത്.
കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വെള്ളം കയറിയതിനെ തുടർന്നു റോഡിൽ ഗതാഗതതടസവും അനുഭവപ്പെടുന്നു. ചന്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന ചിറയ്ക്കുപുറം, നാട്ടായം പാടശേഖരങ്ങളുടെ നടുവിൽ കൂടിയാണ് റോഡ് കടന്നുപോകുന്നത്. പുഞ്ചക്കൃഷി വിളവെടുത്തശേഷം ചിറയ്ക്കുപുറം പാടത്ത് വെള്ളം കയറ്റിയതോടെയാണ് റോഡിൽ വെള്ളം കയറിയത്.
വേനൽക്കാലമായതിനാൽ കുട്ടനാട്ടിലെ ജനിരപ്പ് ഏറ്റവും താഴ്ന്ന നിലയിലാണ്. എന്നിട്ടും റോഡിൽ വെള്ളം കയറിയത് യാത്രക്കാർക്കും, നാട്ടുകാർക്കിടയിലും പ്രതിഷേധത്തിനിടയാക്കുന്നു. ജലനിരപ്പിൽ നി്ന്നുള്ള റോഡിന്റെ ഉയരക്കുറവാണ് വെള്ളം കയറാൻ കാരണമാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കിലോമീറ്ററിനു ഒന്നേകാൽ കോടി മുടക്കി രാജ്യാന്തരനിലവാരത്തിൽ നിർമിച്ച റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ യാത്രക്കാർ ക്ഷുഭിതരാണ്. ഇതിനുശേഷം 2012ൽ 7.2 കോടി മുടക്കി റോഡിന്റെ ഉപരിതലം മിനുക്കുന്ന ജോലികളും നടന്നിരുന്നു. നാട്ടായം പാടശേഖരത്തിൽ വെള്ളം കയറ്റാതിരുന്നതിനാണ് വെള്ളക്കെട്ടിന്റെ തീവ്രത കുറഞ്ഞത്. മങ്കൊന്പ് ബ്ലോക്ക് ജംഗ്ഷനും ഒന്നാംകര പാലത്തിനുമിടയിലുള്ള റോഡ് ഇതിലും താഴ്ന്ന പ്രദേശമാണ്.
സമീപത്തെ മൂലം പൊങ്ങന്പ്ര പാടത്ത് വെള്ളം കയറിയാൽ റോഡിൽ ഒരടിയോളം ജലനിരപ്പുയരും. ഈ പാടശേഖരത്തിൽ രണ്ടാംകൃഷിയിറക്കുന്നതിനാലാണ് വെള്ളപ്പൊക്കത്തിന് അൽപമെങ്കിലും നിയന്ത്രണമുണ്ടാകുന്നത്. കാലവർഷം ആരംഭിച്ചാൽ എസി റോഡിന്റെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാകും.
പാടശേഖരങ്ങളെ ആശ്രയിച്ച് റോഡിലെ വെള്ളക്കെട്ടു നിയന്ത്രിക്കുന്ന രീതിയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി നടന്നുവരുന്നത്. വെള്ളപ്പൊക്ക കാലത്തെ റോഡിന്റെ അവസ്ഥ മുൻവർഷങ്ങളിൽ മുഖ്യമന്ത്രിയടക്കം സന്ദർശിച്ച് നേരിട്ട് മനസിലാക്കിയിട്ടുള്ളതാണ്. താഴ്ന്ന പ്രദേശങ്ങൾ മണ്ണിട്ടുയർത്തി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടാകാത്തത് യാത്രക്കാരെ വിഷമിപ്പിക്കുന്നു.