ഏത് നാട്ടില്‍, ഏത് സാഹചര്യത്തില്‍ ജനിച്ചു വളരുന്നവരാണെങ്കിലും ചെറുപ്പകാലത്ത് കുട്ടികളില്‍ കണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. അതിലൊന്നാണ് മൂക്കില്‍ വിരലിട്ട് അതില്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്ന മൂക്കട്ട എടുത്ത് വായില്‍ വയ്ക്കുന്ന സ്വഭാവം. ‘അയ്യേ…’ എന്നു പറഞ്ഞ് കളിയാക്കി അത്തരക്കാരെ വിലക്കുകയും മേലില്‍ അവര്‍ അത് ചെയ്യാത്ത വിധം പേടിപ്പിക്കുകയുമാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. മൂക്കുചെളി (boogers) എന്നും അറിയപ്പെടുന്ന ഈ സംഗതി മുഖത്ത് പറ്റിപ്പിടിച്ചിരിക്കുന്നതും അരോചകമായാണ് കരുതപ്പെടുന്നത്. പക്ഷേ ഹാര്‍വാഡിലെയും എംഐടിയിലെയും ഉള്‍പ്പെടെ ഗവേഷകര്‍ പറയുന്നു മൂക്കില്‍ വിരലിട്ട് ഉണങ്ങിയ മൂക്കുചെളി തിന്നുന്നത് നല്ലതാണെന്ന്. കേള്‍ക്കുമ്പോള്‍ അറപ്പ് തോന്നുമെങ്കിലും തെളിവു സഹിതമാണ് അവര്‍ വാദിക്കുന്നത്.
ഇതില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും ആരോഗ്യത്തിന്, പ്രത്യേകിച്ച് പല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമാണെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ബാക്ടീരിയകളുടെ സംഭരണി എന്നാണ് ഇതിനെ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജി എന്ന ജേണലില്‍ ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദോഷകരമായ ബാക്ടീരിയകള്‍ പല്ലില്‍ ഒട്ടിപ്പിടിക്കാതെ ഈ മൂക്കള സംരക്ഷിക്കും. ശ്വാസകോശ അണുബാധ, കുടല്‍ വ്രണങ്ങള്‍ തുടങ്ങി എച്ച്‌ഐവി ബാധയ്‌ക്കെതിരെ വരെ പോരാടാന്‍ ശരീരത്തില്‍ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താനും മൂക്കുചെളി സഹായിക്കും. പല്ലിനെ സംരക്ഷിക്കുമെന്നതിനാല്‍ ‘കൃത്രിമ മൂക്കട്ട’ തയാറാക്കിയെടുത്ത് അതുപയോഗിച്ച് ടൂത്ത് പേസ്റ്റും ച്യൂവിങ് ഗമ്മും നിര്‍മിക്കാനും വരെ ഗവേഷകര്‍ക്ക് പദ്ധതിയുണ്ട്.
കൊച്ചുകുട്ടികള്‍ ചെളിയില്‍ കളിക്കുന്നത് അവരുടെ പ്രതിരോധ ശേഷി കൂട്ടാനേ ഉപകരിക്കൂ എന്ന കണ്ടെത്തല്‍ അടുത്ത കാലത്ത് നടന്നിരുന്നു. മൂക്കട്ടയുടെ പ്രവര്‍ത്തനവും സമാനമാണെന്നാണ് ഗവേഷണത്തില്‍ പങ്കുവഹിച്ച ബയോകെമിസ്ട്രി പ്രഫസര്‍ സ്‌കോട്ട് നാപ്പര്‍ സ്ഥാപിക്കുന്നത്. പ്രകൃതിയോടു ചേര്‍ന്നുള്ള ജീവിതരീതി കൂടിയാണിത്. മൂക്ക് ഒട്ടുമിക്ക ബാക്ടീരിയകളെയും തടയുന്ന ‘ഫില്‍റ്റര്‍’ ആയാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ത്തന്നെ ഇവ ശേഖരിക്കപ്പെട്ട് വായിലൂടെ കുടലിലെത്തുമ്പോള്‍ മരുന്നുപോലെ പ്രവര്‍ത്തിക്കുമെന്നും പഠനത്തില്‍ പറയുന്നു. ഉണങ്ങിയ മൂക്കട്ട തിന്നുന്ന കുട്ടികളുള്‍പ്പെടെയുള്ള ആളുകളെ പഠനത്തിന്റെ ഭാഗമായി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശ്വാസകോശരോഗങ്ങള്‍ ഉള്‍പ്പെടെ അവരെ ബാധിച്ചില്ലെന്നു മാത്രമല്ല, നേരത്തേ ഉണ്ടായിരുന്നതിനെക്കാളും ആരോഗ്യത്തോടെയായിരുന്നു പഠനകാലയളവിലെ അവരുടെ ജീവിതം. മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുവേണം കുട്ടികളെ വളര്‍ത്താന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.