തലയോലപ്പറന്പ്: നഴ്സിംഗ് വിദ്യാർഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളെയും അധ്യാപകരെയും തലയോലപ്പറന്പ് പോലീസ് ചോദ്യം ചെയ്തു. കേസിനു വഴിത്തിരിവാകുന്ന നിർണായകവിവരങ്ങൾ ലഭിച്ചതായാണ് സൂചന. തലയോലപ്പറന്പ് ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ട്രെയിനിംഗ് സ്കൂളിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർഥിനി തൊടുപുഴ കുറിഞ്ഞി പുളിമൂട്ടിൽ ഷാജിയുടെ മകൾ ശ്രീക്കുട്ടി ഷാജിയെയാ(20)ണ് ചൊവാഴ്ച രാവിലെ 7.30നു സ്കൂളിനു മുകളിലത്തെ നിലയിലുള്ള ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ശ്രീക്കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. മരണദിവസം നടന്ന ചില സംഭവങ്ങളിലെ ദുരൂഹതയും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശ്രീക്കുട്ടിയുടെ മരണം സ്ഥിരീകരിച്ച ഉടനെ വൈക്കത്തെ ആശുപത്രിയിലെ ക്വാഷ്വാലിറ്റിക്ക് മുന്നില്‍ നിന്ന് റൂമിലെ മറ്റൊരു കുട്ടിയായ കൊല്ലം സ്വദേശിനി ചിപ്പി വാഹനത്തിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്തിനാണെന്ന് പിതാവ് ഷാജി പ്ലാമൂട്ടില്‍ ചോദിക്കുന്നു. മോള് കഴുത്തിലും കാതിലും കൈയിലുമായി ഒന്നരപവന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ ധരിച്ചിരുന്നു.
ഇത് എവിടെ പോയി എന്ന് അമ്മാവന് ഡോക്ടര്‍ യശോധരന് ചോദിക്കുന്നു. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കൈയില്‍ റോള്‍ഡ് ഗോള്‍ഡ് വള മാത്രം ധരിച്ചിരുന്നു എന്നാണ് എഴുതിയിരിക്കുന്നത്. രാവിലെ ഏഴരയോടെയാണ് ശ്രീക്കുട്ടിയെ ഹോസ്റ്റലിലെ ബാത്ത് റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ അഞ്ച് മണിയോടെ റൂംമേറ്റ് ചിപ്പി എങ്ങനെയാണ് സ്വന്തം വീട്ടില്‍ വിളിച്ച് ശ്രീക്കുട്ടി മരിച്ചെന്ന് പറയുകയെന്നും പിതാവ് ഷാജി ചോദിക്കുന്നു.
അതിനിടെ ശ്രീകുട്ടിയുടെ മരണത്തിലുള്ള ദുരൂഹത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഴ്സിംഗ് സ്കൂളിലേക്ക് മാർച്ച് നടത്തി. സിപിഎം തലയോലപ്പറന്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ക്രിസ്റ്റി സജി അധ്യക്ഷതവഹിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ആർ. നികിതകുമാർ, എസ്എഫ്ഐ ജില്ലാ നേതാക്കളായ ശ്യാംലാൽ, പ്രജിത്ത് കെ. ബാബു, അനൂപ് അഷ്റഫ്, ആനന്ദ് ബാബു, ടി. അജയ് എന്നിവർ പ്രസംഗിച്ചു.