വിഴിഞ്ഞം: ലക്ഷങ്ങളും കോടികളും മുടക്കിയ കുടിവെള്ളപദ്ധതികൾ നിരവധി. പക്ഷെ വിഴിഞ്ഞം ഉൾപ്പെടെ തീരദേശത്തുകാർക്ക് കുടിക്കാൻ വെള്ളമില്ല .തലസ്ഥാന നഗരിക്കാർക്ക് യുദ്ധകാലടി സ്ഥാനത്തിൽ കുടിവെള്ളമെത്തിച്ച് അഭിമാനം കൊണ്ട അധികൃതർ ആഴ്ചകളായി വെള്ളത്തിനു വേണ്ടി അലയുന്ന തീരദേശ വാസികളെ കണ്ടില്ലെന്ന് നടിക്കുന്നു.
കിണറുകൾ ഇല്ലാതെ വാട്ടർ സപ്ലൈ വിഭാഗത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന ഇവിടത്തെ ജനങ്ങളെ വട്ടം കറക്കുകയാണ് അധികൃതർ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തിനാവശ്യമായ വൈദ്യുതി എത്തിക്കാൻ കാട്ടാക്കടയിൽ നിന്നുള്ള 220 കെവി ലൈനിന്റെ പണി നടക്കുന്നതിനാൽ ഈ മാസം അഞ്ചു മുതൽ പകൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് മുതലെടുത്ത് തീരദേശ വാസികൾക്ക് ജലമെത്തിച്ചിരുന്ന അടിമലത്തുറയിൽ നിന്നുള്ള പമ്പിംഗ് വരെ നിർത്തിവച്ചാണ് ജല അഥോറിറ്റിഅധികൃതർ ജനത്തെ വെല്ലുവിളിച്ചത്.
അടിമലത്തുറയിൽ നിന്ന് മുക്കോലയിലെ ടാങ്കിൽ നിറച്ച് വിതരണം ചെയ്യുന്ന വെള്ളം കുടിക്കാൻ യോഗ്യമല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇരുമ്പ് ഉൾപ്പെടെ ധാതുലവണം കൂടിയ വെള്ളം മറ്റ് പോംവഴിയില്ലാതെ ഉപയോഗിക്കുന്ന വിഴിഞ്ഞത്തുകാർക്ക് ഇപ്പോൾ അതും ഇല്ലാതായി. ഡങ്കിപ്പനിയും മലേറിയയും ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മേഖലയാണ് തീരദേശം.
സ്വകാര്യ വ്യക്തികൾ ടാങ്കറിൽ കൊണ്ടുവരുന്ന കുടിവെള്ളം കുടം ഒന്നിന് പത്തുരൂപ നൽകി വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ഇവിടത്തുകാർ. സുരക്ഷിതത്വമില്ലാതെ വെള്ളം ശേഖരിച്ച് സൂക്ഷിക്കുന്നത് കൊതുകുകൾ വളരാനും പകർച്ചവ്യാധികൾ പടർന്നു പിടിക്കാനും കാരണമെന്ന് ആരോഗ്യ വകുപ്പ് അധി കൃതർ പറയുന്നു.
ഇതിനൊരു ശാശ്വത പരിഹാരം ഇനിയുമായിട്ടില്ല. വെള്ളായണി കായലിൽ നിന്ന് ജലമെത്തിച്ച് വിഴിഞ്ഞത്തുകാരെയും സമീപവാസികൾക്കും വിതരണം ചെയ്യാമെന്നു കരുതി വിഴിഞ്ഞം മുക്കോലയിലും കോവളം ആഴാകുളത്തിന് സമീപവും കോടികൾ മുടക്കിയുള്ള ടാങ്കുകൾ നിർമിച്ചു. പണി കഴിഞ്ഞ് പെയിന്റടിച്ച് ഭംഗിയുള്ളതാക്കിയെങ്കിലും വെള്ളം മാത്രം എത്തിയില്ല.
ഇവിടെക്കുള്ള പെപ്പിടലും പാതിവഴിയിൽ കിടക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻതൂക്കം നൽകുമെന്ന പേരിൽ അദാനിക്കും കൂട്ടർക്കും കുടിവെള്ളം നൽകുമ്പോൾ ഇവിടത്തെ പാവം ജനത്തെ മറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. തുറമുഖ പാക്കേജ് വേണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് തെരുവിലിറങ്ങിയ ജനം നേതാക്കളുടെ മുന്നിൽ മുറവിളി കൂട്ടിയതും കുടിവെള്ളം തരണമെന്നായിരുന്നു. ഉടൻ എത്തിക്കുമെന്ന പതിവ് പല്ലവിയിൽ തന്നെ എല്ലാം ഒതുങ്ങി.