മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബൻ ഇമേജ് ഒന്ന് മാറ്റിപ്പിടിക്കുകയാണ്. നായക വേഷത്തിൽ എത്തിയിരുന്ന ചാക്കോച്ചൻ ഇപ്പോൾ വില്ലൻ റോളുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
അടുത്തിടെ ഇറങ്ങിയ കുഞ്ചാക്കോ ചിത്രമായ രാമന്റെ ഏദൻതോട്ടം തിയറ്ററുകളിൽ തകർത്തോടുന്പോൾ രാമനോടുള്ള ആരാധന സ്ത്രീകൾക്ക് നിറഞ്ഞുകവിയുകയാണ്. എന്നാൽ പുരുഷന്മാർക്കോ? അവർക്കിത് തീരെ രസിച്ചിട്ടില്ലെന്നും അവർ തന്നോട് കലിപ്പിലാണെന്നും ചാക്കോച്ചൻ പറയുന്നു.
രാമന്റെ ഏദൻതോട്ടത്തിനു മുന്പ് ഇറങ്ങിയ ഹൗ ഓൾഡ് ആർ യൂവിൽ താരം ചെയ്ത നെഗറ്റീവ് കഥാപാത്രം സ്ത്രീ പ്രേക്ഷകരെ ഏറെ വെറുപ്പിച്ചിരുന്നു.
പ്രേക്ഷകരിൽ നിന്നു കിട്ടുന്ന ഈ പ്രതികരണങ്ങൾ തന്റെ കഥാപാത്രങ്ങളുടെ വിജയമാണെന്നും അതിന് സംവിധായകരോടും അണിയറ പ്രവർത്തകരോടും കടപ്പെട്ടിരിക്കുന്നുവെന്നും ചാക്കോച്ചൻ ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.
കുഞ്ചാക്കോ ബോബനും അനു സിത്താരയും മുഖ്യവേഷത്തിലെത്തിയ രാമന്റെ ഏദൻതോട്ടം മുന്നു ദിവസത്തിനുള്ളിൽ നേടിയത് 2.25 കോടി രൂപയാണ്. ബാഹുബലി, സിഐഎ തുടങ്ങിയ സിനിമകൾക്കൊപ്പം ഓടിയാണ് രാമന്റെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്.