ന്യൂഡൽഹി: ബിജെപി എംപി കെ. സി. പട്ടേലിനെ ഹണിട്രാപ്പിൽ കുരുക്കി ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട സ്ത്രീക്കു ജാമ്യം നിഷേധിച്ചു.
ഡൽഹിയിലെ പ്രത്യേക കോടതിയാണു പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാമെന്നും എംപിയെ പോലെ മുതിർന്ന ഒരു നേതാവിനെ കെണിയിൽ കുരുക്കാൻ ശ്രമിച്ച സ്ത്രീയ്ക്കു പിന്നിൽ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടാവാം എന്നുമുള്ള പോലീസിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റീസ് ഹേമാനി മൽഹോത്ര പ്രതിയുടെ ജാമ്യഹർജി തള്ളിയത്.
കേസിൽ പ്രതിയാക്കപ്പെട്ട വനിത നേരത്തെ മൂന്നു പേർക്കെതിരേയും പീഡിപ്പിച്ചതായി പരാതി നൽകിയിട്ടുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണവും നടന്നുവരികയാണെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം തള്ളിയത്.
നേരത്തെ, ബിജെപി എംപി കെ. സി. പട്ടേൽ തന്നെ പീഡിപ്പിച്ചതായും മറ്റ് നേതാക്കന്മാർക്ക് കാഴ്ചവച്ചെന്നും ആരോപിച്ച് രംഗത്തെത്തുകയായിരുന്നു പ്രതി. എന്നാൽ, പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി മനഃപൂർവം പണം തട്ടുകയെന്ന ഉദ്ദേശ്യത്തോടെ നടത്തിയ നാടകമാണ് ഇതെന്നു കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതും കോടതി റിമാൻഡ് ചെയ്തതും.