കൊച്ചി: രാജേന്ദ്ര മൈതാനിയില്‍ നടക്കുന്ന ചക്ക, മാങ്ങ, തേങ്ങ ഫെസ്റ്റിനോടനുബന്ധിച്ചു വീട്ടമ്മമാര്‍ക്കായി സംഘടിപ്പിച്ച തേങ്ങ ചിരകല്‍ മത്സരത്തിനു ആവേശകരമായ പ്രതികരണം. ഇരുപതോളം വീട്ടമ്മമാരാണു മത്സരത്തിൽ പങ്കെടുത്തത്. വ്യത്യസ്തമായ മത്സരം കാണാന്‍ കാഴ്ചക്കാരും തടിച്ചുകൂടിയതോടെ വീട്ടമ്മമാര്‍ക്ക് ആവേശമായി.
വീട്ടമ്മമാരുടെ മത്സരത്തിലെ ആവേശം ഉള്‍ക്കൊണ്ടു തനിക്കും മത്സരിക്കണമെന്ന ആഗ്രഹവുമായി എത്തിയ കൊല്ലം പള്ളിമുക്ക് സ്വദേശി ഷിഹാബിനും സംഘാടകര്‍ അവസരം നല്കി. അഞ്ച് മിനിറ്റിനുള്ളില്‍ ആറു തേങ്ങ പൂര്‍ണമായും ചിരകി മുനമ്പം സ്വദേശിനി ജസി പുഷ്പ ഒന്നാം സ്ഥാനം നേടി. അഞ്ചു തേങ്ങ ചിരകി ആലപ്പുഴ സ്വദേശിനി വിജി രണ്ടാം സ്ഥാനവും നേടി.
വീട്ടമ്മമാര്‍ക്കൊപ്പം വാശിയോടെ മത്സരിച്ച ഷിഹാബ് ജെസി പുഷ്പയ്ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു.
നാളെ വൈകുന്നേരം നാലിനു മാമ്പഴം തീറ്റ മത്സരം നടക്കും. ഒമ്പത് വയസ് മുതല്‍ 16 വയസ് വരെയും അതിനു മുകളില്‍ പ്രായമുള്ളവരെയും ഉൾപ്പെടുത്തി രണ്ടു കാറ്റഗറികളായാണു മത്സരം. പത്ത് മിനിറ്റിനുള്ളില്‍ ഏറ്റവും കൂടുതല്‍ മാമ്പഴം കഴിക്കുന്നവര്‍ക്ക് സമ്മാനം ലഭിക്കും.
ഞായറാഴ്ച വൈകുന്നേരം നാലിന് പാചക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ചക്കകൊണ്ടുള്ള വിഭവങ്ങള്‍ ആണു പാചകം ചെയ്യേണ്ടത്. വീടുകളിൽ പാചകം ചെയ്ത ചക്ക വിഭവങ്ങള്‍ രാജേന്ദ്ര മൈതാനിയിലെ വേദിയില്‍ പ്രദര്‍ശിപ്പിക്കും.
പ്രമുഖ താരങ്ങളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാകും മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി 9746338590, 8138846916 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ചക്ക സദ്യ, ചക്ക മസാലദോശ, ചക്ക പുട്ട്, ചക്ക വരട്ടി, ചക്ക പുഴുക്ക്, ചക്കയപ്പം, ചക്ക പായസം, ചക്ക സര്‍ബത്ത്, ചക്ക ഐസ്ക്രീം, ചക്ക ചിപ്സ് തുടങ്ങി മുന്നൂറോളം ചക്ക വിഭവങ്ങളും തേങ്ങ ചിപ്സ്, തേങ്ങ പായസം, തേങ്ങ പത്തിരി, തേങ്ങ ബജി തുടങ്ങിയ തേങ്ങ വിഭവങ്ങളും പ്രദര്‍ശനത്തിനും വില്പനയ്ക്കും തയാറാക്കിയിട്ടുണ്ട്.
ചക്ക മാങ്ങ തേങ്ങ ഐസ്ക്രീം ആണ് മേളയുടെ പ്രധാന ആകര്‍ഷണം. നൂറോളം വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങള്‍ക്കൊപ്പം തേങ്ങയുടെയും കരിക്കിന്റെയും വിവിധ വിഭവങ്ങള്‍ മേളയിലുണ്ടെന്നു സംഘാടകരായ സ്റ്റാര്‍ എന്റർടെയിൻമെന്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഷമീര്‍ വളവത്ത് പറഞ്ഞു. മേയ് 22 വരെ രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് വരെയാണു പ്രദര്‍ശനം. പ്രവേശന ഫീസ് മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയും.