എം.സുരേഷ്ബാബു
തിരുവനന്തപുരം: ഷൂട്ടിംഗ് ലൊക്കേഷനിൽ ഒരു സംഘം ആളുകൾ തന്നെ തടഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ വ്യാജമാണെന്ന് ചലച്ചിത്ര നടി മഞ്ജുവാര്യർ പോലീസിനോട് പറഞ്ഞു. ചെങ്കൽ ചൂളയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് ചലച്ചിത്ര നടിയെ ഒരു നടന്റെ ഫാൻസുകാർ തടഞ്ഞ് വച്ചെന്നും നടിക്ക് നേരേ വധഭീഷണി മുഴക്കിയെന്നുമുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിലും ഓണ്‍ലൈൻ സൈറ്റുകളിലും വാർത്തകൾ പ്രചരിച്ചിരുന്നു. വാർത്തകൾ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കന്റോണ്‍മെന്റ് എസ്ഐ.ഷാഫിയോട് നിർദേശിച്ചിരുന്നു.
ഇന്നലെ വൈകുന്നേരം ചെങ്കൽചൂളയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയ കന്റോണ്‍മെന്റ് എസ്ഐ.ഷാഫി മഞ്ജുവാര്യരുമായും ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരോടും കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ചെങ്കൽചൂളയിലെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് തനിക്ക് നേരെ ഒരു ഭീഷണിയോ തടയലോ ഉണ്ടായിട്ടില്ലെന്ന് മഞ്ജുവാര്യർ വ്യക്തമാക്കുകയായിരുന്നു.
ഓണ്‍ലൈൻ മാധ്യമങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും ആരാണ് അതിന് പിന്നിലെന്ന് തനിക്കറിയില്ലെന്നും നടി പോലീസിനോട് പറഞ്ഞു. ഇത്തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തണമെന്ന് മഞ്ജുവാര്യർ എസ്ഐയോട് പറഞ്ഞു. എന്നാൽ ഇക്കാര്യ ത്തിൽ രേഖാമൂലം പരാതി നൽകിയില്ലെന്ന് എസ്ഐ പറഞ്ഞു.
അതേസമയം മഞ്ജുവാര്യരെ ഷൂട്ടിംഗ് സൈറ്റിൽ വച്ച് ഒരു സംഘം ആളുകൾ തടഞ്ഞ് വച്ചുവെന്ന് വാട്ട്സ് ആപ്പ് വഴി വാർത്ത പ്രചരിപ്പിച്ചെന്ന് ആരോപിക്കുന്ന ചെങ്കൽചൂള സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്തു. തനിക്ക് ഈ സംഭവം നേരിട്ട് അറിയില്ലെന്നും താൻ കണ്ടില്ലെന്നുമാണ് യുവാവ് പോലീസിനോട് പറഞ്ഞത്. തന്റെ ഒരു സുഹൃത്തിൽ നിന്നും ലഭിച്ച വാട്ട്സ് ആപ്പ് മെസേജ് ഫോർവേഡ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും യുവാവ് വ്യക്തമാക്കിയെന്നാണ് പോലീസ് നൽകുന്ന വിവരം.
മാർട്ടിൻ പ്രക്കാട്ട്് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മഞ്ജുവാര്യർ ഇപ്പോൾ അഭിനയിക്കുന്നത്. ചെങ്കൽചൂള, കോട്ടണ്‍ഹിൽ, അട്ടക്കുളങ്ങര എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടക്കുന്നത്.