നെടുമ്പാശേരി: ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉമ്മത്തും കായയും സ്ഥാനം പിടിക്കുന്നു. ലഹരി ഉപയോഗത്തിനായി ഉമ്മത്തും കായ വ്യാപകമായി വിദേശത്തേക്ക് കടത്തുന്നതായാണ് ലഭിക്കുന്ന വിവരം. മറ്റ് ലഹരി പദാർഥങ്ങൾ തുടർച്ചയായി പിടിക്കപ്പെട്ടതോടെയാണ് മയക്കുമരുന്ന് മാഫിയകൾ ഉമ്മത്തും കായ കടത്താൻ തുടങ്ങിയത്.
കായ രൂപത്തിലും, ഇത് പൊളിച്ചെടുത്ത് അതിനകത്തെ പൊടി ഉണക്കിയ രൂപത്തിലുമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് കടത്തുന്നത്. ഇതിൽ നിന്നു ലഹരി പദാർഥം ഉത്പാദിപ്പിക്കുന്നതിനു പുറമെ ഇത് ചേർത്താൽ മദ്യം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളിൽ ലഹരി കൂട്ടാനും കഴിയും.
സംസ്ഥാനത്തും ലഹരി മാഫിയകൾ ഇതു കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ലഹരി ഉത്തേജകം എന്ന നിലയിൽ പല വിദേശ രാജ്യങ്ങളിലും ഉമ്മത്തും കായയ്ക്ക് ആവശ്യക്കാർ ഏറിയതോടെയാണ് കേരളത്തിൽ നിന്ന് ഇത് കൂടുതലായി വിദേശത്തേക്ക് എത്തിത്തുടങ്ങിയത്.
എന്നാൽ സംസ്ഥാനത്ത് തന്നെ ചിലയിടങ്ങളിൽ മാത്രമാണ് ഇതിന്റെ ലഭ്യതയുള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ വിപണനക്കാർ ഉമ്മത്തും കായ തേടി വിവിധ സോഷ്യൽ മീഡിയ സൈറ്റുകൾ വഴിയും വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ നമ്പറുകൾ അടക്കമാണ് പ്രചാരണം.
മാരകമായ രോഗത്തിനുള്ള മരുന്ന് എന്ന പേരിലാണ് പ്രചാരണം. ഇതിലൂടെ ഉമ്മത്തും കായ കൂട്ടമായി ശേഖരിക്കുകയാണ് ഇവരുടെ ലക്ഷ്യം.ഇതിന്റെ വസ്തുത മനസിലാക്കാതെ പലരും ഷെയർ ചെയ്യപ്പെടുന്നുമുണ്ട്. “ഉമ്മത്തും കായ’ എന്ന പേരിലെ കൗതുകമാണ് പലരെയും ഇത് ഷെയർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.
സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉമ്മത്തും കായ ഉൾപ്പെട്ടിട്ടില്ല എന്ന വസ്തുത മറയാക്കിയാണ് ഇത്തരക്കാർ രംഗത്തിറങ്ങിയിട്ടുള്ളത്. എന്നാൽ അടുത്തിടെ നാട്ടിൽ നിന്ന് ഉമ്മത്തും കായ കൊണ്ടുപോയ മൂന്നു പേർ ഷാർജയിൽ മയക്കുമരുന്ന് കടത്തിന്റെ പേരിൽ പിടിയിലായതോടെയാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അധികൃതർ തുടങ്ങിയത്. തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
ഉമ്മത്തും കായയുടെ ആവശ്യക്കാർ എന്ന നിലയിൽ വാട്ട്സ് ആപ്പ്, ഫെയ്സ് ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി പ്രചരിക്കുന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. പല വിദേശ രാജ്യങ്ങളും ഇത് ലഹരി വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മനസിലാക്കാതെയാണ് പലരും ഇത് ഗൾഫ് നാടുകളിലേക്ക് കൊണ്ടു പോകുന്നത്.
ആയുർവേദ മരുന്ന് എന്ന ലേബലിൽ ചെറിയ തോതിലാണ് ആദ്യം ഉമ്മത്തും കായയുടെ പൊടി കൊണ്ടുപോയിരുന്നത്. എന്നാൽ ഇപ്പോൾ ഇത് കൂടിയ അളവിൽ കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് പരിശോധന കർശനമാക്കിയത്.