മുക്കം: ചെറിയ ഒരു ഇടവേളയ്ക്കുശേഷം മുക്കം മേഖലയിൽ വീണ്ടും മോഷണം. അഗസ്ത്യൻ മുഴിയിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഉൽപ്പുറത്ത് അബ്ദുൽ അസീസിന്റ വീട്ടിൽ കയറിയ മോഷ്ടാക്കൾ ഭാര്യയുടെ കഴുത്തിൽ കിടന്ന നാലേകാൽ പവൻ തൂക്കം വരുന്ന മാലയും 5000 രൂപയും അപഹരിച്ചു. ഇടവനം കുന്നത്ത് ഇ.കെ.ഹരിദാസന്റെ വീട്ടിൽനിന്ന് ഒൻപതേ മുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ അപഹരിച്ചു.
തൊട്ടടുത്ത സി.കെ.മുഹമ്മദിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു. രാത്രി 12-ന്ശേഷമാണ് മുഴുവൻ വീടുകളിലും മോഷണം നടന്നത്. ഉറങ്ങിക്കിടക്കുന്നവരുടെ ശരീരത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. ഒരു മാസം മുൻപ് കാരശേരി, കൊടിയത്തൂർ, കീഴുപറന്പ് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ മോഷണം നടന്നിരുന്നു. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. അതിനിടയിലാണ് വീണ്ടും മോഷണം നടന്നത്.