എഫ്ബിയിൽ ആദ്യമായി ലൈവ് പോയതിന്റെ പ്രസരിപ്പിൽ ഇരിക്കേയാണ് ഗായിക രാജലക്ഷ്മിയുടെ പുതിയ പാട്ടിന്റെ വിശേഷങ്ങൾ ചോദിച്ചറിയാനായി ചെന്നു കയറിയത്. സോഷ്യൽ മീഡിയയിൽ ലൈവായി ആസ്വാദകർ ആവശ്യപ്പെട്ട പാട്ടുകൾ അത്രയും പാടി പുത്തൻ അനുഭവത്തിന്റെ തുടിപ്പ് മുഖത്ത് പ്രസരിച്ചപ്പോൾ രാമന്റെ ഏദൻതോട്ടത്തിലെ മാവിലക്കുടിൽ പൈങ്കിളി കോകിലക്കിളി പാടടി… എന്ന പാട്ട് വീണ്ടും രാജലക്ഷ്മിയുടെ ചുണ്ടുകളിൽ തത്തിക്കളിച്ചു.
“ഏദൻതോട്ടത്തിലെ പാട്ട് പരിചയപ്പെടുത്താനാണ് എഫ്ബിയിൽ ലൈവ് പോയത്. ഒരു മണിക്കൂറിലേറെ ഒരുപാട് പേരുടെ കമന്റുകളിലൂടെ ഞാൻ ഒരുപാട് പേരുടെ മനസുകളിൽ ഇന്നും ഉണ്ടെന്ന് മനസിലായി. ഇത്തരം പോസിറ്റിവിറ്റി ചുറ്റും ഉണ്ടാകുന്പോഴാണ് ജീവിതത്തിൽ മുന്നോട്ട് പോകാനുള്ള ഉൗർജം കിട്ടുക. ഈ എഫ്ബി ലൈവൊക്കെ ഇത്ര വലിയ സംഭവം ആണെന്ന് ഇപ്പോഴാണ് മനസിലായത്. എത്ര പേരാണ് എന്റെ പാട്ടുകളെല്ലാം ഓർത്തുവച്ചിരിക്കുന്നത്. അവരെല്ലാം അത് ഒന്നുകൂടി പാടണമെന്ന് പറയുകയും പാടുകയുമെല്ലാം ചെയ്തപ്പോൾ കടന്നുവന്ന വഴികൾ അത്രയും വീണ്ടും ഞാൻ പിന്നോട്ട് നടന്ന പോലെ. പറഞ്ഞു തുടങ്ങിയാൽ ഞാൻ ഇങ്ങനാ, നിർത്തൂല. എന്നാ പിന്നെ രാമന്റെ ഏദൻ തോട്ടത്തിലെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങാലെ…’
സംഗീതത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ രാജലക്ഷ്മി ഇങ്ങനെയാണ് ഫുൾ സ്റ്റോപ്പിടാതെ ചറപറാന്ന് പറഞ്ഞു കൊണ്ടേയിരിക്കും. സംഭാഷണങ്ങൾക്കിടയിൽ ഇടയ്ക്കിടെ പാട്ടുകൾ കൂടി ഒഴുകിയെത്തിയതോടെ ഒന്നാന്തരം അന്പലപ്പുഴ പാൽപ്പായസം കുടിച്ചതിന്റെ ഫീൽ. ചില ഗായകർ അങ്ങനെയാണ് ഇടയ്ക്കിടെ ഇടയ്ക്കിടെ മാത്രമേ എത്തു. പക്ഷേ സമ്മാനിച്ചിട്ടു പോകുക കേൾക്കാൻ ഇന്പമുള്ള പാട്ടായിരിക്കും. അത്തരത്തിൽ ഒന്നാണ് രാമന്റെ ഏദൻ തോട്ടത്തിലെ മാവിലക്കുടിൽ പൈങ്കിളി… എന്നു തുടങ്ങുന്ന ഗാനം. ഈ മാവിലക്കുടിൽ പൈങ്കിളി രാജലക്ഷ്മിയെ തേടിയെത്തിയത് എങ്ങനെയെന്ന് അറിയാം…
ബിജിബാലേട്ടന് ബിഗ് താങ്ക്സ്
രണ്ടുമാസം മുന്പ് ബിജിബാലേട്ടൻ പറഞ്ഞു ഒരു പാട്ട് പാടാൻ എറണാകുളത്തേക്ക് വരണമെന്ന്. അപ്പോൾ ഇത് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണെന്നോ… അതോ വേറെ ആൽബംസ് വല്ലതുമാണോയെന്നൊന്നും അറിയില്ല. ട്യൂണൊക്കെ എനിക്ക് അയച്ചു തന്നു. ട്യൂണ് കേട്ടപ്പോളെ മനസിൽ ഒന്നു മിന്നി. ഇതു കൊള്ളാലോ ക്യൂട്ട്നസുള്ള ട്യൂണാണല്ലോയെന്ന്. പിന്നെ റെക്കോർഡിംഗിനായി ചെന്നപ്പോഴും വരികൾ കേൾക്കുന്പോഴുമെല്ലാം ഒരു ഫ്രഷ്നസ് അനുഭവപ്പെട്ടു. പാടിക്കഴിഞ്ഞ് ഇറങ്ങി ഉഷാറായെന്നെല്ലാം ബിജിബാലേട്ടൻ പറഞ്ഞ ശേഷമാണ് സിനിമയ്ക്ക് വേണ്ടിയുള്ള പാട്ടാണോ ഇതെന്ന് ചോദിക്കുന്നത്. അപ്പോഴാണ് ഏട്ടൻ പറയുന്നത് രഞ്ജിത് ശങ്കറിന്റെ രാമന്റെ ഏദൻതോട്ടത്തിലെ പാട്ടാണെന്നെല്ലാം അതോടെ കൂടുതൽ ഹാപ്പിയായി. മാവിലക്കുടിൽ പൈങ്കിളി എന്ന ക്യൂട്ട് സോംഗ് എനിക്ക് സമ്മാനിച്ചതിന് ബിജിബാലേട്ടനോടാണ് ബിഗ് താങ്ക്സ് പറയേണ്ടത്.
വഴിവിളക്കുകൾ…
ബിജിബാലേട്ടന്റെ പാട്ടുകൾ നേരത്തെ പാടിയിട്ടുണ്ട്. സന്തോഷ് വർമ ചേട്ടന്റെ വരികൾ, എന്റെ ശബ്ദം, ബിജിബാലേട്ടന്റെ സംഗീതം.. ഈ മൂന്ന് കോന്പിനേഷൻ ഒരുമിച്ച് വരുന്നത് ഇതാദ്യമാണ്. മാവിലക്കുടിൽ എന്ന വാക്ക് കേട്ടപ്പോൾ തന്നെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓർമകളെല്ലാം മനസിൽ പതഞ്ഞുപൊങ്ങി. പിന്നെ പാട്ടിൽ ഉടനീളമുള്ള വരികൾ എന്തു രസമാണ്… എന്തൊരു ഒഴുക്കാണ്… ബിജിബാലേട്ടനെ പോലെ തന്നെ സന്തോഷ് വർമ ചേട്ടനെയും നേരത്തെ മുതൽ അറിയാം.
സന്തോഷേട്ടനാണ് പാട്ടെഴുതിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണിൽ സന്തോഷേട്ടനെ വിളിച്ചു. ചേട്ടാ ഒരാഴ്ച മുന്പ് പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് നല്ലൊരു അവസരം വരും നോക്കിക്കോയെന്നെല്ലാം. ദാ ഇപ്പോൾ വന്നിരിക്കുന്നു. അതും ചേട്ടന്റെ വരികൾ തന്നെയെന്നെല്ലാം പറഞ്ഞ് ഒരുപാട് സംസാരിച്ചു. മുന്നോട്ടുള്ള സംഗീതയാത്രയിലെ വഴിവിളക്കുകളാണ് ഇവർ രണ്ടു പേരും. വർഷങ്ങളുടെ പരിചയത്തിൽ നിന്നുള്ള കരുതൽ നൽകുന്നവർ.
കാത്തിരിപ്പ്
റെക്കോർഡിംഗെല്ലാം കഴിഞ്ഞ് പോന്നെങ്കിലും ശരിക്കും ഈ പാട്ട് പുറത്തിറങ്ങുന്നതും നോക്കിയുള്ള കാത്തിരിപ്പ് ഉണ്ടായിരുന്നു. ഒന്നരമാസത്തോളമുള്ള കാത്തിരിപ്പ്. പത്രത്തിൽ ചിത്രത്തെക്കുറിച്ച് എന്തേലും വരുന്നുണ്ടോയെന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന കുറിപ്പുകളും നോക്കാറുണ്ടായിരുന്നു. പാട്ടു പാടി ഇങ്ങു പോന്നെങ്കിലും ആരോടും അങ്ങനെ പറഞ്ഞിരുന്നില്ല, ഇന്ന സിനിമയ്ക്കു വേണ്ടി പാടിയെന്ന്. പണ്ടു മുതലേ ശീലിച്ചു പോന്നതാണ് അങ്ങനെ ഒരു പതിവ്. ചിത്രം ഇറങ്ങുന്നതിനോട് അടുത്തു മതി എല്ലാവരും അറിയുന്നത് എന്നുള്ള ഒരു ചിന്ത മനസിലുണ്ടായിരുന്നു.
മറ്റ് രണ്ട് പാട്ടുകൾ
അകലെ ഒരു കാടിന്റെ എന്നു തുടങ്ങുന്ന ശ്രേയ ഘോഷാൽ പാടിയ പാട്ടാണ് ആദ്യം യു ട്യൂബിൽ വരുന്നത്. ആ പാട്ടിന്റെ പിക്ച്ചറൈസേഷനെല്ലാം കണ്ടപ്പോൾ ശരിക്കും ഇഷ്ടമായി. എന്റെ പാട്ടിന്റെയും ഇതുപോലെ ഭംഗിയുള്ള വിഷ്വലുകളായിരിക്കും എന്നെല്ലാം വിചാരിച്ചു. ശ്രേയ ഗംഭീരമായി ആ പാട്ട് പാടുകയും ചെയ്തു. എന്റെ പാട്ട് എപ്പോഴാണോ റിലീസ് ചെയ്യുക എന്നറിയില്ലല്ലോ അതുകൊണ്ട് തന്നെ കാത്തിരിപ്പ് തുടർന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ദാ വരുന്നു കവിത എഴുതുന്നു എന്ന് തുടങ്ങുന്ന സൂരജിന്റെ പാട്ട്. അപ്പോഴേക്കും റിലീസിംഗ് ഡേറ്റ് അടുക്കാറായി. ഇനിയിപ്പോ എപ്പഴാണോ എന്റെ പാട്ടെന്നുള്ള ചിന്തയായി പിന്നീട്.
ബിജിബാലേട്ടനെ ഒരു പരിപാടിയിൽ വെച്ചു കണ്ടപ്പോൾ പറഞ്ഞു രാജിയുടെ പാട്ട് ഒരാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ വരുമെന്ന്. അതു കേട്ടപ്പോൾ ഒരു ആശ്വാസമായി. പാട്ട് റിലീസ് ചെയ്തതോടെ ആ വിഷ്വൽസെല്ലാം എന്നെ വളരെയധികം സന്തോഷിപ്പിച്ചു. ട്യൂണ് കേട്ടപ്പോൾ തോന്നിയ ക്യൂട്ട്നസ് ഗാനചിത്രീകരണത്തിലും വന്നപ്പോൾ എല്ലാമങ്ങ് ഒത്തു. ചിത്രം പുറത്തിറങ്ങി പ്രേക്ഷകർ അത് മൂളാൻ തുടങ്ങിയതോടെ വീണ്ടും എനിക്കൊരു ബ്രേക്ക് കിട്ടിയിരിക്കുകയാണ്. ഏതൊരു ഗായികയും ആഗ്രഹിക്കും പോലൊരു ബ്രേക്ക്.
പിഷുവിന്റെ പറച്ചിൽ അച്ചിട്ടായി
രാമന്റെ ഏദൻ തോട്ടത്തിൽ രമേഷ് പിഷാരടി ഉണ്ടെന്നൊന്നും എനിക്കറിയില്ലായിരുന്നു. ഒരു ദിവസം പിഷു വിളിച്ചു. ഇവിടെ ഇപ്പോൾ രാജിയുടെ പാട്ടാണ് എല്ലാവരും മൂളിക്കൊണ്ടിരിക്കുന്നതെന്നു പറഞ്ഞു. ഏത് പാട്ട്..? എവിടെയാണ് പാടുന്നതെല്ലാം ചോദിച്ചു. ഓ ഒന്നും അറിയാത്ത പോലെ… ചുമ്മാപറ്റിക്കല്ലെയെന്നായി പിഷു. കഴിഞ്ഞ മൂന്നുനാല് ദിവസമായി രാജി പാടിയ പാട്ടിന്റെ ഗാനചിത്രീകരണമായിരുന്നെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു രാമന്റെ ഏദൻ തോട്ടമാണോയെന്ന്. കാരണം അപ്പോഴും ഞാൻ പാട്ടിന്റെ ഫൈനൽ മിക്സ് കേട്ടിട്ടില്ല. രഞ്ജിത് സാർ കഴിഞ്ഞദിവസമാണ് പറഞ്ഞത് ഈ പാട്ട് പാടിയത് രാജലക്ഷ്മിയാണെന്ന്. അസലായിട്ട് പാടിയിട്ടുണ്ട്. രാജിക്ക് അടുത്ത ബ്രേക്ക് കിട്ടാൻ പോകുന്ന പാട്ടായിരിക്കും ഇത്. ഞാൻ പറയുന്നത് ഓർത്തുവെച്ചോ പാട്ട് ഹിറ്റായിരിക്കുമെന്നെല്ലാം പിഷാരടി അന്നു പറഞ്ഞിരുന്നു. പിഷു പറഞ്ഞത് അച്ചിട്ടായി പാട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു.ഞാൻ വളരെ ഹാപ്പിയാണ് ഇപ്പോൾ.
രഞ്ജിത് ശങ്കർ സാറിനെ കണ്ടിട്ടില്ല
രഞ്ജിത് ശങ്കർ സാറുമായി ഫേസ്ബുക്കിൽ മെസഞ്ചർ വഴിയാണ് കമ്യൂണിക്കേഷൻ. പാട്ട് കേട്ട ശേഷം… ലവ്ഡ് യുവർ സിംഗിംഗ്… എല്ലാം നന്നായി വന്നിട്ടുണ്ട്… എല്ലാവിധ ആശംസകളും എന്നെല്ലാം പറഞ്ഞ് മെസേജ് അയച്ചിരുന്നു. അതു തന്നെ എനിക്ക് വലിയ കാര്യമാണ്. ഇത്രയേറെ സിനിമയെ സ്നേഹിക്കുന്ന ഡയറക്ടറെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ഈ പറഞ്ഞ വാക്കുകൾ തന്നെ എനിക്ക് വലിയ കാര്യമാണ്. രഞ്ജിത് ശങ്കർ സാറിനെ നേരിട്ട് കണ്ടിട്ടില്ല ഇതുവരെ. ഉടൻ തന്നെ കാണാൻ പറ്റുമെന്നാണ് എന്റെ മനസ് പറയുന്നത്.
സ്വീറ്റ് സൗണ്ട്
ഞാനൊരു കുടുംബിനിയാണ് ഭർത്താവും മകനും എല്ലാം ഉണ്ട്. അപ്പോൾ അതിന്റേതായ ഉത്തരവാദിത്വവും. ഇവരുടെ കാര്യങ്ങളെല്ലാം നോക്കണ്ടേ… മകൻ ആര്യൻ വികൃതി കാട്ടിയാൽ ശബ്ദം ഉയർത്താതെ പറ്റില്ലല്ലോ, അപ്പോൾ ശബ്ദം ഉയർത്തും. എടാ അവിടെ നിക്കടാന്നെല്ലാം ഇത്തിരി ശക്തിയായി പറഞ്ഞാലെ അവൻ നിക്കൂ. ആള് ഇത്തിരി ചട്ടന്പിയാണ്. ഒന്ന് സൗണ്ട് ഉയർത്തി കഴിഞ്ഞാൽ സ്വയം ഒരു തോന്നൽ ഉണ്ടാവും. ഇനിയും ആവശ്യം ഉള്ളതാണ് പാടേണ്ടതാണ്… അതാണ് അന്നം എന്നെല്ലാം. പിന്നെ ശബ്ദം എന്നെല്ലാം പറയുന്നത് ദൈവത്തിന്റെ സമ്മാനമല്ലേ.അതെന്നും കൂടെ കാണുമെന്നു തന്നെയാണ് വിശ്വാസം.ദൈവം തന്ന ഗിഫ്റ്റ് ചീത്തയാക്കാതെ കൊണ്ടുപോകണം അത്രയേയുള്ളു.
കഴിഞ്ഞ രണ്ടുവർഷം രണ്ടു പാട്ടുകൾ
2015-ൽ രണ്ടു പാട്ടുകളാണ് ഞാൻ പാടിയത്. ചാർലിയിലെ സ്നേഹം നീ നാഥാ…. പിന്നെ എന്നും എപ്പോഴും സിനിമയിൽ മലർവാക കൊന്പത്തെ.. എന്നു തുടങ്ങുന്ന ഗാനവും രണ്ടും ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചു. 2016-ൽ പക്ഷേ പാട്ടുകളൊന്നും എന്നെ തേടിയെത്തിയില്ല. സംഗീതത്തിന്റെ വഴി ഒരിക്കലും അടയില്ലായെന്നാണ് എന്റെ വിശ്വാസം. കഴിഞ്ഞ വർഷം ഒരുപാട് ലൈവ് പരിപാടികൾ കിട്ടി. സംസ്ഥാന അവാർഡ് നേടിതന്ന ജനകനിലെ ഒളിച്ചിരുന്നേ ഒന്നിച്ച് ഒളിച്ചിരുന്നേ എന്നു തുടങ്ങുന്ന ഗാനം ഇന്നും ഒരുപാട് പേർ പാടാൻ ആവശ്യപ്പെടാറുണ്ട്. അത് തന്നെ വലിയ ഒരു അംഗീകാരമാണ്. സിനിമയും ഗാനമേളകളും മറ്റു സംഗീതപരിപാടികളുമായി മുന്നോട്ടു പോകുകയാണ് ഇപ്പോൾ.
ഈ വർഷം ആദ്യം ജോർജേട്ടൻസ് പൂരം
ഒടുവിലെ യാത്രയ്ക്കായി… എന്നു തുടങ്ങുന്ന ഒരു ഫ്യൂണറൽ സോംഗാണ് ജോർജേട്ടൻസ് പൂരത്തിൽ പാടിയിരിക്കുന്നത്. ഗോപി സുന്ദറേട്ടന്റെ സംഗീതത്തിലുള്ള പാട്ട്. ഇത്തരത്തിലുള്ള പാട്ടുകൾ മലയാള സിനിമയിൽ കുറവാണ്. സിനിമയിൽ പാട്ട് കുറച്ചേയുള്ളു. പക്ഷേ ആ പാട്ടിന് ഒരുപാട് നല്ല അഭിപ്രായങ്ങൾ എന്നെ തേടിയെത്തി. അതിന് ശേഷമാണ് മാവിലക്കുടിൽ പൈങ്കിളി എന്ന ഗാനം എന്നെ തേടിയെത്തുന്നത്.
അമ്മയുടെ ശ്വാസമാണ് എന്റെ പാട്ട്
കുഞ്ഞുനാളിലെ അമ്മ എന്നെ പാട്ട് പാടിക്കാൻ കൊണ്ടുപോകുകയും പത്രത്തിൽ മകളുടെ ഒരു ഫോട്ടോഅടിച്ചു വരുന്നത് കാണാൻ കാത്തിരിക്കുകയും ചെയ്തിരുന്ന നാളുകൾ ഉണ്ടായിരുന്നു. ഇന്ന് ഇപ്പോൾ എന്നെ ചാനലുകളിൽ കാണുന്പോൾ അമ്മ ശരിക്കും സന്തോഷിക്കുന്നുണ്ട്. ശരിക്കും അമ്മയുടെ ശ്വാസമാണ് എന്റെ പാട്ട്. ഇപ്പോൾ ചാനലിലെല്ലാം എന്നെ കാണുന്പോൾ അമ്മ പറയും വന്ന വഴികൾ ഒരിക്കലും മറക്കല്ലെന്ന്. കുഞ്ഞുനാളിൽ അത്രയും കഷ്ടപ്പെട്ടത് കൊണ്ടാണ് ഇന്നിപ്പോൾ നിനക്കൊരു നല്ലകാലം ഉണ്ടായതെന്നെല്ലാം പാർവതി അമ്മ പറയും.
അഭിരാമേട്ടന്റെ സപ്പോർട്ട്
കലാപരമായ കാര്യങ്ങളിൽ ഇത്രയധികം പിന്തുണ തരുന്നൊരു ആളെ ഭർത്താവായി കിട്ടിയത് തന്നെ ഒരു ഭാഗ്യമാണ്. ഏതൊരും പരിപാടിക്കായാലും ഇപ്പോൾ കിട്ടുന്ന മീഡിയ സപ്പോർട്ടെല്ലാം അഭിരാമേട്ടന്റെ പിന്തുണ ഉളളത് കൊണ്ടാണ്. വിലയിരുത്തലുകൾ എപ്പോഴും ഉണ്ടാകാറുണ്ട്. മോശമാണെങ്കിൽ മോശമാണെന്നും നന്നായാൽ നന്നായെന്നും വെട്ടിത്തുറന്ന് പറയുന്നയാളാണ്. കല്യാണത്തിന് ശേഷം അഭിരാമേട്ടൻ തന്ന സപ്പോർട്ട് കൊണ്ട് മാത്രമാണ് സംഗീതയാത്ര ഇപ്പോൾ മാവിലക്കുടിൽ പൈങ്കിളിയിൽ വരെ എത്തി നിൽക്കുന്നത്.
വി.ശ്രീകാന്ത്