സിനിമാ താരങ്ങൾ തങ്ങളുടെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ ഇപ്പോൾ കൂടുതൽ ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളെയാണ്. അവയിൽ തന്നെയും ഫേസ്ബുക്കാണ് കൂടുതൽ പേരും തെരഞ്ഞെടുക്കുക. എന്നാൽ ഇത്തരം മാധ്യമങ്ങളിൽ നിന്നൊക്കെ ഒഴിവായി നിൽക്കുന്നവരുമുണ്ട്. പ്രത്യേകിച്ച് നടിമാർ. അവരിലൊരാളാണ് അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ രജിഷാ വിജയൻ. രണ്ടു വർഷമായി താൻ സോഷ്യൽ മീഡിയകളിൽ ഇല്ലെന്നും അതുകൊണ്ട് സമാധാനമുണ്ടെന്നും രജിഷ പറയുന്നു.
പകൽ മാന്യന്മാരായവർ ഉള്ളിടത്ത് തുടരാൻ താത്പര്യം ഇല്ലാ എന്നതാണ് സത്യം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും വ്യാജന്മാർക്ക് എന്തു കാണിക്കാനുമുള്ള ഇടമായിട്ടാണ് ഫേസ്ബുക്കിനെ എനിക്ക് തോന്നിയിട്ടുള്ളത്. ഒരു സ്ത്രീക്ക് ഒരാപത്ത് സംഭവിച്ചെന്നറിഞ്ഞാൽപ്പോലും അവരുടെ ആദ്യ പ്രതികരണം വളരെ മോശമായിരിക്കും. അതുകൊണ്ടു തന്നെ ആ കൾച്ചറിനോട് യോജിക്കാൻ എനിക്കാവില്ല’ – രജിഷ പറഞ്ഞു.
സോഷ്യൽ മീഡിയ ഉപേക്ഷിച്ചപ്പോൾ ധാരാളം സമയം കിട്ടുന്നതിന്റെയും പുസ്തകങ്ങൾ വായിക്കാൻ സാധിക്കുന്നതിന്റെയും സന്തോഷത്തിലാണ് രജിഷ ഇപ്പോൾ. ഫേസ്ബുക്കും വാട്ട്സാപ്പും ഒക്കെ ഉപേക്ഷിച്ചാൽ ആദ്യത്തെ ഒന്നോ രണ്ടോ ആഴ്ച്ചത്തെ ബുദ്ധിമുട്ടെ കാണൂവെന്നും അതു കഴിഞ്ഞാൽ പ്രശ്നമുണ്ടാകില്ലെന്നും താരം പറയുന്നു.