ആലപ്പുഴ: യുവാവിനെ രാത്രി വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായി റിമാൻഡ് ചെയ്ത പ്രതികളെ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ അപേക്ഷ നൽകും. കേസിലെ ഒന്നും രണ്ടും പ്രതികളായ സാജൻ ബോബൻ, നന്ദു ഉദയൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങുന്നത്.
കഴിഞ്ഞദിവസം അന്പലപ്പുഴ കോടതിയിൽ കീഴടങ്ങാൻ ശ്രമിക്കവെ പോലീസ് അറസ്റ്റ് ചെയത ഇരുവരെയും ചോദ്യം ചെയ്യുകയും കൃത്യം നടന്ന സ്ഥലത്ത എത്തിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു. കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്താൻ സമയപരിമിതി മൂലം പോലീസിന് സാധിച്ചിരുന്നില്ല. സ്ഥലത്തെത്തിയ പ്രതികളെ പ്രദേശവാസികൾ തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ അന്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരുന്നു.
കൊലക്കേസ് പ്രതികൾക്ക് സഹായം: യുവാവ് റിമാൻഡിൽ
ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികൾക്ക് സഹായം നൽകിയ യുവാവ് റിമാൻഡിൽ. തകഴി സ്വദേശി പ്രേംജിത്താണ് റിമാൻഡിലായത്. കോടതിയിൽ കീഴടങ്ങുന്നതിനായി വരുന്നതിനിടയിൽ പ്രതികൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.
ഓട്ടോറിക്ഷയിൽ പ്രതികൾക്ക് സമീപം എത്തിയ പ്രേംജിത്തുമായി മദ്യപിച്ചശേഷമാണ് ഇരുവരും കോടതിയിലേക്ക് കീഴടങ്ങാൻ പുറപ്പെട്ടത്. കോടതി റിമാൻഡ് ചെയ്യുമെന്ന പ്രതീക്ഷയിൽ ജയിലിൽ തങ്ങൾക്ക് വേണ്ട സാധനങ്ങൾ വാങ്ങി കോടതിയിലേക്കെത്തണമെന്ന് ഇവർ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ യുവാവ് അന്പലപ്പുഴ കോടതി പരിസരത്തെത്തിയത്. ഈ സമയം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനായി ജീപ്പിൽ കയറ്റിയിരുന്നു.
ജീപ്പിന് സമീപമെത്തിയ യുവാവ് സാധനങ്ങൾ ഇവർക്ക് നൽകണമെന്ന് പോലീസുദ്യോഗസ്ഥനോട് ആവശ്യപ്പെട്ടതോടെയാണ് പ്രതികളെ സഹായിച്ച കുറ്റത്തിന് ഇയാളെ ഐപിസി 212 പ്രകാരം അറസ്റ്റ് ചെയ്തത്. ജയിൽ വച്ചുള്ള പരിചയമാണ് പ്രതികളും പ്രേംജിത്തും തമ്മിലുണ്ടായിരുന്നത്.