കൊച്ചി: കൊച്ചി മെട്രോയെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് കേട്ടിരുന്നെങ്കിലും അതിന്റെ ഭാഗമാകാനുള്ള ഭാഗ്യം ലഭിക്കുമെന്നു വന്ദനയും ഗോപികയും സ്വപ്നേപി കരുതിയതല്ല. നിനച്ചിരിക്കാതെ അതു കൈവന്നപ്പോഴാകട്ടെ അവർ നാട്ടിലെ താരങ്ങളുമായി. കൊച്ചി മെട്രോയിൽ ലോക്കോ പൈലറ്റുമാരായതിന്റെ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണു കോട്ടയം സ്വദേശിനി വി.എസ്. നന്ദനയും കൊല്ലം സ്വദേശിനി ഗോപിക സന്തോഷും.
മെട്രോ ട്രെയിൻ നിയന്ത്രിക്കുന്ന 39 അംഗ ലോക്കോ പൈലറ്റുമാരിൽ ഇവർ ഉൾപ്പെടെ ഏഴ് വനിതകളാണുള്ളത്. എല്ലാവിധ പരിശീലനവും ഭംഗിയായി പൂർത്തീകരിച്ചു സർട്ടിഫിക്കറ്റുകൾ നേടിയ ഇവരെ സ്റ്റേഷൻ കണ്ട്രോളർ/ഓപ്പറേറ്റർ എന്ന തസ്തികയിലാണു നിയമിച്ചിരിക്കുന്നത്. എൻജിനീയറിംഗ് ഡിപ്ലോമയ്ക്കുശേഷം ജോലിക്കായി ശ്രമിക്കുന്ന സമയത്താണു കൊച്ചി മെട്രോയിലെ ഒഴിവ് ശ്രദ്ധയിൽപ്പെട്ടതെന്നു വന്ദനയും ഗോപികയും പറഞ്ഞു.
കെഎംആർഎൽ നടത്തിയ വിവിധ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കി ഒരു വർഷം മുന്പേ പരിശീലനം തുടങ്ങി. 2016 മാർച്ച് 15 മുതൽ മൂന്നുമാസം ബംഗളൂരുവിൽ നടന്ന പരിശീലനത്തിനുശേഷം 2016 ജൂണ് മുതൽ കൊച്ചി മെട്രോയുടെ ഭാഗമായി. കോംപിറ്റൻസി സർട്ടിഫിക്കറ്റ് ലഭിക്കുകയെന്നതായിരുന്നു ആദ്യ കടന്പ. ഒരോരുത്തരും ഒറ്റയ്ക്ക് മുട്ടം യാർഡിൽ 40 കിലോമീറ്റർ ദൂരവും മെട്രോ പാതയിൽ 400 കിലോ മീറ്റർ ദൂരവും ട്രെയിൻ നിയന്ത്രിക്കണം. എങ്കിൽ മാത്രമേ സർട്ടിഫിക്കറ്റ് ലഭിക്കൂ.
നിലവിൽ പരീക്ഷണ ഓട്ടം നടത്തുന്ന ട്രെയിനിൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഇവരെല്ലാം ജോലി നോക്കുന്നുണ്ട്. വിവിധ ഘട്ടങ്ങളിലായി എട്ടു മണിക്കൂർ നേരമാണ് ഇവർ ട്രെയിനുകൾ നിയന്ത്രിക്കുന്നത്. മെട്രോയുടെ സർവീസ് ട്രയലിൽ പൂർണതൃപ്തരാണ് ഇരുവരും. ഇവരെ കൂടാതെ. കൊല്ലം സ്വദേശിനികളായ സി. ഹിമ, രമ്യ ദാസ്, തൃശൂർ സ്വദേശിനി കെ.ജി. നിധി, ചേർത്തല സ്വദേശിനി അഞ്ജു അശോകൻ, തിരുവനന്തപുരം സ്വദേശിനി ജെ.എച്ച്. അഞ്ജു എന്നിവരാണ് മറ്റ് വനിത ലോക്കോ പൈലറ്റുമാർ.
എൻജിനീയറിംഗ് ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെയാണ് പൈലറ്റുമാരായി കെഎംആർഎൽ ക്ഷണിച്ചിരുന്നത്. ഇതിനു പുറമെ മലയാളം സംസാരിക്കാനും എഴുതാനും അറിയണമെന്ന നിബന്ധനയും ഉണ്ടായിരുന്നു. എല്ലാ ലോക്കോ പൈലറ്റുമാരും മലയാളികളാണ്.
കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കണ്ട്രോൾ സിസ്റ്റം (സിബിടിസി) എന്ന സംവിധാനമാണ് കൊച്ചി മെട്രോയിൽ ട്രെയിൻ നിയന്ത്രണത്തിനായി ഉപയോഗിക്കുന്നത്. രാജ്യത്തെ മെട്രോകളിൽ ആദ്യമായിട്ടാണ് ഈ സംവിധാനം. മുട്ടത്തെ മെട്രോ യാർഡിലെ മൂന്നു നിലകളുള്ള 44,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽനിന്നാണു കൊച്ചി മെട്രോയുടെ പൂർണനിയന്ത്രണം. മെട്രോയിലെ ഓരോ ചലനങ്ങളും ഒസിസിയിൽ മുൻ നിശ്ചയ പ്രകാരം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്നു.
ട്രെയിനുകളുടെ നിയന്ത്രണം മാത്രമല്ല, സ്റ്റേഷനുകളുടെ നിയന്ത്രണം അടക്കമുള്ള എല്ലാ കാര്യങ്ങളും ഈ വിദൂരനിയന്ത്രണ കേന്ദ്രത്തിലാണു നടക്കുന്നത്. പൈലറ്റുമാർ വിചാരിച്ചാൽ ട്രെയിനുകളുടെ വേഗം കൂട്ടാനോ നിർത്താനോ സാധിക്കില്ല. ആദ്യഘട്ടത്തിൽ മെട്രോയിൽ ഡ്രൈവർ ഉണ്ടെങ്കിലും പിന്നീട് ഡ്രൈവർമാർ ഇല്ലാതെ ഓടുന്നതായി മാറും. മണിക്കൂറിൽ 90 കിലോമീറ്റർ സ്പീഡിൽ ഓടിക്കാൻ കഴിയുന്ന തരത്തിലാണു സംവിധാനങ്ങൾ. എന്നാൽ കൊച്ചി മെട്രോ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാകും സർവീസ് നടത്തുക.