പാലക്കാട്: നിയമസഭയിൽ പ്ലാച്ചിമട ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്ന് മന്ത്രി എ.കെ.ബാലന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പ്ലാച്ചിമട സമര ഐക്യദാർഡ്യ സമിതി മന്ത്രിയുടെ പാലക്കാട്ടെ വസതിയിലേക്ക് 28ന് മാർച്ച് നടത്തും.
ഇതിനു പുറമേ സമരവുമായി സഹകരിക്കാത്ത ജില്ലയിലെ മുഴുവൻ ഭരണപക്ഷ എം.എൽ.എമാരുടെ വീടുകളിലേക്കും മാർച്ച് നടത്തും.വേണ്ടിവന്നാൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
കളക്ടറേറ്റിനു മുന്നിൽ നടക്കുന്ന സമരം 28 ദിവസം പിന്നിട്ടിട്ടും സർക്കാർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഭരണപക്ഷവും പ്രതിപക്ഷവും കേന്ദ്രവുമെല്ലാം പ്ലാച്ചിമടക്കാരെ വഞ്ചിക്കുകയാണ്.കൊക്കക്കോള കമ്പനിയെ രക്ഷിക്കാനാണ് സി.പി.എം,ബി.ജെ.പി,കോൺഗ്രസ് മുതലായ രാഷ്ര്ടീയ പാർട്ടികളെല്ലാം തന്നെ ശ്രമിക്കുന്നത്. എസ്.സി,എസ്.ടി ആക്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ട് ഒരു വർഷമായി.ഇതുവരെയും കൊക്കക്കോള കമ്പനികെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിലെ എൽ.ഡി.എഫിന്റെ പ്രകടന പത്രികയിൽ പ്ലാച്ചിമട നഷ്ടപരിഹാര ബിൽ യാഥാർഥ്യമാക്കുമെന്ന് പറഞ്ഞിരുന്നു.ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷം പിന്നിടുമ്പോഴും ട്രിബ്യൂണൽ ബില്ലിനെ സംബന്ധിച്ച് യാതൊരു നടപടികളും ഇതുവരെ കൈകൊണ്ടിട്ടില്ല.മലിനീകരണ നിയന്ത്രണ ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ സർക്കാർ തയാറാകണം.
ഒപ്പം,ഗോകുൽ പ്രസാദിന്റെ കേസ് തളളിപ്പോയ സാഹചര്യത്തിൽ വാട്ടർ ആക്ട് പ്രകാരം കൊക്കക്കോളയ്ക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുകയും വേണം.എന്നിവയാണ് സമരസമിതിയുടെ ആവശ്യങ്ങൾ. ഇന്ന് ജില്ലാകളക്ടറുമായി ചർച്ച നടത്തും. വാർത്താസമ്മേളനത്തിൽ ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ കൺവീനർ അറുമുഖൻ പത്തിചിറ,കൺവീനർമാരായ കെ.വി.ബിജു,എം.സുലൈമാൻ, സുമൻജിത് എന്നിവർ പങ്കെടുത്തു.