ലോകത്തെ മികച്ച ഹാക്കര്‍മാരുടെ ലിസ്റ്റിലും മലയാളി സാന്നിധ്യം! ആഗോള ബ്ലാക്ക് ഹാക്കര്‍മാരുടെ നോട്ടപ്പുള്ളി, ബെനില്‍ഡ് ജോസഫ് എന്ന സൈബര്‍ വിദഗ്ധനെക്കുറിച്ചറിയാം

benild-joseph.jpg.image.784.410മലയാളികളെ കളിയാക്കിക്കൊണ്ട് രംഗത്തുവന്ന പല പ്രമുഖരും മലയാളി ഹാക്കര്‍മാരുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുള്ളതാണ്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും മികച്ച ഹാക്കര്‍മാരുടെ പട്ടികയിലും മലയാളി സാന്നിധ്യം. വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ ബെനില്‍ഡ് ജോസഫാണ് ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍. സര്‍ക്കാരിന്റെയും വിവിധ ഐ.ടി.അധിഷ്ഠിത കോര്‍പ്പറേറ്റ് കമ്പനികളുടേയും സൈബര്‍ സുരക്ഷാ മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ആളാണ് ബെനില്‍ഡ് ജോസഫ്. ഇന്ത്യയിലും വിദേശത്തും നടക്കുന്ന അന്തര്‍ദേശീയ വിവരസാങ്കേതിക സുരക്ഷാ സമ്മേളനത്തിലെ സ്ഥിരം വക്താവാണ് ഇദ്ദേഹം.

images

സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ, ഇന്ത്യന്‍ ഇഫര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ , ഇന്റര്‍നാഷണല്‍ സൈബര്‍ ത്രട്ട് ടാസ്‌ക് ഫോഴ്സ് എന്നിവയും സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലും അംഗമാണ്. സിസിസിഐ എന്ന ബുക്കിന്റെ രചയിതാവുകൂടിയാണ്. ഒട്ടേറെ വെബ്സൈറ്റുകളുടേയും ഫേസ്ബുക്കിന്റേയും യാഹു, ബ്ലാക്ക്ബെറി, സോണി മ്യൂസിക്, ടെസ്‌കോ, ആസ്ട്രാസ് ഇനീഷ്യ, വോഡാഫോണ്‍, ഡോയിഷ് ടെലികോം തുടങ്ങിയവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ഇദ്ദേഹം. സൈബര്‍ കുറ്റാന്വേഷണരംഗത്ത് സര്‍ക്കാരിനേയും കമ്പനികളേയും സഹായിക്കുന്നതോടൊപ്പം വിവരസാങ്കേതികരംഗത്തെ സുരക്ഷയ്ക്കുവേണ്ടിയുള്ള പ്രത്യേക ഡൊമെയ്നും തയ്യാറാക്കിയിട്ടുണ്ട്. വെബ് സുരക്ഷ, വെബ് ആപ്ലിക്കേഷന്‍, ഡാറ്റാ ഫോറന്‍സിക്, മൊബൈല്‍ സുരക്ഷ തുടങ്ങിയവയില്‍ ചെറുപ്പം മുതലേ താല്‍പര്യമുണ്ടായിരുന്നു.

ഇന്ത്യയ്ക്ക് നേരെ നടന്ന പ്രധാന സൈബര്‍ ആക്രമണങ്ങളില്‍ ശത്രുപക്ഷത്തെ ഹാക്കറെ കണ്ടെത്തുന്നതിന് നിര്‍ണായക തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് ബെനില്‍ഡ് ജോസഫ് കൈമാറിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു വര്‍ഷങ്ങളായി പരിശീലനവും നല്‍കിവരുന്നു. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, എത്തിക്കല്‍ ഹാക്കിംഗ്, സൈബര്‍ കുറ്റം, ഡിജിറ്റല്‍ ഫോറന്‍സിക് തുടങ്ങിയവയില്‍ വന്‍കിട കമ്പനികള്‍ക്കുള്ള ഒരു കൗണ്‍സിലര്‍ കൂടിയാണിദ്ദേഹം. വിവരസാങ്കേതികാധിഷ്ഠിത സേവന സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏറെ തത്പരനായ  ബെനില്‍ഡ് അത്തരത്തിലുള്ളവര്‍ക്ക് ഒരു മികച്ച ഉപദേശകന്‍കൂടിയാണ്. ഇന്ത്യയ്ക്കെതിരെ റാന്‍സംവെയര്‍ ആക്രമണംപോലുള്ള വന്‍കിട സൈബര്‍ ആക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ ആഗോള ബ്ലാക് ഹാക്കര്‍മാരുടെ നോട്ടപ്പുള്ളികൂടിയാണ് ബെനില്‍ഡ് ജോസഫ്. എന്നാല്‍ ഇന്ത്യയുടെ സൈബര്‍ സുരക്ഷാരംഗത്ത് ബെനില്‍ഡിന്റെ സംഭാവനകള്‍ ഏറെയാണ്.

Related posts