ഒരു റൊമാന്റിക് നോവലിന്റെ എല്ലാ സമാനതകളോടും കൂടിയ കാര്യങ്ങളാണ് ഇപ്പോള്‍ ജപ്പാനില്‍ നടന്നുകൊണ്ടിരിക്കുന്നത്. സ്‌നേഹത്തിനും പ്രേമത്തിനും കണ്ണും മൂക്കും ഇല്ലെന്ന ചൊല്ലിനെ സാധൂകരിക്കുന്ന പ്രകടനങ്ങളാണ് ജപ്പാന്‍ രാജകുമാരി നടത്തിക്കൊണ്ടിരിക്കുന്നത്. ജപ്പാന്‍ രാജകുമാരിയുടെ പ്രണയവും വിവാഹവുമാണ് ഇപ്പോള്‍ ജാപ്പനീസ് മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയവും. ഇഷ്ടപുരുഷനൊപ്പം ജീവിക്കാന്‍ രാജകീയ ജീവിതവും സൗകര്യങ്ങളും ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണ് യുവറാണി.
ജാപ്പനീസ് രാജകുമാരിയായ മാക്കോ അകിഷിനോയാണ് പ്രണയത്തിനുവേണ്ടി രാജപദവി ഉപേക്ഷിക്കാന്‍ തയ്യാറായിരിക്കുന്നത്. ജപ്പാന്‍ ചക്രവര്‍ത്തി അകിഹിതോയുടെ പേരകുട്ടിയാണ് 25 വയസുകാരിയായ മാകോ. യൂണിവേഴ്സിറ്റിയിലെ പഠനകാലത്തെ സഹപാഠിയാണ് രാജകുമാരിയുടെ പ്രതിശ്രുത വരന്‍ കെയ് കൊമര്‍. ഇന്റര്‍നാഷണല്‍ ക്രിസ്റ്റ്യന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും യൂണിവേഴ്സിറ്റി ഓഫ് ലെയ്സ്റ്ററില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടിയ ശേഷം മ്യൂസിയത്തില്‍ ഗവേഷകനായി ജോലിചെയ്യുകയാണ് ഇദ്ദേഹം. അഞ്ചുവര്‍ഷം മുമ്പ് ടോക്കിയോയിലെ റസ്റ്ററന്റില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ആദ്യകാഴ്ചയില്‍ത്തന്നെ ഇരുവരും പ്രണയത്തിലായി.
രാജകുടുംബാംഗങ്ങളോട് തന്റെ പ്രണയം തുറന്ന് പറഞ്ഞപ്പോള്‍ ഏവര്‍ക്കും സമ്മതം. വിവാഹം നടത്തിക്കൊടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, രാജകുടുംബത്തില്‍ നിന്നുള്ളവര്‍ പുറത്തുനിന്നുള്ളവരെ വിവാഹം കഴിച്ചാല്‍ അവരുടെ സ്ഥാനമാനങ്ങള്‍ നഷ്ടമാകുമെന്നാണ് രാജകുടുംബത്തിന്റെ പാരമ്പര്യം. രാജപദവിക്ക് വേണ്ടി തന്റെ പ്രണയത്തെ ബലി നല്‍കാന്‍ മാക്കോ തയാറായില്ല. ആഡംബര ജീവിതത്തെ ഉപേക്ഷിച്ച് ഇഷ്ടപുരുഷനോടൊപ്പം ജീവിക്കാന്‍ കുടുംബം ഉപേക്ഷിക്കാനാണവര്‍ തീരുമാനിച്ചത്. വിവാഹത്തിന്റെ ഒരുക്കങ്ങളിലാണിപ്പോള്‍ ജപ്പാന്‍ രാജകുടംബം.