കോട്ടയം: മദ്യം, മയക്കുമരുന്നു കേസുകളിൽ ജില്ലയിൽ നിന്നും ഒരു മാസത്തിനിടെ 551 പേർ പിടിയിൽ. 253 പേരെ എക്സൈസും 247 പേരെ പോലീസുമാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും വിദേശമദ്യം, ബിയർ, ചാരായം വാഷ്, വൈൻ, കഞ്ചാവ്, കള്ള്, പുകയില, ഹാൻസ് എന്നിവയും പിടിച്ചെടുത്തു.
മദ്യകടത്തുമായി ബന്ധപ്പെട്ട് 7439 വാഹനങ്ങളിൽ നടത്തിയ പരിശോധനയിലൂടെ 12 വാഹനങ്ങളാണ് എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കളക്ടറേറ്റിൽ നടന്ന ജില്ലാ ജനകീയ സമിതിയോഗത്തിൽ കോട്ടയം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.രാജനാണ് വിവരങ്ങൾ പുറത്തുവിട്ടത്. 65 ഇതരസംസ്ഥാന തൊഴിലാളി ലേബർ ക്യാന്പുകളിലും 99 പട്ടികജാതി പട്ടികവർഗ കോളനികളിലും പരിശോധന നടത്തി.
ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്പനയും ഉപയോഗവും വ്യാപകമാകുന്നതായി സമിതി അംഗങ്ങൾ യോഗത്തിൽ അറിയിച്ചു. ട്രാഡയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയ്ക്കായി എത്തുന്ന 18 നും 20നുമിടയിൽ പ്രായമുളളവരുടെ എണ്ണം വർധിക്കുന്നതായി ട്രാഡ പ്രതിനിധി അറിയിച്ചു. പുതിയ അധ്യയന വർഷത്തിൽ വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ ആശയമടങ്ങുന്ന മത്സരങ്ങളും ക്ലാസുകളും മാതാപിതാക്കൾക്കായി ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സുരേഷ് റിച്ചാർഡ് അറിയിച്ചു.