പൊൻകുന്നം: പത്തു വർഷത്തിലേറെയായി ക്ഷേത്രവളപ്പിൽ നിറ സാന്നിദ്ധ്യമായിരുന്ന മണികണ്ഠൻ എന്ന കാള തിറ്റയും വെള്ളവും കഴിക്കാതെ അവശനിലയിൽ ക്കിടന്നു ജീവൻപൊലിഞ്ഞു. മണികണ്ഠന്റെ ജീവൻ രക്ഷിക്കാൻ വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യമുന്നയിച്ചതിനാൽ മൃഗഡോക്ടർ ആവശ്യമായ ചികത്സ നൽകിയിരുന്നു. ഭക്തരുടേയും സമീപവാസികളുടേയും പരിചരണത്തിൽ വളർന്ന മണികണ്ഠൻ കഴിഞ്ഞ കുറെദിവസങ്ങളായി അവശനിലയിൽ കിടപ്പിലായിരുന്നു.
മൃഗാശുപത്രിയിൽ നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ഡോക്ടറെത്തി പരിശോധന നടത്തി ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഇന്നു രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് അന്പലക്കാള ചത്തു കിടക്കുന്നത് കണ്ടത്. ഡോ.ബിനു ഗോപിനാഥിന്റെ മേൽനോട്ടത്തിൽ 12കുപ്പി ഗ്ലൂക്കോസ് ലായനിയും മറ്റ് മരുന്നുകളും നൽകിയതിനെത്തുടർന്ന് കാള അവശനില വിട്ട് എണീറ്റതായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
അന്പലപ്പറന്പിൽ കഴിയുന്നതിനാൽ സദ്യയുടെ വിഭവങ്ങൾ തുടർച്ചയായി കഴിക്കുന്നതു മൂലം ദഹനക്കേടുണ്ടായിരുന്നു. പ്ലാസ്റ്റിക് കഴിച്ചാലും ഇത്തരത്തിൽ സംഭവിക്കാം. കാളക്ക് ഞായറാഴ്ച വൈകിട്ടു മുതൽ ആയുർവേദ ചികിത്സാവിധിപ്രകാരം മരുന്നു നൽകിത്തുടങ്ങിയിരുന്നു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.