തിരുവനന്തപുരം: മഴക്കുറവിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസമായി കാലവർഷം ഈ ആഴ്ചതന്നെ സംസ്ഥാനത്തു സാന്നിധ്യമറിയിച്ചേക്കും. കാലവർഷസൂചനകൾ ശക്തമായിരിക്കുന്നതിനാൽ മുൻകൂട്ടി പ്രവചിക്കപ്പെട്ട 30 ന് മൂന്നു ദിവസം മുമ്പ് കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം കണക്കുകൂട്ടുന്നത്.
ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിൽ സാധാരണയിൽനിന്നു വ്യത്യസ്തമായി മൂന്നു ദിവസം മുമ്പേ മണ്സൂണ് വരവറിയിച്ചിരുന്നു. ദ്വീപസമൂഹങ്ങൾക്കു മുകളിൽ കാലവർഷക്കാറ്റ് ശക്തിപ്രാപിച്ചതിനാൽ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, ആൻഡമാൻ സമുദ്രം, വടക്കൻ ആൻഡമാൻ സമുദ്രത്തിലെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മഴ തിമിർത്തു പെയ്യുകയാണെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്.
ഇതു കേരളത്തിൽ നേരത്തേ കാലവർഷമെത്തുന്നതിനുള്ള അനുകൂലമായ സൂചനയാണെന്നുവിലയിരുത്തുന്നു. മാർച്ച് മുതൽ മേയ് 31 വരെ നീളുന്ന വേനൽമഴക്കാലത്ത് നാലു ശതമാനത്തിന്റെ മഴക്കുറവ് മാത്രമാണ് ഇപ്പോൾ കേരളം നേരിടുന്നത്.
പസഫിക് സമുദ്രോപരിതലത്തിൽ ചൂട് ഉയരാനിടയാക്കുന്ന എൽനിനോ പ്രതിഭാസത്തിനു സാധ്യത കുറഞ്ഞിരിക്കുന്നതിനാൽ കാലവർഷം നേരത്തെ എത്തുമെന്ന പ്രവചനത്തെ സാധൂകരിക്കുന്നതാണ്.കാലവർഷക്കാറ്റിന്റെ പ്രഭാവത്താലുള്ള ശക്തമായ മഴയാണ് കേരളത്തിൽ മിക്കയിടങ്ങളിലും ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. ആൻഡമാനിൽ കാലവർഷം എത്തിയാൽ സ്ഥിതി അനുകൂലമാണെങ്കിൽ 10 ദിവസം കൊണ്ട് കേരളത്തിലെത്തും.
രൂക്ഷമായ വരൾച്ചയിൽ തുടരുന്ന കേരളത്തിന് ആശ്വാസമായി ഇക്കുറി കാലവർഷം അതിശക്തമായി കേരളത്തിൽ പെയ്തിറങ്ങുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാലവർഷത്തിന്റെ പ്രഭാവത്താലുള്ള അതിശക്തമായ മഴ കേരളത്തിന്റെ പലഭാഗങ്ങളിലും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.കാലവർഷക്കാറ്റിന്റെ പ്രഭാവത്താലുള്ള മഴ വ്യാപകമായതോടെ ഇതുവരെ കേരളം നേരിട്ടിരുന്ന മഴക്കുറവിൽ നേരിയ തോതിൽ കുറവുണ്ടായിരിക്കുകയാണ്. – See more at: http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=439504#sthash.h1xdKsWO.dpuf