കളമശേരി: ജില്ലാ കളക്ടറുടെ നിർദ്ദേശം മറികടന്ന് വീണ്ടും തുറന്ന മെഡിക്കൽകോളജ് ആശുപത്രിയിലെ കോഫിഷോപ്പ് അടയ്ക്കാൻ കളക്ടർ ഉത്തരവിട്ടു. മെഡിക്കൽ കോളജ് ആശുപത്രി ആംബുലൻസ് ബേയിൽ അനധികൃതമായി പ്രവർത്തിച്ച് വരികയായിരുന്ന കോഫീ ഷോപ്പ് കഴിഞ്ഞ മാസം 30 നാണ് ആരോഗ്യ സ്ക്വാഡ് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലാത്തതിനെ തുടർന്ന് പൂട്ടിച്ചത്.
ശനിയാഴ്ച നടന്ന മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ യോഗത്തിലും കോഫീ ഷോപ്പ് വിഷയം ചർച്ചയായിരുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ അരികിൽ ഒന്നര വർഷമായി അനധികൃതമായി പ്രവർത്തിച്ച് കൊണ്ടിരുന്ന കോഫി ഷോപ്പാണിത്. ആരാണ് നടത്തുന്നതെന്ന് അറിയില്ലെന്നാണ് അധികൃതർ പറഞ്ഞു കൊണ്ടിരുന്നത്.
കോഫീ ഷോപ്പ് നടത്തുന്നത് മെഡിക്കൽ വിദ്യാഥിർകളാണെന്ന് കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസന സമിതി യോഗത്തിൽ അധ്യക്ഷനായ കളക്ടറിനെ മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. എന്നാൽ വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധിക്കേണ്ടതിനു പകരം ഭക്ഷണശാല നടത്തേണ്ടതില്ലെന്ന് യോഗം തീരുമാനിക്കുകയായിരുന്നു. ഈ മാസം 30 വരെ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്.
വിവാദ കോഫി ഷോപ്പ് കളക്ടർ അഞ്ച് മാസം മുമ്പെ അടയ്ക്കാൻ നിർദ്ദേശിച്ചതാണ്. ആശുപത്രിയിൽ നിന്നാണ് വൈദ്യുതിയും വെള്ളവും മറ്റ് സൗകര്യങ്ങളും കോഫീ ഷോപ്പിലെ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നത്. മൂന്ന് ഫ്രീസറുകൾ, രണ്ട് ഫ്രിഡ്ജ്, മൂന്നിലധികം കോഫീ വൈൻഡിംഗ് മെഷീനുകളുമാണ് പ്രവർത്തിക്കുന്നത്. വാടക ഇനത്തിലും ഒരു രൂപ പോലും മെഡിക്കൽ കോളജിന് കൈമാറിയിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ 2016 ഡിസംബർ ഏഴിന് നടന്ന യോഗത്തിൽ 10 ദിവസത്തിനുള്ളിൽ കോഫീ ഹൗസ് നിർത്തലാക്കണമെന്നാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്. പക്ഷേ ദിവസം 3500 രൂപ വരെ വാടക നൽകാമെന്ന ഓഫറുകൾ ഉണ്ടായിട്ടും കോഫീ ഷോപ്പ് മെഡിക്കൽ കോളജിന് സാമ്പത്തിക ബാധ്യത നൽകി തുടരുകയായിരുന്നു.
കളമശേരിയിൽ മഞ്ഞപ്പിത്തം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഹെൽത്ത് സ്ക്വാഡ് രൂപീകരിക്കുകയും അവരുടെ പരിശോധയ്ക്കിടെ കോഫീ ഷോപ്പിൽ വൃത്തിഹീനമായ രീതിൽ ഭക്ഷണം കൈകാര്യം ചെയ്യുന്നതായി കണ്ടെത്തുകയുമായിരുന്നു.
കളമശേരി നഗരസഭയുടെ ലൈസൻസും ഉണ്ടായിരുന്നില്ല. ഏപ്രിൽ 30 ന് പൂട്ടിയ കോഫീ ഹൗസ് കഴിഞ്ഞയാഴ്ച നഗരസഭയിലെ ആരോഗ്യ വിഭാഗത്തെ സ്വാധീനിച്ച് ലൈസൻസ് നേടിയെടുത്ത് പ്രവർത്തനം ആരംഭിച്ചിരുന്നു. അതാണ് കളക്ടർ വിഷയത്തിൽ ഇടപെട്ട് താഴിടാൻ നിർദ്ദേശിച്ചത്. അതേസമയം രണ്ട് വർഷത്തെ ഈ ബിനാമി ഇടപാടിൽ ലക്ഷക്കണക്കിന് രൂപയുടെ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.