നാദാപുരം: തേനൂറുന്ന അരൂർ ഒളോർ മാങ്ങ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു തുടങ്ങി. രുചിയിൽ കേമനായ അരൂർ ഒളോർ വിപണിയിൽ ഒന്നാമനാണ്. അരൂരിന്റെ മണ്ണിൽ പതിറ്റാണ്ടുകളായി സ്ഥാനം പിടിച്ച അരൂർ ഒളോർ മാങ്ങ വ്യാപാരാടിസ്ഥാനത്തിൽ വിദേശത്തേക്ക് കയറ്റി പോകുന്നത് നാടാടെയാണ്. നേരത്തെ തലശേരി,വടകര,കോഴിക്കോട് ഉൾപ്പെടയുള്ള വിപണികളിലായിരുന്നു വിൽപ്പന. മുൻ കാലങ്ങളിൽ കച്ചവടക്കാരെത്തി മൊത്തമായി കച്ചവടമുറപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.
നെടുന്പാശേരി കേന്ദ്രമായുള്ള ഏജൻസിയാണ് മാങ്ങ വാങ്ങുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി ടണ്‍ കണക്കിന് മാങ്ങ അരൂരിൽനിന്ന് കയറ്റിപ്പോകുന്നുണ്ട്. പല കച്ചവടക്കാരിൽ നിന്നാണ് ഏജൻസി മാങ്ങ സംഭരിക്കുന്നത്. വരും കാലം ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
ദൂരസ്ഥലങ്ങളിൽനിന്നുള്ള ആവശ്യക്കാരും അരൂരിലെത്തി കർഷകരിൽനിന്ന് മാങ്ങ വാങ്ങുന്നുണ്ട്. രാസപദാർത്ഥം ഉപയോഗിച്ച് പഴുപ്പിക്കാത്ത മാങ്ങ ലഭിക്കുമെന്നതിനാലാണ് നേരിട്ട് അരൂരിലെത്തി മാങ്ങ വാങ്ങുന്നത്. മാങ്ങയുടെ വിളവ് ഇത്തവണ നന്നേ കുറവാണ്. കാലാവസ്ഥയിലെ വ്യതിയാനമാണിതിന് കാരണം. മഴ കനക്കുന്നതിന് മുന്‍പ് മാങ്ങ മൂപ്പെത്തിയാൽ മാത്രമെ കർഷകർക്ക് നല്ല വില ലഭിക്കൂ.