തിരുവനന്തപുരം: സമൂഹത്തിന്റെ ആവശ്യത്തിനനുസരിച്ച് പ്രതികരിക്കാനും സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാനും മാധ്യമങ്ങൾക്കാകണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ കുറവുകൾ വിമർശിക്കുന്നത് തെറ്റല്ലെങ്കിലും എല്ലാ കാര്യങ്ങളിലും വിമർശനം ഉന്നയിക്കുന്നത് ധർമമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാൻ ആരോഗ്യകരമായ ഇടപെടലാണ് ഉണ്ടാകേണ്ടത്. മാധ്യമരംഗത്ത് അപചയം ഉണ്ടായതായി ആ രംഗത്തെ മുതിർന്നവർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളിൽ മാധ്യമങ്ങൾ സ്വയം പരിശോധന നടത്തണം. കൂടുതൽ മാധ്യമങ്ങൾ കടന്നുവന്നതോടെ മത്സരം ശക്തമായി. ഇതോടെ സ്വീകാര്യത പിടിച്ചുപറ്റാൻ നടത്തുന്ന പരക്കംപാച്ചിലിൽ മാധ്യമ മര്യാദകൾ നഷ്ടമാകുന്നു. വിവാദങ്ങൾക്ക് മുൻതൂക്കം നൽകാതെ ആരോഗ്യകരമായ കാര്യങ്ങൾ ഉയർത്തിക്കൊണ്ടു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സർക്കാരിന്റെയോ അധികൃതരുടേയോ ഭാഗത്തു കുറവുകൾ ഉണ്ടായാൽ വിമർശിക്കുന്നത് തെറ്റല്ല. എന്നാൽ എല്ലാ കാര്യങ്ങളിലും സർക്കാരിനെ വിമർശിക്കുന്നത് ശരിയായ ധർമമാണോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.