മലാഗ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും കരീം ബെന്സമയുടെയും ഗോളുകള്‍ റയല്‍ മാഡ്രിഡിന് ലാ ലിഗ കിരീടം സമ്മാനിച്ചു. 2012 ലാ ലിഗ മുത്തമിട്ടശേഷം റയലിന് ആ കിരീടം സ്വന്തമാക്കാനായി. 33-ാം തവണയാണു ലാ ലിഗ കിരീടത്തില്‍ റയല്‍ മുത്തമിടുന്നത്.
കിരീടത്തിനായി അവസാന മത്സരത്തില്‍ ഒരു പോയിന്റ് മാത്രമാണ് റയലിന് വേണ്ടിയിരുന്നത്. ജയത്തോടെ തന്നെ റയല്‍ ലീഗ് കിരീടം ഉയര്‍ത്തി. കിരീടവിജയിയെ നിര്‍ണയിച്ച അവസാന ദിനം റയല്‍ മാഡ്രിഡ് എവേ പോരാട്ടത്തില്‍ 2-0ന് മലാഗയെ തോല്‍പ്പിച്ചു. കിരീടപോരാട്ടത്തില്‍ റയലിനൊപ്പമുണ്ടായിരുന്ന ചിരവൈരികളായ ബാഴ്സലോണയും അവസാന മത്സരത്തില്‍ സ്വന്തം ന്യൂകാമ്പില്‍ പിന്നില്‍നിന്നശേഷം ഐബറെ 4-2ന് തകര്‍ത്തു. റയല്‍ വിജയിച്ചതോടെ ബാഴ്സയുടെ ജയത്തിനു പ്രസക്തി നഷ്ടമായി.
ഒരു മുഴുവന്‍ സീസണില്‍ റയലിന്റെ പരിശീലകനായ സിനദിന്‍ സിദാനും അഭിമാനിക്കാനുള്ള വകയാണ് കിരീടം നല്‍കിയത്. ഒരു ജയം മാത്രം മതിയായിരുന്ന മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ ഗോളടിച്ച് റയലിന്റെ എല്ലാം പ്രയാസങ്ങളും അവസാനിപ്പിച്ചു. പിന്നെ രണ്ടാം പകുതി തുടങ്ങി 10 മിനിറ്റായപ്പോള്‍ ബെന്‍സമയുടെ ഗോളും ചേര്‍ന്നപ്പോള്‍ റയല്‍ ജയവും കിരീടവും ഉറപ്പാക്കി. ഇനി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ യുവന്റസിനെതിരേ സീസണിലെ രണ്ടാം കിരീടം തേടി ആത്മവിശ്വാസത്തോടെ സിദാന്റെ സംഘത്തിന് ഇറങ്ങാം.
സീസണിലെ ഭൂരിഭാഗ സമയവും ലീഗിലെ ഒന്നാം സ്ഥാനക്കാരായിരുന്ന റയലിന് അവസാന മത്സരത്തില്‍ തോല്‍വി ആലോചിക്കാനേ പറ്റില്ലായിരുന്നു. എന്നാല്‍ ഗാരത് ബെയ്ലിന്റെയും ഡാനി കര്വഹാലിന്റെയും പരിക്ക് റയലിന്റെ കിരീടനേടത്തിന് തിരിച്ചടിയാകുമോ എന്ന് മത്സരത്തിനു മുമ്പ് സംശയിച്ചിരുന്നു.
ഈ സംശയങ്ങളെല്ലാം തീര്‍ത്തുകൊണ്ട് ആദ്യ ടച്ചില്‍ തന്നെ റൊണാള്‍ഡോ മലാഗയുടെ വലകുലുക്കി. ഹെര്‍ണാണ്ടസിന്റെ പിഴവാണ് ഗോളിനു കാരണമായത്. ഹെര്‍ണാണ്ടസിന്റെ ക്ലിയറന്‍സ് നേരെ ഇസ്കോയുടെ കാലുകളില്‍. ഇസ്കോ പന്ത് നേരേ പ്രതിരോധക്കാരുടെ ഇടയില്‍നിന്ന റൊണാള്‍ഡോയ്ക്കു നല്കി.
അവിടെനിന്ന് പന്തുമായി ഓടിക്കയറിയ പോര്‍ച്ചുഗീസ് താരം ഗോള്‍കീപ്പര്‍ കാര്‍ലോസ് കാമെനിയെ വെട്ടിച്ച് ഗോളടിച്ചു. ഇതിനുശേഷം റയലില്‍നിന്ന് ലീഡിനുള്ള നീക്കമുണ്ടായി. 13-ാം മിനിറ്റില്‍ മലാഗയുടെ സാന്‍ഡ്രോ റാമിറസ് വലയിലേക്കു തൊടുത്ത ഷോട്ട് കെയ്ലര് നവാസ് രക്ഷപ്പെടുത്തി.
എട്ട് മിനിറ്റ് കഴിഞ്ഞപ്പോള്‍ റാമിറസ് മികച്ചൊരു ഫ്രീകിക്കിലൂടെ ഒരിക്കല്‍ക്കൂടി റയലിന്റ വല ലക്ഷ്യമിട്ടെങ്കിലും നവാസ് അതും തട്ടിയകറ്റി. ഇതോടെ റയല്‍ നിലയുറപ്പിച്ചു. സെര്‍ജിയോ റാമോസിന്റെ ഹെഡര്‍ ബാറിനു മുകളിലൂടെ പോയി. റൊണാള്‍ഡോയുടെ സുന്ദരമായ ഒറ്റയാന് മുന്നേറ്റം കാമെനി രക്ഷിച്ചു.
കളി അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോര്‍ച്ചുഗീസ് നായകന്റെ ഗോള്‍ ശ്രമത്തെ കാമെനി ഒരിക്കല്‍കൂടി തടഞ്ഞു. ബെന്‍സമയുടെ ക്ലോസ് റേഞ്ച് ശ്രമവും തടഞ്ഞ് മലാഗ ആദ്യ പകുതി മികച്ചതാക്കി. ഇതിനിടെ സാന്ഡ്രോയ്ക്കു രണ്ടവസരംകൂടി കിട്ടിയെങ്കിലും പന്ത് വലയിലെത്തിയില്ല. നേരിട്ട് കോര്‍ണറില്‍നിന്ന് വന്ന പന്ത് നവാസ് കുത്തിയകറ്റി. രണ്ടാമത്തെ ശ്രമം ബാറിനു മുകളിലൂടെ പറന്നു.
രണ്ടാം പകുതി തുടങ്ങി പത്ത് മിനിറ്റായപ്പോള്‍ റയലിന്റെ ജയം ഉറപ്പാക്കിക്കൊണ്ട് ഗോളെത്തി. ടോണി ക്രൂസെടുത്ത കോര്‍ണര്‍ കിക്ക് റാമോസിനു ഗോളാക്കാനായില്ല. റാമോസിന്റെ ശ്രമം കാമെനിക്കു കൈയിലൊതുക്കാനായില്ല. റീബൗണ്ടായി വന്ന പന്ത് ബെന്‍സമ വലയിലാക്കി. തിരിച്ചടിക്കാനുള്ള മലാഗയുടെ ശ്രമങ്ങള്‍ വിജയിച്ചുമില്ല. 38 കളിയില്‍ 93 പോയിന്റാണ് റയലിന്.
ലാലിഗയിൽ നിന്ന് റയൽ മാഡ്രിഡ്, ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, സെവിയ്യ എന്നീ ടീമുകൾ ചാന്പ്യൻസ് ലീഗിനു യോഗ്യത നേടിയപ്പോൾ യൂറോപ്പ ലീഗിൽ കളിക്കുന്നത് വിയ്യാറയലാണ്.
ബാഴ്സലോണ 4-ഐബര്‍ 2
പിന്നില്‍നിന്ന് തിരിച്ചുവന്ന് ബാഴ്സലോണ 4-2ന് ഐബറെ തോല്‍പ്പിച്ചു. ന്യൂകാമ്പില്‍ നടന്ന ലീഗ് സീസണിലെ അവസാന മത്സരത്തില്‍ തോല്‍വിയെ ഉറ്റുനോക്കിയ ബാഴ്സലോണ ജയം തട്ടിയെടുക്കുകയായിരുന്നു. കിരീടം നേടാന്‍ ബാഴ്സലോണയ്ക്ക് ഈ ജയം പോരായിരുന്നു. റയല്‍ തോറ്റാല്‍ മാത്രമേ ബാഴ്സലോണയ്ക്കു കിരീടം നിലനിര്ത്താനാകുമായിരുന്നുള്ളൂ.
രണ്ടാം പകുതിയില്‍ നേടിയ നാലു ഗോളുകള്‍ ബാഴ്സയ്ക്കു ജയമൊരുക്കി.
ജാപ്പനീസ് മിഡ്ഫീല്‍ഡര്‍ തകാഷി ഇനുയി ഏഴാം മിനിറ്റില്‍ ബാഴ്സലോണയെ ഞെട്ടിച്ചു കൊണ്ട് ഗോളടിച്ചു. പിന്നെ 61-ാം മിനിറ്റില്‍ ഇനുയി രണ്ടാം ഗോളും നേടിയതോടെ ബാഴ്സലോണ തോല്‍വിയിലേക്കെന്ന് കരുതി. എന്നാല്‍ ഐബറിന്റെ പ്രതിരോധത്തിലെ ഡേവിഡ് ജുന്കയുടെ (63)സെല്‍ഫ് ഗോളോടെ ബാഴ്സലോണ തിരിച്ചുവരാനുള്ള ശ്രമം ആരംഭിച്ചു.
പിന്നാലെ ലയണല്‍ മെസി പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. എന്നാല്‍ 73-ാം മിനിറ്റില്‍ സുവാരസ് സ്കോര്‍ സമനില പിടിച്ചു. തൊട്ടടുത്ത മിനിറ്റില്‍ ആന്‍ഡെര്‍ കാപ പെനാല്‍റ്റി ബോക്സില്‍ വരുത്തി ഫൗള്‍ രണ്ടാം മഞ്ഞക്കാര്ഡിലേക്കും പുറത്താക്കലിനും വഴിയൊരുക്കി. ഇത്തവണ മെസി (75) പന്ത്് വലയിലാക്കി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി വല കുലുക്കി മെസി വിജയം ഗംഭീരമാക്കി. 38 കളിയില്‍ 90 പോയിന്റാണ് ബാഴ്സലോണയ്ക്ക്.
ഹൈലൈറ്റ്സ്
ലാ ലിഗ കിരീടമില്ലാതെയുള്ള റയലിന്റെ ഏറ്റവും വലിയ കാത്തിരിപ്പിന് (നാലു സീസണു ശേഷം) അന്ത്യംലാ ലിഗയില്‍ ആദ്യമായി റയല്‍ എല്ലാ മത്സരങ്ങളിലും സ്കോര്‍ ചെയ്തു. ലാ ലിഗ ചരിത്രത്തില്‍ ഇതാദ്യംറയല് നേടിയ ആകെ ഗോളുകളില്‍ 58 എണ്ണം എവേ മത്സരങ്ങളിലാണ്. റയലിന്റെ മികച്ച നേട്ടമാണിത്.റയല്‍ അവസാനം കളിച്ച 64 മത്സരങ്ങളിലും ഗോള്‍ നേടി. യൂറോപ്യന്‍ ലീഗില്‍ ഇത് ആദ്യ സംഭവമാണ്.
പ്രധാന അഞ്ചു യൂറോപ്യന്‍ ലീഗുകളുടെ കാര്യം പരിഗണിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന റിക്കാര്‍ഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്; 369 ഗോളുകള്‍. ഇംഗ്ലണ്ടിലും ഇറ്റലിയിലുമായി കളിച്ച ജിമ്മി ഗ്രീവ്സിന്റെ (366) റിക്കാര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.
റയലിന്റെ 19 താരങ്ങള്‍ ഈ സീസണില്‍ ഗോളുകള്‍ നേടി.
റയല്‍ മാഡ്രിന്റെ മുന്‍ താരമായി പിന്നീട് പരിശീലകനായി ലാ ലിഗ കിരീടം നേടുന്ന ആറാമത്തെയാളാണ് സിനദിന്‍ സിദാന്. ബേണ്ട് ഷൂസ്റ്റര്‍, വിതന്റെ ഡെല്‍ ബോസ്ക്, ഹോര്‍ഹെ വല്‍ഡാനോ, ലൂയിസ് മൊളോണി, മിഗ്വല്‍ മുനോസ് എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍