കൊച്ചി: പിറവം സ്വദേശിനിയായ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയെ കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനാ ഫലം കിട്ടിയാലുടന്‍ കുറ്റപത്രം നല്കാന്ഒരുങ്ങി ക്രൈംബ്രാഞ്ച്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന് ബേബി അലക്സാണ്ടറില്‍നിന്നു പിടിച്ചെടുത്ത ഫോണിലെ മായ്ച്ചു കളഞ്ഞ ഉള്ളടക്കത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണു ലഭിക്കാനുള്ളത്. മരണം ആത്മഹത്യതന്നെയെന്നു ക്രൈംബ്രാഞ്ച് അന്വേഷണസംഘം സ്ഥിരീകരിച്ചു.
ആത്മഹത്യയിലേക്കു പെട്ടെന്നു നയിച്ച പ്രകോപനമെന്തെന്ന വിവരമാണു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍നിന്നു പ്രതീക്ഷിക്കുന്നത്. ഗോശ്രീ പാലത്തില്‍നിന്നു മിഷേല്‍ കായലിലേക്കു ചാടുന്നതു കണ്ട ആരെയെങ്കിലും കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ഏറെ ശ്രമിച്ചെങ്കിലും ഇതുവരെ ദൃക്സാക്ഷികളാരും രംഗത്തുവന്നിട്ടില്ല. മിഷേലിനെ ഗോശ്രീ പാലത്തിനു മുകളില്‍ കണ്ടതായും പിന്നീട് കാണാതായതായും വൈപ്പിന്‍ സ്വദേശി അമല്‍ ലോക്കല്‍ പോലീസിനു നല്കിയ സാക്ഷിമൊഴി ക്രൈംബ്രാഞ്ചും വിശ്വാസത്തിലെടുത്തിട്ടുണ്ട്.
ഹൈക്കോടതി പരിസരത്തുനിന്നു ലഭിച്ച സിസി ടിവി ദൃശ്യങ്ങള്‍ ഈ മൊഴിക്കു ബലം നല്‍കുന്നതാണ്. ദേഹത്തു പരുക്കേറ്റതിന്റെ അടയാളങ്ങളില്ലെന്നതും മറ്റേതെങ്കിലും തരത്തിലുള്ള ദേഹോപദ്രവങ്ങള്‍ നടന്നിട്ടില്ലെന്നതും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
സംഭവ ദിവസം വഴക്കുണ്ടാകുകയും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തശേഷം തിങ്കളാഴ്ച വിവരമറിയും എന്ന മുന്നറിയിപ്പോടെ മിഷേല്‍ ഫോണ്‍ ഓഫ് ചെയ്തുവെന്ന വിവരം ക്രോണിന് സമ്മതിക്കുന്നുണ്ട്. ഇത് ആത്മഹത്യയിലേക്കുള്ള സൂചനയായിത്തന്നെയാണു ക്രൈംബ്രാഞ്ചും കരുതുന്നത്. മാര്‍ച്ച് അഞ്ചിനു വൈകിട്ട് കലൂര്‍ പള്ളിയിലേക്കെന്നു പറഞ്ഞു ഹോസ്റ്റലില്നിന്നിറങ്ങില മിഷേലിന്റെ മൃതദേഹം പിറ്റേന്നു വൈകിട്ട് കൊച്ചിക്കായലില്‍ കണ്ടെത്തുകയായിരുന്നു. 15നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.