വിഴിഞ്ഞം: രാത്രി മുഴുവൻ നീണ്ട റോഡുപരോധത്തിനും പ്രതിഷേധത്തിനുമൊടുവിൽ തെരുവ് നായ്ക്കൾ കടിച്ച് കൊന്ന പുല്ലുവിള സ്വദേശി ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ചർച്ചിൽ നടന്ന പ്രാർഥനകൾക്ക് ശേഷം രാവിലെ പത്തോടെ പളളിയങ്കണത്തിലെ സെമിത്തേരിയിലാണ് സംസ്കരിച്ചത്.
പോസ്റ്റമോർട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം ആറരയോടെ എത്തിച്ച മൃതദേഹം മൊബൈൽ മോർച്ചറിയിൽ സൂക്ഷിച്ച പ്രതിഷേധക്കാർ പുല്ലുവിള ജംഗ്ഷനിൽ നടുറോഡിൽ വച്ച് ഉപരോധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടർന്ന് എത്തിയ ജില്ലാ കളക്ടർ രാത്രിയിൽ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയും തീരുമാനവും ഒരു വിഭാഗത്തിന് സ്വീകാര്യമായില്ല.തർക്കം തുടർന്നതോടെ ഉപരോധവും നീണ്ടു പോയി.
ലൈറ്റുകൾ പ്രകാശിപ്പിച്ച് രാത്രി മുഴുവൻ നാട്ടുകാർ മൃതദേഹത്തിന് കാവലിരുന്നു .സമരം നീണ്ടു പോയാൽ പ്രശ്നം വഷളാകുമെന്ന് മനസിലാക്കിയ പൊതുപ്രവർത്തകരും ഇടവകക്കാരും ഇടപെട്ടതോടെ ഇന്ന് രാവിലെ ഏഴരയോടെ ഉപരോധം അവസാനിപ്പിച്ചു.തുടർന്ന് മൃതദേഹം പ്രാർഥനക്കായി പള്ളിയിലേക്ക് മാറ്റി.
ജോസ്ക്ലിന്റെ മരണവാർത്തയറിഞ്ഞ ഇന്നലെ രാവിലെ മുതൽ രോഷാകുലരായ നാട്ടുകാർ തടഞ്ഞിട്ട കെഎസ്ആർടിസി ബസ് ,ടിപ്പർ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ചലിക്കാൻ ഇന്ന് രാവിലെ വരെ കാത്തിരിക്കേണ്ടി വന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ കടുത്ത അവഗണനയാണ് സമരം നീണ്ടു പോകാൻ വഴിയൊരുക്കിയത്. ഏറ്റവും ഗുരുതരമായ പ്രശ്നമെന്ന കണക്കെ ജനം ഏറ്റെടുത്ത പ്രതിഷേധം തണുപ്പിക്കാൻ ബണ്ഡ പ്പെട്ടവർ ആരും തിരിഞ്ഞ് നോക്കിയില്ല. ജില്ലാ കളക്ടർ വരെ എത്തിയത് രാത്രി എട്ട് മണിക്ക് ശേഷമാണ്.