വേലൂപ്പാടം: കള്ളിച്ചിത്ര പുനരധിവാസസമരത്തിന്റെ ഭാഗമായി ആദിവാസി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ പാലപ്പിള്ളി റേഞ്ച് ഓഫീസ് പടിക്കൽ അനിശ്ചിതകാല കുടിൽകെട്ടി സമരം ആരംഭിച്ചു. ആനപ്പാന്തം ആദിവാസി ഉൗരിൽനിന്നാരംഭിച്ച പ്രചരണജാഥ സമരസമിതി കോ-ഓർഡിനേറ്റർ എം.എൻ. പുഷ്പൻ ഉദ്ഘാടനം ചെയ്തു. പാലപ്പിള്ളിയിൽ കുടിൽകെട്ടി സമരം മനുഷ്യാവകാശപ്രവർത്തകൻ ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ ടി.വി. സജീവൻ കള്ളിച്ചിത്ര അധ്യക്ഷത വഹിച്ചു. എം.എൻ. പുഷ്പൻ, പി.കെ. വേണു, കടപ്പറ്റ ഉൗരുമൂപ്പൻ വേലായുധൻ എന്നിവർ പ്രസംഗിച്ചു.
ചിമ്മിനി ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഡാമിന്റെ നിർദ്ദിഷ്ട പ്രദേശത്ത് നൂറ്റാണ്ടുകളായി അധിവസിച്ചിരുന്ന കള്ളിച്ചിത്ര ഉൗരുവാസികൾക്ക് പുനരധിവാസവും കൃഷിഭൂമിയും സർക്കാർ ജോലിയും വാഗ്ദാനം ചെയ്ത് മാറ്റിപ്പാർപ്പിച്ചെങ്കിലും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് സമരസമിതി ആരോപിച്ചു.
1986 മുതൽ നടത്തിയ സമരങ്ങളുടെ ഭാഗമായി ഒന്നാംഘട്ടത്തിൽ പുനരധിവാസപ്രശ്നം പരിഹരിക്കപ്പെട്ടു. തുടർന്നു നടന്ന സമരങ്ങൾക്കും നിയമയുദ്ധങ്ങൾക്കും ഒടുവിൽ 2016ൽ മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഭൂമിയും തൊഴിലും സർക്കാർ അനുവദിക്കുമെന്ന് ഉറപ്പു നൽകി. ഈ തീരുമാനം സർക്കാർ നടപ്പാക്കാതിരുന്നതിനെത്തുടർന്ന് കോടതിയെ സമീപിക്കുകയും പ്രശ്നം 2016 നവംബറിൽ പരിഹരിക്കുന്നതിന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
എന്നാൽ ഉത്തരവു നടപ്പിലാക്കിയില്ലെന്നും, വനംവകുപ്പിനു ആദിവാസികൾക്കു നൽകാൻ ഭൂമിയില്ലെന്നും കാട്ടി അപ്പീൽ നൽകിയതായും സമരസമിതി കുറ്റപ്പെടുത്തി. നൂറു കണക്കിന് ഏക്കർ വനഭൂമി വൻകിട കന്പനികളുടെ കൈവശം ഉള്ളപ്പോഴാണ് ഭൂമിയില്ലെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നത്. ഈയൊരു സാഹചര്യത്തിലാണ് സംയുക്തസമരസമിതി അനിശ്ചിതകാല പുനരധിവാസ സമരം ആരംഭിച്ചത്. ഡിവൈഎസ്പി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.