തിരുവനന്തപുരം: കൃഷി വകുപ്പിലെ ഐഎഎസ് പോര് മറനീക്കി പുറത്ത്. കൃഷിവകുപ്പ് ഡയറക്ടർ ബിജുപ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്ന് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജുനാരായണ സ്വാമി പറഞ്ഞു. ഇതിന് രേഖകളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജുപ്രഭാകർ അവധിക്ക് അപേക്ഷ നൽകിയതിനു പിന്നാലെയാണ് രാജു നാരായണസ്വാമി രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തിയത്. ഹോർട്ടി കൾച്ചർ മിഷന്റെ പരശീലന പരിപാടിയിൽ വിദേശ സംഘം പങ്കെടുത്തത് നിയമപ്രകാരമല്ലെന്നു പറഞ്ഞ സ്വാമി ഹോട്ടി കോർപ്പിൽ ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് ബിജുപ്രഭാകർ നിയമനം നടത്തിയിട്ടുണ്ടെന്നും ഇത് ചട്ടലംഘനമാണെന്നും ചൂണ്ടിക്കാട്ടി.
ചട്ടങ്ങൾ പാലിച്ച് ജോലി ചെയ്താലും തന്നെ വിജിലൻസ് കേസുകളിലടക്കം കുടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ബിജു പ്രഭാകർ അവധിക്ക് അപേക്ഷ നൽകിയത്. കൃഷിവകുപ്പിൽ തുടരാൻ താത്പര്യമില്ലെന്നും അവധിക്കുള്ള അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഹോർട്ടി കൾച്ചർ മിഷന്റെ പരശീലനപരിപാടിയിൽ വിദേശ വിദഗ്ധനെ പങ്കെടുപ്പിച്ചത് സംസ്ഥാനത്തിന് ഗുണകരമാകട്ടെയെന്ന് കരുതിയാണെന്നും ബിജുപ്രഭാകർ വ്യക്തമാക്കിയിരുന്നു.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിനാണ് ബിജു പ്രഭാകർ അവധി അപേക്ഷ നൽകിയത്. വകുപ്പിൽ നിന്ന് തന്നെ മാറ്റാത്ത പക്ഷം അവധി നീട്ടാനും ഉദ്ദേശിക്കുന്നുണ്ടെന്ന് ബിജു പ്രഭാകർ വ്യക്തമാക്കിയിരുന്നു