അന്പലപ്പുഴ: അന്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്ന് കാണാതായ നവരത്നം പതിച്ച പതക്കം കണ്ടെടുക്കാനായി മൂന്നാമത്തെ കിണർ വറ്റിച്ചും പരിശോധന നടത്തിയെങ്കിലും പതക്കം കണ്ടെടുക്കാനായില്ല. ഇന്നലെ രാവിലെയാണ് തന്ത്രി മാളികയ്ക്കു മുന്നിലുള്ള കിണർ ആലപ്പുഴയിൽ നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സംഘം പരിശോധിച്ചത്.
രണ്ടു മണിക്കൂറുകളോളം പരിശോധന നടത്തിയെങ്കിലും കാണാതായ പതക്കം കണ്ടെടുക്കാനായില്ല. മേൽശാന്തിമാർ താമസിക്കുന്ന കെട്ടിടത്തിനു മുന്നിലാണ് ഈ കിണർ. ഉൗട്ടുപുരയോടു ചേർന്നുള്ള ഈ കിണർ മേൽശാന്തിമാരും തന്ത്രിമാരും മാത്രം ഉപയോഗിക്കുന്നതാണ്.
രണ്ടാഴ്ചമുന്പ് പാൽപ്പായസ കിണറും മൂന്നു ദിവസം മുന്പ് ഗുരുവായൂരപ്പൻ നടയ്ക്കു സമീപത്തെ കിണറും വറ്റിച്ച് പരിശോധന നടത്തിയിരുന്നുവെങ്കിലും പതക്കം കണ്ടെത്തിയിരുന്നില്ല. തുടർന്ന് തെക്കേ നടയിൽ തന്ത്രിമാർ മാത്രം ഉപയോഗിക്കുന്ന കുളം വറ്റിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ഇന്നലെ രാവിലെയാണ് തന്ത്രി മാളികയ്ക്കു മുന്നിലുള്ള കിണർ വറ്റിക്കാൻ തീരുമാനമെടുത്തത്.
ഫയർഫോഴ്സ് സംഘം കിണറ്റിലിറങ്ങി മോട്ടോർ ഘടിപ്പിച്ചാണ് വെള്ളം വറ്റിച്ചത്. കിണറ്റിനുള്ളിൽ ഓക്സിജൻ സിലിണ്ടറും കരുതിയിരുന്നു. വെള്ളം വറ്റിച്ചതിനുശേഷം കിണറ്റിനുള്ളിൽനിന്ന് ചെളിയും പുറത്തെടുത്ത് പരിശോധന നടത്തി. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്.